പച്ചതൊടാൻ പ്രിയങ്കയുടെ 'പെൺപോരാട്ടം'
text_fieldsലഖ്നോ: 'ഞാൻ പെൺകുട്ടി, എനിക്ക് പോരാടാനറിയാം' എന്ന പ്രചാരണ മുദ്രാവാക്യവുമായി യു.പിയിൽ മത്സരരംഗത്തുള്ള കോൺഗ്രസിന്റെയും സ്ഥാനാർഥി പട്ടികയിൽ 40 ശതമാനം വനിതസംവരണം പ്രഖ്യാപിച്ച പടനായിക പ്രിയങ്ക ഗാന്ധിയുടെയും പുതുതന്ത്രം പച്ചതൊടുമോ ?
പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ജയിലിൽ അടക്കപ്പെട്ട അഭിനേത്രി, ബലാത്സംഗ ഇരയുടെ മാതാവ്, സൗന്ദര്യ മത്സര ജേതാവ് എന്നിങ്ങനെ സ്ഥാനാർഥിപ്പട്ടികയിൽ പുതിയ ഭാവം കൊണ്ടുവന്ന കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും യു.പിയിൽ പാർട്ടിയുടെ അമരക്കാരിയുമായ പ്രിയങ്കയുടെ 'സ്ത്രീ സൗഹൃദ' സ്ഥാനാർഥിപ്പട്ടിക അലയൊലി സൃഷ്ടിക്കുമെന്നാണ് പാർട്ടി പ്രതീക്ഷ. സ്ത്രീസംവരണമെന്ന് വാക്ക് പാലിക്കുന്നതായിരുന്നു കോൺഗ്രസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്ഥാനാർഥിപ്പട്ടിക. ''കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾക്ക് ഏറെ സഹിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ, അവകാശങ്ങൾ പിടിച്ചുവാങ്ങാൻ ഇപ്പോൾ നിങ്ങൾ പോരാട്ടത്തിന് ഇറങ്ങുകതന്നെ വേണം''- പട്ടിക പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
വനിത സ്ഥാനാർഥികൾക്ക് ജനസംഖ്യാനുപാതികമായി സീറ്റു നൽകാൻ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ ഭൂരിഭാഗവും തയാറാവാറില്ല. നിയമനിർമാണ സഭകളിലെ വനിത സാന്നിധ്യത്തിന്റെ കണക്കെടുത്താൽ 193 രാജ്യങ്ങളിൽ 147മതാണ് ഇന്ത്യയുടെ സ്ഥാനമെന്ന് ഇന്റർ പാർലമെന്ററി യൂനിയന്റെ കണക്കുകൾ പറയുന്നു. 2017ലെ യു.പി തെരഞ്ഞെടുപ്പിൽ മുഴുവൻ പാർട്ടികളിലും കൂടി പത്തിലൊന്നിൽ താഴെ മാത്രമാണ് സംസ്ഥാനത്തെ വനിത സ്ഥാനാർഥികളുടെ എണ്ണം. 403 അംഗ സഭയിൽ 39 വനിതകൾ മാത്രമാണ് വിജയിച്ചത്. കഴിഞ്ഞ തവണ ഏഴു സീറ്റുമാത്രം നേടിയ കോൺഗ്രസിന് സ്ത്രീപക്ഷ മുദ്രാവാക്യം എത്രമാത്രം ഗുണംചെയ്യുമെന്ന് അറിയാൻ തെരഞ്ഞെടുപ്പ് കഴിയേണ്ടിവരുമെന്നാണ് നിരീക്ഷകർ പറയുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പാർട്ടി താഴേക്കു പോയ്ക്കൊണ്ടിരിക്കുന്ന യു.പിയിൽ ചെറിയ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞാൽപോലും കോൺഗ്രസിന് നേട്ടമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 107 പേരെ പ്രഖ്യാപിച്ച ബി.ജെ.പി സ്ഥാനാർഥിപട്ടികയിൽ 10 വനിതകളാണുള്ളത്. എസ്.പിയിലാകട്ടെ ഒരാളും.
വലിയ പ്രതീക്ഷയില്ലെങ്കിലും ഇത്തരമൊരു മനോഭാവ മാറ്റം ഗുണകരമാണെന്നാണ് ജവഹർലാൽ നെഹ്റു സർവകലാശാല പൊളിറ്റിക്കൽ സ്റ്റഡീസ് പ്രഫസർ സുധ പൈയുടെ അഭിപ്രായം. ''ഒരു പാർട്ടി ഇത്തരമൊരു വാഗ്ദാനം നടത്തിയാൽ മറ്റു പാർട്ടികൾ ഇതിന്റെ അടുത്തെത്താനെങ്കിലും ശ്രമിക്കും'' -സുധ പറഞ്ഞു. സംസ്ഥാനത്ത് കാര്യമായി സംഘടന സംവിധാനമില്ലാത്ത കോൺഗ്രസിന് ഈ മുദ്രാവാക്യം കൊണ്ട് എന്തെങ്കിലും മെച്ചമുണ്ടാകുമോ എന്നത് സംശയകരമാണെന്നും സുധ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.