നിങ്ങൾക്ക് റേഷൻ കാർഡുണ്ടോ? കുളിക്കുന്നതിനിടയിലും ബി.ജെ.പി എം.എൽ.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണം -വിഡിയോ
text_fieldsകാൺപൂർ: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ്. രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗങ്ങൾക്കും റാലികൾക്കും വീടുകയറിയുള്ള പ്രചാരണങ്ങൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വിർച്വലായാണ് രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം. അതിനിടെയാണ് കാൺപൂരിലെ ഒരു ബി.ജെ.പി എം.എൽ.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
കാൺപൂർ ബി.ജെ.പി എം.എൽ.എ സുരേന്ദ്ര മൈതാനിയുടേതാണ് ദൃശ്യങ്ങൾ. ജനങ്ങളുമായി സംവദിക്കുന്നതിന്റെ നിരവധി ചിത്രങ്ങളും വിഡിയോകളും മൈതാനിതന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതിലൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുനനത്.
ഒരാൾ കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ മൈതാനിയെത്തി ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങൾ. തലയിലും മുഖത്തും സോപ്പ് തേച്ചിരിക്കുന്ന വ്യക്തിയോട് 'എല്ലാം ശരിയല്ലേ? നിങ്ങളുടെ വീട് പണി പൂർത്തിയാക്കിയോ? നിങ്ങൾക്ക് റേഷൻ കാർഡ് ലഭിച്ചോ?' -എന്നീ ചോദ്യങ്ങൾ മൈതാനി ചോദിക്കുന്നത് കേൾക്കാം. ഇതിനുത്തരമായി കുളിച്ചുകൊണ്ടിരിക്കുന്നയാൾ 'അതെ, അതെ' എന്ന് മറുപടി പറയുന്നതും വിഡിയോയിൽ കാണാം. ഈ വിഡിയോ മൈതാനി ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
'ഭവനപദ്ധതിയുടെ കീഴിൽ വിജയകരമായി വീട് നിർമാണം പൂർത്തിയാക്കിയ ഒരു ഗുണഭോക്താവിന്റെ അടുത്തെത്തി അഭിനന്ദിച്ചു. ബി.ജെ.പി ചിഹ്നത്തിൽതന്നെ വോട്ട് ചെയ്ത് എന്നെ വിജയിപ്പിക്കണമെന്നും അഭ്യർഥിച്ചു' -എം.എൽ.എ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഏഴുഘട്ടമായാണ് യു.പി തെരഞ്ഞെടുപ്പ്. ഫെബ്രുവരി 10ന് ആദ്യഘട്ടം തുടങ്ങി മാർച്ച് ഏഴിന് അവസാനിക്കും. മാർച്ച് 10ന് വോട്ടെണ്ണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.