കർഷക വോട്ട് 'നോട്ട'ക്ക്
text_fieldsലഖിംപുർ ഖേരി (യു.പി): നിയമസഭ തെരഞ്ഞെടുപ്പിൽ 'നോട്ട'ക്ക് വോട്ടുചെയ്യുന്ന കാര്യം കർഷകർ സജീവമായി പരിഗണിക്കുന്നു. സംസ്ഥാനത്തെ പ്രധാന പാർട്ടികളായ ബി.ജെ.പിയും സമാജ്വാദി പാർട്ടിയും (എസ്.പി) തങ്ങളെ വഞ്ചിച്ചെന്നാണ് ഇവരുടെ ആക്ഷേപം. അതിനാൽ അവർക്ക് വോട്ടില്ല. മറ്റു പാർട്ടികൾ ഫലപ്രദമല്ലെന്നതിനാൽ നോട്ടയെ പിന്തുണക്കാനാണ് ഉദ്ദേശ്യം. തെരായ് മേഖലയിലാണ് ലഖിംപുർ ഖേരി ജില്ല. ഇവിടത്തെ ജനസംഖ്യയുടെ ഭൂരിഭാഗവും കർഷകരാണ്. വിവാദ കാർഷിക നിയമങ്ങളാണ് ബി.ജെ.പിക്ക് വോട്ട് ചെയ്യേണ്ടെന്ന തീരുമാനത്തിനു പിന്നിൽ.
അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാർ കരിമ്പ് മില്ലുടമകൾ കർഷകർക്ക് നൽകേണ്ട 2000 കോടിയുടെ പലിശ എഴുതിത്തള്ളിയിരുന്നു.
എല്ലാ പാർട്ടികളും തെരഞ്ഞെടുപ്പ് സമയത്ത് വ്യാജ വാഗ്ദാനമാണ് നൽകുന്നതെന്ന് മറൗച്ചയിലെ കർഷകനായ ജഗ്പാൽ ധില്ലൻ പറഞ്ഞു. ''ഒരു പാർട്ടിയിലും പ്രതീക്ഷയില്ല. ഒക്ടോബർ മൂന്നിന്, നാലു കർഷകർ ഉൾപ്പെടെ എട്ടു പേർ അക്രമത്തിനിടെ കൊല്ലപ്പെട്ടത് അബദ്ധത്തിൽപോലും ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിൽനിന്ന് പിന്തിരിപ്പിക്കും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് മുഖ്യപ്രതിയായി ജയിലിലുള്ളത്. ഞങ്ങളുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞ ബി.ജെ.പി, കർഷകരുടെ അവസ്ഥ കൂടുതൽ വഷളാക്കി -അദ്ദേഹം പറഞ്ഞു.
വലിയൊരു വിഭാഗം കർഷകരും വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കണമെന്ന നിലപാടിലാണ്. എന്നാൽ, ആവശ്യമെങ്കിൽ ഞങ്ങൾ നോട്ട ബട്ടൺ അമർത്തും -രാഷ്ട്രീയ കിസാൻ മസ്ദൂർ സംഗതൻ മേധാവി വി.എം. സിങ് പറഞ്ഞു. ഉത്തർപ്രദേശിലെ 44 ജില്ലകളിലാണ് കരിമ്പുകൃഷി ചെയ്യുന്നതെന്ന് പാലിയ കാലാനിലെ സഹകരണ കരിമ്പ് വികസന സൊസൈറ്റി മുൻ പ്രസിഡന്റ് സുഖ്ദേവ് സിങ് പറഞ്ഞു. സംസ്ഥാനത്തെ 44 പഞ്ചസാര മില്ലുകളിൽ 22 എണ്ണം സ്വകാര്യമേഖലയിലാണ്. രണ്ടു വർഷത്തിനിടെ ഈ മില്ലുകൾ കർഷകർക്ക് നൽകാനുള്ളത് 12,000 കോടിയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.