പഞ്ചാബിൽ ആരാണ് പാവപ്പെട്ടവരുടെ പ്രതിനിധി?
text_fieldsപൊടുന്നനെ പഞ്ചാബിലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന നിയമസഭ മണ്ഡലമായി മാറിയിരിക്കുന്നു ബർണാല ജില്ലയിലെ ഭദാഊർ. മാൽവ മേഖലയിലെ ഈ സീറ്റിൽ നിന്നാണ് നിലവിലെ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി ജനവിധി തേടുന്നത്. എതിരാളിയായി ആംആദ്മി പാർട്ടി കളത്തിലിറക്കിയിരിക്കുന്നത് ലാഭ്സിങ് എന്ന 35 വയസ്സുകാരനെ.
ഭദാഊർ ശ്രദ്ധേയമാവാൻ രാഷ്ട്രീയവും ചരിത്രപരവുമായ കാരണം കൂടിയുണ്ട് 1952ൽ അന്നത്തെ പട്യാല-കിഴക്കൻ പഞ്ചാബ് സംസ്ഥാന നിയമസഭയിലേക്ക് ആദ്യമായി നടന്ന തെരഞ്ഞെടുപ്പോളം പഴക്കമുള്ള ഒരു കാരണം.
ആ തെരഞ്ഞെടുപ്പിൽ നിർപാൽ സിങ് രാജാവും ഭൂരഹിത കർഷകപ്രതിനിധി അർജുൻ സിങ്ങും തമ്മിലായിരുന്നു മത്സരം. നിർപാൽ സിങ്ങിന് കൊട്ടാരങ്ങളും കാറുകളും വൻ സമ്പത്തുമെല്ലാമുണ്ടായിരുന്നു. സ്വാഭാവികമായി പ്രചാരണവും അത്ര പണക്കൊഴുപ്പോടെ തന്നെ. ലക്ഷം രൂപയാണ് അന്നത്തെ കാലത്ത് ചെലവഴിച്ചത്. സി.പി.ഐ സ്ഥാനാർഥിയായ അർജുൻ സിങ് കാളവണ്ടിയിൽ സഞ്ചരിച്ചാണ് വോട്ടർമാരെ കണ്ടത്. ആൾബലവും പണസ്വാധീനവുമെല്ലാമുണ്ടായിട്ടും രാജാവിനെ തോൽപ്പിച്ച് സഖാവ് അർജുൻ സിങ്ങാണ് വൻഭൂരിപക്ഷത്തിൽ വിജയം കണ്ടതെന്നും വോട്ടർമാർ തന്നെ വിജയിപ്പിച്ച് 1952ലെ ചരിത്രം ആവർത്തിക്കുമെന്നും ലാഭ്സിങ് പറയുന്നു.
മുഖ്യമന്ത്രി അവകാശപ്പെടുന്നത് താൻ ഗരീബ് ഘർ കാ ബേട്ടാ (പാവപ്പെട്ട കുടുംബത്തിലെ സന്താനം) ആണെന്നാണ്. ലാഭ്സിങ് വോട്ടർമാരോട് പറയുന്നതും തന്റെ വിനയാന്വിതമായ പശ്ചാത്തലത്തെപ്പറ്റിത്തന്നെ. മൊബൈൽഫോൺ റിപ്പയറിങ് കട നടത്തുന്ന തന്റെ ആകെ സമ്പാദ്യം 2014 മോഡൽ ഹീറോ ഹോണ്ട മോട്ടോർ സൈക്കിളാണെന്ന് സത്യവാങ്മൂലത്തിലും ചേർത്തിരിക്കുന്നു. പിതാവ് ഡ്രൈവറാണ്, മാതാവ് ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ തൂപ്പുകാരിയും.
മുഖ്യമന്ത്രിയുടെയും സുരക്ഷ ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾ മണ്ഡലത്തിൽ തലങ്ങും വിലങ്ങുമോടുമ്പോൾ ബസ്സ്റ്റാൻഡിൽ നിന്നും ബസുകൾ കയറിയിറങ്ങിയും ആളുകളെ കണ്ടുമാണ് ലാഭ്സിങ്ങിന്റെ വോട്ടുപിടിത്തം. ഓരോ ബസിലും 50 യാത്രക്കാരെങ്കിലുമുണ്ടാവുമെന്നും അവരെ നേരിൽ കണ്ട് ഇടപഴകാൻ കഴിയുന്നത് നേട്ടമാകുമെന്നും അദ്ദേഹം കരുതുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റാലികൾ നിരോധിച്ച തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനവും അനുഗ്രഹമായി.
അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരകാലത്താണ് ലാഭ്സിങ് ആംആദ്മി പാർട്ടിയിൽ ചേർന്നത്. പരമ്പരാഗതമായി ശിരോമണി അകാലിദൾ സ്ഥാനാർഥികളെ ജയിപ്പിച്ചു പോന്ന മണ്ഡലമാണിത്. 1969ലും 2012ലും മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയിലെ പിർമൽ സിങ് ധൗല വിജയം കണ്ടു. എന്നാൽ ഇപ്പോൾ ധൗല പാർട്ടി വിട്ട് കോൺഗ്രസിൽ ചേക്കേറിയിരിക്കുന്നു. ധൗലയുടെ പാർട്ടി മാറ്റം അദ്ദേഹത്തിന് നഷ്ടം വരുത്തിവെച്ചുവെന്നും തനിക്ക് ക്ഷീണമുണ്ടാക്കില്ലെന്നും ആപ് സ്ഥാനാർഥി പറയുന്നു.
ആംആദ്മി പാർട്ടിയുടെ ശക്തി കേന്ദ്രമാണ് മാൽവ മേഖല. നിലവിലെ 20 നിയമസഭാംഗങ്ങളിൽ 18 പേരെയും ജയിപ്പിച്ചെടുത്തത് ഇവിടെ നിന്നാണ്. അവരുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവത് മന്നിനെ രണ്ടുവട്ടം തുടർച്ചയായി പാർലമെൻറിലെത്തിച്ച സംഗ്റൂർ ലോക്സഭ മണ്ഡലത്തിലാണ് ഭദാഊറും. ധുരി മണ്ഡലത്തിൽ നിന്ന് ഇക്കുറി നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ട് മൻ.
ലാഭ്സിങ്ങും പിതാവും കർഷക സമരത്തിൽ സജീവമായിരുന്നു. മാൽവ മേഖല ഒട്ടാകെ കർഷക സമരം നടന്ന ടിക്റി അതിർത്തിയിലുമായിരുന്നു. മാനും ആപ്പിന്റെ പരമോന്നത പ്രചാരകൻ അരവിന്ദ് കെജ്രിവാളുമെല്ലാം ഏറ്റവും കൂടുതൽ സമയം ചെലവിടുക ഭദാഊറിലാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.