യു.പി മൂന്നാംഘട്ടം: കനത്ത പോളിങ് മാറ്റത്തിന്റെ സൂചനയോ?
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ ഏഴ്ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിലെ മൂന്നാംഘട്ട വോട്ടുകൾകൂടി ഞായറാഴ്ച സീൽ ചെയ്തതോടെ സംസ്ഥാന ഭരണം എങ്ങോട്ടെന്ന് ഏകദേശം വ്യക്തമായിക്കഴിഞ്ഞതായി വിലയിരുത്തലുകൾ. ആകെ 403 സീറ്റുള്ള യു.പിയിലെ 172 സീറ്റുകളിലും വോട്ടെടുപ്പ് പൂർത്തിയായിക്കഴിഞ്ഞു. മാറ്റത്തിന്റെ വോട്ടുകളാണ് ഇതിനകം രേഖപ്പെടുത്തിയതെന്നും അധികാരത്തിലിരിക്കുന്ന സർക്കാർ പുറത്താകും എന്നതാണ് ഇപ്പോഴത്തെ സൂചനയെന്നുമാണ് പ്രധാന നിരീക്ഷണം.
യോഗി ആദിത്യനാഥ് തിരിച്ചു വന്നേക്കാം അല്ലെങ്കിൽ യോഗിയില്ലാതെ ബി.ജെപി തിരിച്ചുവന്നേക്കാമെന്നും വിലയിരുത്തലുണ്ട്. മൂന്നാംഘട്ടത്തിൽ 16 ജില്ലകളിലെ 59 സീറ്റുകളിലേക്ക് കനത്ത പോളിങ്ങാണ് നടന്നത്. അധികാരമാറ്റത്തിന്റെ വോട്ടുകളാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.
യാദവ് ഇതര ഒ.ബി.സി വോട്ടുകൾ ഇത്തവണ വലിയ തോതിൽ ബി.ജെ.പിയിൽനിന്ന് എസ്.പിയിലേക്ക് ചോർന്നു. 2014 മുതൽ ബി.ജെ.പിക്ക് കിട്ടിയിരുന്ന വോട്ടുകളാണ് ഇത്. ബി.ജെ.പിയുടെ ഉറക്കംകെടുത്തി പ്രമുഖ ഒ.ബി.സി നേതാക്കളെ എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് തന്റെ പാർട്ടിയിലേക്ക് അടർത്തിയെടുത്തിരുന്നു. യോഗി സർക്കാറിൽ മന്ത്രിമാരായിരുന്ന സ്വാമി പ്രസാദ് മൗര്യ, ദാരാ സിങ് ചൗഹാൻ, ധരംസിങ് സെയ്നി എന്നിവരാണ് എസ്.പിയിലെത്തിയത്. ഇവരെ കൂടാതെ 12 ബി.ജെ.പി എം.എൽ.എമാരും എസ്.പിയിലെത്തിയത് ബി.ജെ.പിക്ക് വൻ തിരിച്ചടിയായി.
യാദവ് ഇതര ഒ.ബി.സി വോട്ടുകൾ ചോരുമെന്ന് സമ്മതിക്കുന്ന ബി.ജെ.പി നേതാക്കൾ, അതിനെ കോവിഡ് കാലത്ത് തുടങ്ങിയ സൗജന്യ റേഷൻ പദ്ധതിയുടെ ഗുണഭോക്താക്കളുടെ വോട്ട് വഴി നികത്താമെന്നാണ് കരുതുന്നത്. 2021 നവംബറിൽ തീരേണ്ട റേഷൻ പദ്ധതി 2022 മാർച്ച് വരെ നീട്ടി നേട്ടം കൊയ്യാൻ യോഗി സർക്കാർ ശ്രമിക്കുകയും ചെയ്തു. മൂന്നാംഘട്ടത്തിൽ കഴിഞ്ഞ തവണ ബി.ജെ.പി ജയിച്ച 49 സീറ്റുകൾ ഇത്തവണ ലഭിക്കും എന്ന് പാർട്ടി കണക്ക് കൂട്ടുന്നില്ല.
യാദവ ഹൃദയഭൂമിയായി അറിയപ്പെടുന്ന മേഖലയിലാണ് മൂന്നാംഘട്ടത്തിലെ പകുതിയിലേറെ സീറ്റുകളും. തെരഞ്ഞെടുപ്പ് സമയത്തും അല്ലാതെയും യാദവ കുടുംബത്തിൽ ഉടലെടുക്കാറുള്ള പോര് ഇത്തവണ ഇല്ലെന്നതും ബി.ജെ.പിക്ക് ക്ഷീണമായി. ഞായറാഴ്ച ഹർദോയിയിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളിൽ ഈ നിരാശ പ്രകടമായിരുന്നു.
അഹ്മദാബാദിൽ ബോംബ്സ്ഫോടനത്തിന് സൈക്കിൾ ഉപയോഗിച്ചു എന്നായിരുന്നു എസ്.പിയുടെ സൈക്കിൾ ചിഹ്നത്തെ ലക്ഷ്യം വെച്ച് മോദിയുടെ ദുർബല ആക്ഷേപം. 'ഭീകരരുടെ വിശുദ്ധർ' എന്നാണ് എസ്.പിയെ യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചത്. 2017ൽ 172ൽ 140 സീറ്റുകൾ നേടിയ ബി.ജെ.പിക്ക് ഇത്തവണ അതിന് സാധിക്കില്ലെന്ന് തന്നെയാണ് ഭൂരിപക്ഷം വിലയിരുത്തലുകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.