കൈഫി ആസ്മി ചുവപ്പിച്ച മണ്ഡലത്തിൽ ബി.ജെ.പി-എസ്.പി പോര്
text_fieldsഅഅ്സംഗഢ്: കവിയും ഗാനരചയിതാവുമായ കൈഫി ആസ്മിയുടെ ജന്മനാട്ടിൽ പോരാട്ടം ബി.ജെ.പിയും സമാജ്വാദി പാർട്ടിയും തമ്മിൽ. യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഫൂൽപൂർ പോവെ. പിതാവും മകനും തമ്മിലാണ് ഇവിടെ മത്സരം.
ഒരുകാലത്ത് ഇടതുപാർട്ടികളുടെ കോട്ടയായിരുന്ന മണ്ഡലത്തിൽ ഇന്ന് സി.പി.ഐക്ക് സ്ഥാനാർഥിപോലുമില്ല. പാർട്ടി അംഗമായിരുന്ന കൈഫി ആസ്മിയുടെ പ്രവർത്തനഫലമായാണ് അഅ്സംഗഢ് ജില്ലയിലെ ഫൂൽപൂർ പോവെ ചുവപ്പുപുതച്ചത്. 1952 മുതൽ ജില്ലയിൽനിന്ന് നിരവധി എം.എൽ.എമാരും എം.പിമാരും സി.പി.ഐക്ക് ഉണ്ടായിരുന്നു. സി.പി.ഐ നേതാവ് ജയ്ബഹാദൂർ സിങ് രണ്ടു തവണയും ജാർഖണ്ഡേ റായ് മൂന്നുതവണയും എം.പിയായി. പക്ഷേ, കാലാന്തരത്തിൽ ഇടതുപാർട്ടികളുടെ പ്രഭാവം മങ്ങാൻ തുടങ്ങി. മണ്ഡൽ, അയോധ്യ വിവാദങ്ങളാണ് പാർട്ടിയെ ക്ഷയിപ്പിച്ചതെന്ന് സി.പി.ഐയുടെ മുതിർന്ന നേതാക്കൾ പറയുന്നു.
അഅ്സംഗഢ് ജില്ലയുടെ ഇടതു സ്വഭാവം നഷ്ടപ്പെടാൻ ജില്ലകളുടെ അതിർത്തി പുനഃക്രമീകരിച്ചതും കാരണമായി. 2002ൽ കൈഫി ആസ്മിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകളും ബോളിവുഡ് താരവുമായ ശബാന ആസ്മി പിതാവിന്റെ പാത പിന്തുടർന്ന് 'മിജ്വാൻ വെൽഫെയർ സൊസൈറ്റി' എന്ന സന്നദ്ധ സംഘടന രൂപവത്കരിച്ചു. ഗ്രാമീണ വനിതകളെ സ്വയം പര്യാപ്തരാക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, അതൊന്നും രാഷ്ട്രീയമായി ഇടതുപക്ഷത്തിന് ഗുണം ചെയ്തില്ല. കൈഫി ആസ്മി ജീവിച്ചിരുന്ന കാലത്തോളം ഇടത് ആശയങ്ങൾക്ക് മേഖലയിൽ വേരോട്ടമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അന്തരീക്ഷം മാറിമറിയുകയായിരുന്നു.
മാർച്ച് ഏഴിന് അവസാന ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഫൂൽപൂരിൽ ഇടതു പാർട്ടികൾക്ക് കാഴ്ചക്കാരുടെ റോളാണ്. ബി.ജെ.പിയുടെ അരുൺകാന്ത് യാദവാണ് നിലവിലെ എം.എൽ.എ. വീണ്ടും മത്സരിക്കുന്ന അരുൺകാന്തിന് എതിരാളി സ്വന്തം പിതാവ് രമാകാന്ത് യാദവാണ്. സമാജ്വാദി പാർട്ടിയാണ് രമാകാന്ത് യാദവിനെ നിർത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.