അപ്നാദൾ പാർട്ടി ആശയപരമായി ബി.ജെ.പിയിൽനിന്ന് വ്യത്യസ്തരാണെന്ന് അനുപ്രിയ പട്ടേൽ
text_fieldsലഖ്നൗ: സഖ്യകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയിൽനിന്ന് അപ്നാ ദൾ (എസ്) ആശയപരമായി വ്യത്യസ്തരാണെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ. ഹിന്ദുത്വയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തന്‍റെ പാർട്ടിയുടെ ഭാഗമല്ലെന്നും മുസ്‍ലിം സ്ഥാനാർത്ഥികൾ തന്റെ പാർട്ടിക്ക് തൊട്ടുകൂടാത്തവരല്ലെന്നും അനുപ്രിയ വ്യക്തമാക്കി. ഫെബ്രുവരി 10 മുതൽ ആരംഭിക്കുന്ന ഏഴ് ഘട്ടങ്ങളായുള്ള ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് മൂന്ന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അനുപ്രിയയുടെ പ്രസ്താവന.
'ഞങ്ങൾ ബി.ജെ.പിയിൽനിന്ന് ആശയപരമായി വ്യത്യസ്തരാണ്. ആളുകൾ എന്നോട് ഹിന്ദുത്വയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ആ വിഷയങ്ങളിൽ നിന്നെല്ലാം ഞാൻ സ്വയം മാറിനിൽക്കുന്നു. എന്റെ പാർട്ടി മതത്തെ രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗിക്കാറില്ല. ഞങ്ങൾ സാമൂഹിക നീതിക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്, അതാണ് ഞങ്ങളുടെ പ്രത്യയശാസ്ത്രം' -വാർത്താ ഏജൻസിയായ പി.ടിഴഐയോട് അനുപ്രിയ പട്ടേൽ പറഞ്ഞു.
തെരുവിലായാലും പാർലമെന്റിലായാലും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കായി തങ്ങൾ എല്ലായ്‌പ്പോഴും പ്രവർത്തിച്ചിട്ടുണ്ടെന്നും പാർട്ടിയിലെ തത്വശാസ്ത്രത്തിലും സ്ഥാപക തത്വങ്ങളിലും ഉറച്ചുനിൽക്കുന്നതായും അവർ കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്നു അപ്നാ ദൾ.
മുതിർന്ന കോൺഗ്രസ് നേതാവ് ബീഗം നൂർ ബാനോയുടെ ചെറുമകൻ ഹൈദർ അലിയെ അപ്നാ ദൾ ഇത്തവണ തങ്ങളുടെ ആദ്യ മുസ്ലീം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. സമാജ്‌വാദി പാർട്ടിയുടെ മുതിർന്ന നേതാവ് അസം ഖാന്റെ മകൻ അബ്ദുല്ല അസം ഖാനെതിരെ സുവാറിലാണ് ഹൈദർ അലി മത്സരിക്കുന്നത്.
ഇതുവരെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്‌നാ ദൾ 13 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 11 സീറ്റുകളിൽ മത്സരിച്ച പാർട്ടി 9 സീറ്റുകളിലും വിജയിച്ചിരുന്നു. ലോക്‌സഭയിൽ അപ്നാദളിന് (എസ്) രണ്ട് എം.പിമാരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.