ബി.ജെ.പിയെ പുറത്താക്കാൻ അംബേദ്കർ അനുഭാവികളെ എസ്.പിയിലേക്ക് ക്ഷണിച്ച് അഖിലേഷ് യാദവ്
text_fieldsലഖ്നോ: ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പാർട്ടി നടത്തുന്ന ശ്രമങ്ങളിൽ അംബേദ്ക്കർ അനുയായികളും പങ്കുചേരണമെന്ന ആവശ്യവുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബി.ജെ.പിയെ പുറത്താക്കുന്നതോടൊപ്പം ജനാധിപത്യത്തെയും, ജനങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കാൻ സാധിക്കുമെന്നും അഖിലേഷ് പറഞ്ഞു. രാഷ്ട്രീയ ലോക് ദൾ പ്രസിഡന്‍റ് ജയന്ത് ചൗധരിയുമായി ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്.പിയുമായി സഖ്യം ചേർന്ന് പ്രവർത്തിച്ച ബി.എസ്.പി നേതാവ് മായാവതിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ രാജ്യത്തിന്‍റെ അവസ്ഥ എന്താകുമെന്ന ആശങ്കയും അഖിലേഷ് പങ്കുവച്ചു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന നിരവധി അനുയായികൾ എസ്.പിക്കുണ്ട്. പച്ചയും, ചുവപ്പും വെള്ളയും നീലയും ഉൾപ്പെടെ വിവിധ വർണ്ണങ്ങളുള്ള മനുഷ്യരാണ് എസ്.പിയിലുള്ളതെന്നും അഖിലേഷ് പറഞ്ഞു.
മാർച്ച് 10ന് തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്ന ശേഷം വികാരമുണർത്തുന്നവരെ സമാധാനിപ്പിക്കുമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനയെ അഖിലേഷ് പരിഹസിച്ചു. യോഗി ആദിത്യനാഥ് യു.പിയിലെ ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നും കംപ്രസ്സർ അല്ലെന്നും അഖിലേഷ് പ്രതികരിച്ചു. എസ്.പിക്ക് യു.പിയിൽ സർക്കാർ രൂപീകരിക്കാൻ സാധിച്ചാൽ സംസ്‍ഥാനത്ത് ആശങ്കകൾക്ക് സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇനി മുഖ്യമന്ത്രിയാകാൻ സാധ്യതയില്ലാത്തതിനാൽ യോഗി ആദിത്യനാഥ് സ്വയം സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പിയിൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നും നിരവധി പേരാണ് എസ്.പിയിലെത്തുന്നത്. ഇത് ബി.ജെ.പിയെ പ്രകോപിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് മറ്റൊരു മുഖ്യമന്ത്രിമാരും പ്രയോഗിക്കാത്ത ഭാഷയിൽ യോഗി പല പ്രസ്താവനകൾ നടത്തുന്നതെന്നും അഖിലേഷ് പറഞ്ഞു. യോഗി ഭീഷണിപ്പെടുത്തുന്നതിനനുസരിച്ച് എസ്.പി ശക്തിയായി മുന്നേറുകയാണ്. യു.പിയിലെ ജനങ്ങളുടെ വികാരം യോഗിക്ക് ഇനിയും മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.