തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിന് പൊട്ടിക്കരഞ്ഞ് ബി.എസ്.പി നേതാവ്; നേതാക്കൾ കളിയാക്കിയെന്ന് -വിഡിയോ
text_fieldsലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പൊട്ടിക്കരഞ്ഞ് ബഹുജൻ സമാജ്‍വാദി പാർട്ടി നേതാവ്. സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബി.എസ്.പി നേതാവായ അർഷദ് റാണ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സീറ്റ് നിഷേധിച്ചതിനൊപ്പം പാർട്ടി നേതാക്കൾ തന്നെ കളിയാക്കിയെന്നും റാണ പറയുന്നു.
കഴിഞ്ഞ 24 വർഷമായി ബി.എസ്.പിക്കായി പ്രവർത്തിക്കുന്നു. 2022ലെ യു.പി തെരഞ്ഞെടുപ്പിൽ ചർത്താവാൽ മണ്ഡലത്തിൽനിന്ന് സീറ്റ് നൽകാമെന്ന് 2018ൽ ഔദ്യോഗികമായി വാക്ക് നൽകിയിരുന്നു. സീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതികരണം ലഭിച്ചിട്ടില്ലെന്നും റാണ പറഞ്ഞു.
'തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി 50 ലക്ഷം രൂപ നൽകണമെന്ന് പറഞ്ഞു. ഞാൻ 4.5ലക്ഷം രൂപ കൈമാറി' -റാണ പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച ബി.എസ്.പി നേതാവ് മായാവതി രണ്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ചാർത്താവാലിൽ സൽമാൻ സയ്ദ് മത്സരിക്കുമെന്നും ഗാഗോ നിയമസഭ മണ്ഡലത്തിൽനിന്ന് നോമാൻ മസൂദ് മത്സരിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. ഇതിനുപിന്നാലെയാണ് പൊട്ടിക്കരഞ്ഞ് ബി.എസ്.പി നേതാവ് രംഗത്തെത്തിയത്.
ഏഴുഘട്ടങ്ങളായാണ് യു.പി നിയമസഭ തെരഞ്ഞെടുപ്പ്. ആദ്യഘട്ടം ഫെബ്രുവരി 10ന് നടക്കും. മാർച്ച് ഏഴിന് ഏഴാംഘട്ടവും നടക്കും. മാർച്ച് 10നാണ് വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.