മുസ്ലിംകളെ കൈയിലെടുക്കാൻ അമിത്ഷാ ഇന്ന് ദയൂബന്ദ് സന്ദർശിക്കും
text_fieldsലഖ്നോ: യുപി തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിംകളുടെ വോട്ട് പെട്ടിയിലാക്കാൻ കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് ദയൂബന്ദ് സന്ദർശിക്കും. പ്രശസ്ത ഇസ്ലാമിക പഠനകേന്ദ്രമായ ദാറുൽ ഉലൂം സ്ഥിതി ചെയ്യുന്ന മണ്ഡലമാണ് ദയൂബന്ദ്. കഴിഞ്ഞ ദിവസം ജാട്ട് സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനുപിന്നാലെയാണ് ഇവിടം സന്ദർശിക്കുന്നത്.
ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ മണ്ഡലത്തിൽ 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയായിരുന്നു വിജയിച്ചത്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കേന്ദ്രം എന്ന നിലയിലാണ് ഈ മണ്ഡലം കാണുന്നത്. ഏകദേശം മൂന്ന് ലക്ഷം വോട്ടർമാരുള്ള മണ്ഡലത്തിൽ 1.25 ലക്ഷം പേർ മുസ്ലിംകളാണ്. ഹിന്ദുക്കൾക്കിടയിൽ ഗുജ്ജറുകളും മറ്റ് ഒബിസി വിഭാഗങ്ങളുമാണ് അധികവും. ജാട്ടുകൾ കുറവാണ്.
പടിഞ്ഞാറൻ യുപിയിലെ സഹരൻപൂരിലെ 7 മണ്ഡലങ്ങളിൽ ഒന്നാണ് ദയൂബന്ദ്. 2017ൽ ഇതിൽ 4 സീറ്റും ബി.ജെ.പി നേടിയിരുന്നു. രണ്ടെണ്ണത്തിൽ കോൺഗ്രസും ഒരിടത്ത് എസ്പിയും വിജയിച്ചു. മുസഫർനഗർ, ഷാംലി, ബാഗ്പത് തുടങ്ങി പടിഞ്ഞാറൻ യുപിയിലെ മറ്റ് ഭാഗങ്ങളിൽ ജാട്ട് വെല്ലുവിളി നേരിടുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം സഹാറൻപൂരാണ് ഏറെപ്രതീക്ഷ നൽകുന്നത്. അമിത് ഷായുടെ സന്ദർശനത്തിലൂടെ ദയൂബന്ദ് സീറ്റ് നിലനിർത്താമെന്ന പ്രതീക്ഷ മാത്രമല്ല, സമീപ മണ്ഡലങ്ങളിൽ സ്വാധീനം ചെലുത്താനും ബി.ജെ.പി ലക്ഷ്യമിടുന്നു.
കർഷക സമരവുമായി ബന്ധപ്പെട്ടു ബി.ജെ.പിയോട് ഇടഞ്ഞ് നിൽക്കുന്ന ജാട്ട് വിഭാഗത്തെ അനുനയിപ്പിച്ചു കൂടെ നിർത്താനാണ് കഴിഞ്ഞ ദിവസം അമിത് ഷായുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പിന്തുണ ഉറപ്പാക്കാനായി 200 ജാട്ട് നേതാക്കളെയാണു യോഗത്തിനു ക്ഷണിച്ചത്. കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യാൻ, എംപിമാരായ സത്യപാൽ സിങ്, പർവേശ് വർമ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ബി.ജെ.പി ഏറെ വെല്ലുവിളി നേരിടുന്ന പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ള നേതാക്കളാണ് യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടവരിൽ ഏറെയും.
കേന്ദ്രത്തിലും സംസ്ഥാനത്തും ജാട്ട് സമുദായത്തിന് ആനുപാതികമായ പ്രാതിനിധ്യം നൽകണമെന്നും ജാട്ട് വിഭാഗത്തിന് സംവരണം നൽകണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടതായി ഒരു ജാട്ട് പ്രതിനിധി പറഞ്ഞു. ഉന്നയിച്ച ആവശ്യങ്ങളോട് അമിത്ഷാ അനുകൂലമായാണ് പ്രതികരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.