ബി.എസ്.പിയുടെ നിശ്ശബ്ദതയിൽ ആശങ്ക എസ്.പിക്ക്
text_fieldsമായാവതിയുടെയും ആനയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത നീലക്കൊടി കെട്ടിയ ഏതാനും ഇലക്ട്രിക് റിക്ഷകളും ഓട്ടോറിക്ഷകളും ബി.എസ്.പി സ്ഥാനാർഥികൾക്കായി പേരിനോടുന്നത് മാത്രം കണ്ട പടിഞ്ഞാറൻ യു.പിയിൽ ബി.എസ്.പിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകൾ തിരഞ്ഞുപിടിക്കാൻ പാടുപെട്ടു. ശാംലി ജില്ലയിൽ അങ്ങനെ തെരഞ്ഞു നടന്നു കണ്ടുപിടിച്ച ബി.എസ്.പിയുടെ ഒരു തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസായിരുന്നു കൈരാനയിലേത്.
ബി.എസ്.പിക്കാരന്റെ കടക്ക് മുന്നിൽ കമാനം കെട്ടി അതിന്റെ ഓരത്ത് നാല് കസേരകളിട്ടതാണ് ബി.എസ്.പി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ്. കടയിലിരിക്കുന്ന ദീപകിനോട് ബി.എസ്.പിക്കാണോ വോട്ട് എന്നു ചോദിച്ചപ്പോൾ അല്ല എന്നായിരുന്നു മറുപടി. ബി.ജെ.പിയുടെ മൃഗങ്കക്കായിരിക്കും തന്റെ വോട്ട് എന്ന സൂചന നൽകി. അവർ ജയിക്കുമെന്നും സമാജ് വാദി പാർട്ടിയുടെ നവീദ് തോൽക്കുമെന്നും ദീപക് തുടർന്നു. ഓഫിസിലേക്ക് വന്ന വിശ്വകർമ വിഭാഗക്കാരനായ രാകേഷും വോട്ടു ചെയ്യുന്നത് ബി.ജെ.പിക്ക് തന്നെ. ബി.എസ്.പിക്ക് വേണ്ടി സംസാരിക്കാൻ ആരെ കിട്ടുമെന്ന് ചോദിച്ചപ്പോൾ സ്ഥാനാർഥിയുടെ അനന്തരവൻ അമിത് ഉപാധ്യായയെ വിളിച്ചു തന്നു.
അമിത് വന്നപ്പോഴേക്കും മൃഗങ്കക്ക് വോട്ടു ചെയ്യുമെന്ന് പറഞ്ഞ് കടയിലിരുന്നവരും മായാവതിയുടെ മഹത്വം പറഞ്ഞു തുടങ്ങി. ജയ പ്രതീക്ഷയൊന്നുമില്ലാത്ത മണ്ഡലത്തിൽ ത്രികോണ മത്സരമാണെന്ന് അമിത് അവകാശപ്പെട്ടപ്പോൾ അതുവരെ മത്സരം എസ്.പിയും ബി.ജെ.പിയും തമ്മിലാണെന്ന് പറഞ്ഞവർ പരസ്പരം കണ്ണിലേക്ക് നോക്കി.
ഒന്നാം ഘട്ടമെന്നപോലെ രണ്ടാം ഘട്ടത്തിലും മത്സരം സമാജ്വാദി പാർട്ടി മുന്നണിയും ബി.ജെ.പിയും തമ്മിൽ നേർക്കുനേർ ആയതോടെ നിർണായകമാകുകയാണ് മായാവതിയുടെയും പാർട്ടിയുടെയും നിശ്ശബ്ദ സാന്നിധ്യം. മുൻ തെരഞ്ഞെടുപ്പുകളിൽ കളം നിറച്ച് കളിച്ചിരുന്ന മായാവതിയുടെയും പാർട്ടിയുടെയും ഉൾവലിയൽ വോട്ടർമാർക്കിടയിൽ സജീവ ചർച്ചയാണ്.
ബി.ജെ.പിക്കെതിരെ റാലികളും റോഡ്ഷോകളുമായി അഖിലേഷ് യാദവിനെ പോലെ പ്രിയങ്ക ഗാന്ധിയും പ്രചാരണ രംഗത്ത് മുന്നേറുമ്പോഴാണ് അതിനേക്കാൾ കേഡറുകളും അനുഭാവികളുമുള്ള മായാവതി പിറകോട്ടു വലിഞ്ഞ് എല്ലാം കണ്ടു നിൽക്കുന്നത്. മത്സരം യോഗിയും അഖിലേഷും തമ്മിൽ ആയതോടെ മായാവതിയുടെ ഈ നിൽപിൽ ഭയം സമാജ്വാദി പാർട്ടിക്കാണെന്ന് ഓരോ മണ്ഡലങ്ങളിലുമുള്ള എസ്.പി പ്രവർത്തകർ ആശങ്ക പ്രകടിപ്പിക്കുന്നു. ഒരു പ്രചാരണവുമില്ലാതെ ബി.എസ്.പി ചിഹ്നത്തിൽ മാത്രം കുത്തുന്ന പരമ്പരാഗത വോട്ടർമാരുള്ള യു.പിയിൽ അവരുടെ വോട്ട് ആനയിൽതന്നെ വീണാൽ അവർക്ക് പേടിയില്ലായിരുന്നു. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലേത് പോലെ അവ കൂട്ടത്തോടെ താമരയിലേക്ക് പോയാൽ ജയ പ്രതീക്ഷയുള്ള പല മണ്ഡലങ്ങളും പോകുമെന്നാണ് അവരുടെ ആശങ്ക. മായാവതി പ്രചാരണ ചെലവ് കൊടുക്കാത്തതിനാൽ ബി.എസ്.പി സ്ഥാനാർഥികൾക്ക് അത് കൊടുക്കുന്നത് ബി.ജെ.പിയാണെന്ന് അവർ പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല. പ്രചാരണ രംഗത്ത് സജീവമായിരുന്ന പ്രിയങ്ക ഗാന്ധി കൊട്ടിക്കലാശത്തിന്റെ ദിവസം യു.പിയിലേക്ക് വരാതിരുന്നത് രണ്ടാംഘട്ടത്തിൽ മത്സരം എസ്.പി സഖ്യവും ബി.ജെ.പിയും തമ്മിലാണ് എന്നതിന്റെ തെളിവാണ്.
കോൺഗ്രസ് തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന ഉത്തരാഖണ്ഡാണ് ഊർജവും സമയവും വിനിയോഗിക്കാൻ നല്ലതെന്ന തിരിച്ചറിവിൽ പ്രിയങ്ക കൊട്ടിക്കലാശത്തിന് അവിടേക്ക് പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.