ജനങ്ങളുടെ അവകാശങ്ങൾ തകർക്കാനാണ് ബി.ജെ.പി സർക്കാർ തുടക്കം മുതൽ ശ്രമിക്കുന്നത് -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ യുവജന പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ ബി.ജെ.പിക്കതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പി ജനങ്ങളുടെ മൗലികാവകാശങ്ങളെ തകർക്കാനാണ് തുടക്കം മുതൽ ശ്രമിക്കുന്നതെന്നും പൗരന് അവകാശങ്ങളില്ലാത്ത രാജ്യം എങ്ങനെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി മാറുമെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
സുതാര്യതയാണ് ജനാധിപത്യത്തിൽ പ്രധാനം. ജനങ്ങൾക്ക് രാജ്യത്തെ സംവിധാനങ്ങളെ വിമർശിക്കാനും ചോദ്യം ചെയ്യാനും അധികാരമുണ്ട്. പോഷകം നിറഞ്ഞ ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള മേഖലയിൽ പഠനത്തിനും തൊഴിലിനും ഇന്ത്യൻ ഭരണഘടന പ്രകാരം പൗരന് അവകാശമുണ്ട്.
പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങളാണ് യു.പിയിലെ യുവാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തത്. എന്നാൽ, ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയ ശേഷം യു.പിയിൽ 24 മണിക്കൂറിനിടെ 880 ചെറുപ്പക്കാർക്ക് തൊഴിൽ നഷ്ടമാകുന്നുണ്ടെന്നാണ് കണക്ക്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 16 ലക്ഷം യുവാക്കൾക്കാണ് തൊഴിൽ നഷ്ടമായത്. പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങൾ നടപ്പിലാകാത്തതിന്‍റെ കാരണം രാജ്യത്തെ സ്വത്തുക്കൾ രണ്ടോ മൂന്നോ മുതലാളിമാരുടെ കൈകളിൽ മാത്രമായി പോയതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്‍റേത് പൊള്ളയായ വാഗദാനങ്ങളല്ല. തൊഴിൽ നൽകാമെന്ന് പറയുമ്പോൾ എങ്ങനെ തൊഴിൽ നൽകുമെന്ന് വ്യക്തമാക്കേണ്ടത് പാർട്ടിയുടെ കടമയാണ്. കോൺഗ്രസ് നിങ്ങൾക്ക് എത്ര ലക്ഷം തൊഴിലവസരങ്ങൾ തരുമെന്ന് വാഗ്ദാനം ചെയ്യുന്നതോടൊപ്പം എങ്ങനെ അവ നൽകുമെന്നത് പ്രകടന പത്രികയിൽ എഴുതിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.
കോൺഗ്രസിന്‍റെ യുവജന പ്രകടന പത്രിക യുവജനങ്ങളുടെ കാഴ്ചപ്പാടാണെന്നും അവരുമായി സംവദിച്ചാണ് തയാറാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്വേഷം പ്രചരിപ്പിക്കലല്ല, യു.പിയിലെ യുവജനതയുടെ കൈകോർത്ത് പുതിയ, ശക്തമായ യു.പിയെ നിർമിക്കാനാണ് ശ്രമമെന്നും രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.