യു.പിയിൽ കോൺഗ്രസ് സീറ്റ് വിൽക്കുന്നു, ഒ.ബി.സി ആയതിനാൽ ടിക്കറ്റ് നൽകിയില്ല -ആരോപണവുമായി മഹിള കോൺഗ്രസ് നേതാവ്
text_fieldsലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായി മഹിള കോൺഗ്രസ് വൈസ് പ്രസിഡന്റ്. പണം വാങ്ങിയും ജാതി നോക്കിയുമാണ് കോൺഗ്രസ് സീറ്റ് നൽകുന്നതെന്നാണ് പ്രിയങ്ക മൗര്യയുടെ ആരോപണം.
യു.പിയിലെ കോൺഗ്രസിന്റെ 'ഞാൻ പെണ്ണാണ്, എനിക്ക് പോരാടാനാകും' പ്രചാരണ കാമ്പയിനിന്റെ പോസ്റ്ററുകളിലെ മുഖവും മുൻനിര പ്രവർത്തകയുമായിരുന്നു പ്രിയങ്ക. താൻ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ആളായതിനാലാണ് സീറ്റ് നിഷേധിച്ചതെന്നും പ്രിയങ്ക ആരോപിച്ചു.
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെയായിരുന്നു മൗര്യയുടെ രൂക്ഷവിമർശനം. പ്രചാരണത്തിനായി തന്നെ കോൺഗ്രസ് ഉപയോഗിച്ചെന്നും എന്നാൽ യു.പി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മറ്റൊരാളെ പരിഗണിച്ചെന്നും അവർ പറഞ്ഞു.
'മണ്ഡലത്തിൽ കഠിനാധ്വാനം ചെയ്തിട്ടും യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കാത്തതിൽ എനിക്ക് സങ്കടമുണ്ട്. 'ഞാൻ പെണ്ണാണ്, എനിക്ക് പോരാടാനാകും' എന്ന കാമ്പയിനിനായി എന്റെ മുഖം കോൺഗ്രസ് ഉപയോഗിച്ചു. സ്ഥാനാർഥി ടിക്കറ്റ് ലഭിക്കാൻ പണം ആവശ്യപ്പെട്ട് എന്റെ ലാൻഡ്ഫോണിലേക്ക് ഒരു കോൾ വന്നിരുന്നു. എന്നാൽ അത് നിരസിച്ചു. എല്ലാ ടാസ്കുകളും ഞാൻ പൂർത്തിയാക്കിയിരുന്നു. പക്ഷേ നോമിനേഷനുകൾ മുൻകൂട്ടി നിശ്ചയിച്ചവയായിരുന്നു. ഒരു മാസം മുമ്പ് പാർട്ടിയിലെത്തിയവർക്കും സീറ്റ് നൽകി. താഴെത്തട്ടിൽ എന്താണ് നടക്കുന്നതെന്ന് അറിയിക്കാൻ പ്രിയങ്ക ഗാന്ധിക്ക് സന്ദേശം അയക്കാൻ ആഗ്രഹിക്കുന്നു' -മൗര്യ പറഞ്ഞു.
പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി സന്ദീപ് സിങ്ങിനെതിരെയും മൗര്യ രംഗത്തെത്തി. 'കോൺഗ്രസ് എന്റെ മുഖവും പേരും സമുഹമാധ്യമങ്ങളിലെ എന്റെ 10ലക്ഷം ഫോളോവേഴ്സിനെയും പ്രചാരണത്തിനായി ഉപയോഗിച്ചു. എന്നാൽ വരുന്ന തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകിയത് മറ്റൊരാൾക്കും. ഇത് അനീതിയാണ്. സ്ഥാനാർഥികളെ കോൺഗ്രസ് മൂൻകൂട്ടി തീരുമാനിച്ചിരുന്നു. ഞാൻ ഒ.ബി.സി പെൺകുട്ടിയായതിനാലും പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി സന്ദീപ് സിങ്ങിന് കൈക്കൂലി നൽകാത്തതിനാലും ടിക്കറ്റ് കിട്ടിയില്ല' -മൗര്യ ട്വിറ്ററിൽ കുറിച്ചു.
എന്നാൽ, പോസ്റ്ററിൽ മുഖം വന്നുവെന്ന് കരുതി അത് പ്രിയങ്ക മൗര്യക്ക് സീറ്റ് നൽകുമെന്നല്ല അർഥമാക്കുന്നതെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ഓഫിസിന്റെ പ്രതികരണം.
ലഖ്നോവിലെ സരോജിനി നഗറിൽനിന്ന് ജനവിധി തേടാനായിരുന്നു പ്രിയങ്ക മൗര്യയുടെ ആഗ്രഹം. എന്നാൽ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ സീറ്റ് രുദ്ര ധാമൻ സിങ്ങിന് നൽകുകയായിരുന്നു.
ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക വ്യാഴാഴ്ച കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. 125 സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇതിൽ 50 സ്ത്രീകളെയും സ്ഥാനാർഥിപട്ടികയിൽ ഉൾപ്പെടുത്തി. യു.പി തെരഞ്ഞെടുപ്പിൽ 40ശതമാനം സ്ത്രീകൾക്ക് സീറ്റ് നൽകുമെന്ന് പ്രിയങ്ക ഗാന്ധി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.