കോവിഡ് മാനദണ്ഡം ലംഘിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം; ബി.ജെ.പി സ്ഥാനാർഥിക്കെതിരെ കേസ്
text_fieldsഗ്രേറ്റർ നോയിഡ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ബി.ജെ.പി സ്ഥാനാർഥിയും ദാദ്രി സിറ്റിങ് എം.എൽ.എയുമായ തേജ്പാൽ നഗറിനെതിരെ കേസ്. ബിസ്റാഖ് പൊലീസ് ആണ് കേസെടുത്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഗ്രേറ്റർ നോയിഡ വെസ്റ്റ് ഏരിയയിൽ വീടുകൾ തോറും കയറി സ്ഥാനാർഥിയായ തേജ്പാലും സംഘവും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ഗൃഹസമ്പർക്കത്തിന് അഞ്ചിൽ കൂടുതൽ പേർ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശം. എന്നാൽ, അഞ്ചിലധികം പേരുമായി തേജ്പാൽ പ്രചാരണം നടത്തുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഒന്നാംഘട്ടമായ ഫെബ്രുവരി 10നാണ് ഗൗതം ബുദ്ധ് നഗർ ജില്ലയിൽ ഉൾപ്പെടുന്ന നോയിഡ, ജെവർ, ദാദ്രി മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്.
കോവിഡ് മൂന്നാം തരംഗ വ്യാപന സാഹചര്യത്തിലാണ് അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടത്. ഗൃഹസമ്പർക്കത്തിന് അഞ്ചിൽ കൂടുതൽ പേർ പാടില്ലെന്നാണ് പ്രധാന നിർദേശം.
രാത്രി എട്ടിനും രാവിലെ എട്ടിനുമിടയിൽ പ്രചാരണത്തിന് വിലക്കുണ്ട്. പൊതുചടങ്ങുകൾ ചുരുക്കണമെനും സാധ്യമാകുന്നത്ര ഡിജിറ്റൽ കാമ്പയിൻ നടത്തണമെന്നും കമീഷൻ നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.