ബുലന്ദ്ശഹർ: ജാതി സമവാക്യങ്ങൾ വിധിയെഴുതും
text_fieldsലഖ്നോ: കഴിഞ്ഞ തവണ ആകെയുള്ള ഏഴു സീറ്റുകളും ബി.ജെ.പി വിജയിച്ച, ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ മേഖലയിൽ ഇത്തവണയും ജാതി രാഷ്ട്രീയത്തിനുതന്നെ പ്രാമുഖ്യം. അന്തരിച്ച കല്യാൺസിങ് സംസ്ഥാന രാഷ്ട്രീയത്തിൽ പ്രാധാന്യം നേടിയതു മുതലാണ് മേഖലയിൽ ഭൂരിപക്ഷം പേരും ബി.ജെ.പിയിലേക്ക് ചാഞ്ഞത്. ജനസംഖ്യാടിസ്ഥാനത്തിൽ, കല്യാൺസിങ്ങിന്റെ സമുദായമായ ലോധ് രജപുത് വിഭാഗത്തിന് ഇവിടെ നിർണായക സ്വാധീനമാണുള്ളത്.
മണ്ഡലത്തിൽ ആരു വിജയിക്കണമെന്ന് ലോധ് രജപുത്തുകൾ തീരുമാനിക്കുമെന്നാണ്, അനുപ്ഷഹർ മണ്ഡലത്തിൽ നിന്നുള്ള ഭുറ ഗിരിയെന്ന കർഷകന്റെ അഭിപ്രായം.
ദലിത് സമുദായത്തിനും സ്വാധീനമുള്ള മേഖലയിൽ ബി.എസ്.പിക്കാണ് പിന്നെ മേൽക്കൈ. കഴിഞ്ഞ തവണ ഏഴു മണ്ഡലങ്ങളിൽ ആറിലും ബി.എസ്.പിയാണ് രണ്ടാംസ്ഥാനത്ത്. ഖുർജ മണ്ഡലത്തിൽ എസ്.പിയും രണ്ടാമതെത്തി. 2012ൽ ഏഴിൽ അഞ്ചിടത്തും ബി.എസ്.പിക്കായിരുന്നു ജയം. െസക്കന്ദരാബാദ് മണ്ഡലത്തിൽ രണ്ടു തവണയായി ജയിച്ചുവന്ന ബിമൽ സോളങ്കിയെ ഇത്തവണ ബി.ജെ.പി മാറ്റി. കഴിഞ്ഞ തവണ ബി.ജെ.പിക്കു വോട്ടുചെയ്ത താൻ ഇത്തവണ ബി.എസ്.പിയെ പിന്തുണക്കുമെന്ന് മണ്ഡലത്തിലെ ഷാംലി ഗ്രാമത്തിൽനിന്നുള്ള മനീഷ് ആധാന പറയുന്നു.
അതേസമയം, ഞങ്ങളുടെ സ്വന്തം ജയന്ത് ചൗധരിക്കായിരിക്കും വോട്ടു ചെയ്യുകയെന്ന് മണ്ഡലത്തിൽനിന്നുതന്നെയുള്ള പ്രസൻ ചൗധരി വ്യക്തമാക്കുന്നു. അഖിലേഷ് യാദവിനെ പിന്തുണക്കുമെന്നാണ് മോനു ചൗധരിയെന്ന റിയൽ എസ്റ്റേറ്റ് ഏജന്റിന് പറയാനുള്ളത്. ചില സീറ്റുകളിൽ കടുത്ത മത്സരം നടക്കുമെങ്കിലും മേഖലയിൽ ബി.ജെ.പിയുടെ വിജയം സുനിശ്ചിതമാണെന്നാണ് ബുലന്ദ്ശഹർ സിറ്റി മണ്ഡലത്തിൽനിന്നുള്ള വാസി സചിൻ കുമാർ ജാദോണിന്റെ പ്രതീക്ഷ. ഭരണവിരുദ്ധ വികാരം മറികടക്കാൻ മണ്ഡലത്തിലും നിലവിലെ എം.എൽ.എയെ മത്സരരംഗത്തുനിന്ന് മാറ്റിയിരിക്കുകയാണ് ബി.ജെ.പി. ലോധ് രജപുത്, ബ്രാഹ്മണർ, ഗുജ്ജർ, ജാട്ടവേതര ദലിതുകൾ എന്നീ വിഭാഗങ്ങളെല്ലാം ബി.ജെ.പിയെ പിന്തുണക്കുമെന്നും സചിൻ കുമാർ പറയുന്നു. അതേസമയം, ജാട്ട് സമുദായം ഇത്തവണ ബി.ജെ.പിക്കെതിരെ ശക്തമായി നിലകൊള്ളുമെന്നും ഇത് ബി.ജെ.പിയുടെ പാത ദുർഘടമാക്കുമെന്നും വിലയിരുത്തലുണ്ട്. ദിബായ്, ശിഖർപുർ, സിയാന മണ്ഡലങ്ങളിലും ജാതി അടിസ്ഥാനത്തിലുള്ള ധ്രുവീകരണം ദൃശ്യമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.