യു.പിയിൽ ജാട്ട് പിന്തുണ ഉറപ്പാക്കാൻ പ്രത്യേക യോഗം വിളിച്ച് അമിത്ഷാ
text_fieldsഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പിന്തുണ ഉറപ്പാക്കാനായി ജാട്ട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യാൻ, എംപിമാരായ സത്യപാൽ സിങ്, പർവേശ് വർമ എന്നിവരും യോഗത്തിൽ പങ്കെടുത്തു. 200 ജാട്ട് നേതാക്കളെയാണു യോഗത്തിനു ക്ഷണിച്ചത്.
ബി.ജെ.പി ഏറെ വെല്ലുവിളി നേരിടുന്ന പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ള നേതാക്കളാണ് യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടവരിൽ ഏറെയും. കർഷക സമരവുമായി ബന്ധപ്പെട്ടു ജാട്ട് വിഭാഗം ബി.ജെ.പിയോട് ഇടഞ്ഞ് നിൽക്കുകയാണ്. ജാട്ട് വിഭാഗത്തെ അനുനയിപ്പിച്ചു കൂടെ നിർത്താനാണ് അമിത് ഷായുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.
ജാട്ട് സമുദായത്തിനായി വിളിച്ചുചേർത്ത യോഗത്തിനെ വിമർശിച്ച് രാഷ്ട്രീയ ലോക്ദൾ നേതാവ് ജയന്ത് ചൗധരി രംഗത്തെത്തി. 'ഈ ക്ഷണം എനിക്കല്ല, നിങ്ങൾ തകർത്തുകളഞ്ഞ 700 കർഷകകുടുംബങ്ങൾക്കാണു നിങ്ങൾ നൽകേണ്ടത്'- ജയന്ത് ചൗധരി പറഞ്ഞു.
കേന്ദ്രത്തിലും സംസ്ഥാനത്തും ജാട്ട് സമുദായത്തിന് ആനുപാതികമായ പ്രാതിനിധ്യം നൽകണമെന്നും ജാട്ട് വിഭാഗത്തിന് സംവരണം നൽകണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടതായി ഒരു ജാട്ട് പ്രതിനിധി പറഞ്ഞു. ഉന്നയിച്ച ആവശ്യങ്ങളോട് അമിത്ഷാ അനുകൂലമായാണ് പ്രതികരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.