ബി.ജെ.പി തകർത്ത ദലിത്-മുസ്ലിം ഐക്യം
text_fieldsമുറാദാബാദ്: മായാവതിയുടെ രാഷ്ട്രീയ ഉദയത്തിന് സാക്ഷ്യംവഹിച്ച ബിജ്നോറിൽ മുസ്ലിം വോട്ട്ബാങ്കിലാണ് ബി.എസ്.പിയുടെ നോട്ടം. എട്ടു നിയമസഭ മണ്ഡലങ്ങളുള്ള ബിജ്നോറിൽ 35 ശതമാനം വരുന്ന മുസ്ലിംകളാണ് ഏറ്റവും വലിയ സമുദായം. അതോടൊപ്പം 25 ശതമാനം ദലിതുകൾകൂടി ചേർന്നുള്ള സമവാക്യത്തിലായിരുന്നു മായാവതിയുടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള വരവ്. മായാവതിക്കു പുറമെ ദലിത് നേതാക്കളായ രാം വിലാസ് പാസ്വാനെയും മുൻ സ്പീക്കർ മീരാകുമാറിനെയും ബിജ്നോറിലെ ഈ ദലിത്-മുസ്ലിം ഐക്യം പാർലമെന്റിലെത്തിച്ചു. അതിനുശേഷവും മായാവതിക്കായിരുന്നു ബിജ്നോറിലെ നിയമസഭ മണ്ഡലങ്ങളിലെ ആധിപത്യം.
ദലിതുകളും മുസ്ലിംകളും മാത്രം കരുതിയാൽ ബിജ്നോറിൽ ബി.ജെ.പിയെ തോൽപിക്കാൻ കഴിയുമായിരുന്നുവെന്നാണ് ജില്ല കോടതിയിൽ അഭിഭാഷകനായ ശുഐബ് അഖ്തർ പറയുന്നത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.എസ്.പി എസ്.പിയുമായി സഖ്യമുണ്ടാക്കിയപ്പോൾ ദലിത്-മുസ്ലിം ഐക്യം വീണ്ടും യാഥാർഥ്യമാവുകയും മോദിതരംഗം മറികടന്ന് മേഖലയിലെ രണ്ടു ലോക്സഭ സീറ്റുകൾ ബി.എസ്.പി സഖ്യം നേടുകയും ചെയ്തു.
എന്നാൽ, ആർ.എസ്.എസും ബി.ജെ.പിയും അടിത്തട്ടിൽ നടത്തിയ പ്രവർത്തനത്തിലൂടെ മായാവതിയുടെ ദലിത് വോട്ടുകളിൽ വലിയൊരു പങ്കും ഹിന്ദുത്വ വോട്ടുബാങ്കുകളായി. ദലിത് വോട്ടുകളെ കേന്ദ്രീകരിച്ച ബി.എസ്.പിയുടെ പ്രഭാവം ബിജ്നോറിൽ അവസാനിച്ചുവെന്ന് 2017ലെ നിയമസഭ തെരഞ്ഞെടുപ്പ് തെളിയിച്ചു.
ഒരു കാലത്ത് മുഴുവൻ സീറ്റിലും എം.എൽ.എമാരെ ജയിപ്പിച്ച മായാവതിക്ക് ഒരു സീറ്റുപോലും 2017ൽ ജയിക്കാനായില്ല. 2007ൽ മുഴുവൻ സീറ്റുകളും ബി.എസ്.പി തൂത്തുവാരിയിരുന്നു. ബി.എസ്.പിയുടെ തട്ടകത്തിൽ എട്ടിൽ ആറ് സീറ്റുകളും ബി.ജെ.പി നേടി. ബി.എസ്.പി സൃഷ്ടിച്ച ആശയക്കുഴപ്പത്തിൽ മുസ്ലിം വോട്ടുകൾ ഭിന്നിച്ചതായിരുന്നു ബി.ജെ.പി വിജയത്തിന് കാരണം. 12 ശതമാനം വോട്ട് ബി.എസ്.പിക്ക് ചോർന്നു. ബി.എസ്.പിക്ക് വോട്ടു ചോർന്ന കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും അഞ്ചു ശതമാനം വോട്ട് കൂട്ടാൻ സമാജ്വാദി പാർട്ടിക്കായത് മുസ്ലിംകൾകൂടി മായാവതിയെ കൈവിട്ടതുകൊണ്ടാണ്.
ഇക്കുറി യു.പിയിൽ എസ്.പി-ആർ.എൽ.ഡി സഖ്യവും ബി.ജെ.പിയും തമ്മിലുള്ള മത്സരം മുറുകിയതോടെ ബിജ്നോറിലും ബി.എസ്.പി അപ്രസക്തമായി. മുസ്ലിം വോട്ടർമാർ ബഹുഭൂരിഭാഗവും സഖ്യത്തിന് അനുകൂലമാണ്. എന്നാൽ, ബി.ജെ.പിയെ തോൽപിക്കാൻ തങ്ങൾക്ക് വോട്ടുചെയ്യണമെന്നാണ് ബി.എസ്.പി പ്രചാരണം. അഞ്ചു മുസ്ലിം സ്ഥാനാർഥികളെയാണ് അവർ രംഗത്തിറക്കിയിരിക്കുന്നത്.
എസ്.പി സഖ്യത്തിന് എട്ടിൽ രണ്ടിടത്തു മാത്രമാണ് മുസ്ലിം സ്ഥാനാർഥികൾ. 20 ശതമാനം മുസ്ലിം വോട്ടുകളെങ്കിലും ബി.എസ്.പി പിടിക്കുമെന്നാണ് അഡ്വ. ശുഐബ് പറയുന്നത്.
ഒന്നേകാൽ ലക്ഷം മുസ്ലിംകളുള്ള ബിജ്നോർ നിയമസഭ മണ്ഡലത്തിൽ കേവലം 55 ലക്ഷമാണ് ജാട്ട് വോട്ടുകളെങ്കിലും എസ്.പി സഖ്യകക്ഷിയായ ആർ.എൽ.ഡിക്ക് നൽകിയ സീറ്റിൽ ജാട്ട് സ്ഥാനാർഥിയാണ് സഖ്യത്തിന്. ബി.ജെ.പിയും ബി.എസ്.പിയും ജാട്ട് സ്ഥാനാർഥിയെ നിർത്തിയതോടെ ആരു ജയിച്ചാലും മണ്ഡലത്തിൽ ന്യൂനപക്ഷമായ ജാട്ട് എം.എൽ.എയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.