യു.പിയിൽ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്; അദിതി സിങ് എം.എൽ.എ സ്ഥാനവും രാജിവെച്ചു
text_fieldsലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 40 സ്ഥാനാർഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. ഇതിൽ 16 വനിത സ്ഥാനാർഥികളും ഉൾപ്പെടും. ആദ്യഘട്ടത്തിൽ 125 സ്ഥാനാർഥികളുടെ പേരുകൾ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിൽ 50 പേർ സ്ത്രീകളായിരുന്നു.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പുരോഗമിക്കവേ കോൺഗ്രസിനെ വെട്ടിലാക്കി റായ്ബറേലി എം.എൽ.എ രാജിവെച്ചു. റായ്ബറേലി എം.എൽ.എയായ അദിതി സിങ്ങാണ് പാർട്ടി വിട്ടതിന് പിന്നാലെ എം.എൽ.എ സ്ഥാനാവും രാജിവെച്ചത്. രാജിക്കത്ത് അദിതി സിങ് തന്നെ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. നേരത്തേ ഇവർ ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു.
കോൺഗ്രസിനും പ്രിയങ്ക ഗാന്ധിക്കുമെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചിരുന്ന നേതാവാണ് അദിതി സിങ്. 2020 ജൂൺ മുതൽ ഇവർ പാർട്ടിയുടെ വാട്സ്ആപ് ഗ്രൂപ്പിൽനിന്നും വിട്ടുനിന്നിരുന്നു. പാർട്ടിക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ വനിത വിങ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അദിതി സിങ്ങിനെ നേരത്തേ പുറത്താക്കിയിരുന്നു. പിന്നാലെയായിരുന്നു ബി.ജെ.പിലേക്കുള്ള ചേക്കേറൽ.
കോൺഗ്രസ് നേതാവായിരുന്ന അന്തരിച്ച അഖിലേഷ് സിങ്ങിന്റെ മകളാണ് അദിതി സിങ്. 2017ൽ കോൺഗ്രസ് ടിക്കറ്റിൽ റായ്ബറേലിയിൽ നിന്ന് നിയമസഭയിലെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.