എത്ര വോട്ട് പിടിക്കും ഉവൈസി ?
text_fieldsബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രമുഖ പാർട്ടികളെ ഞെട്ടിച്ച മുസ്‍ലിം നേതാവ് അസദുദ്ദീൻ ഉവൈസി എം.പിയുടെ ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ (എ.ഐ.എം.ഐ.എം) ഉത്തർപ്രദേശിൽ എത്ര സീറ്റ് പിടിക്കും? എത്ര സീറ്റു പിടിക്കുമെന്നല്ല, എത്ര വോട്ട് പിടിക്കുമെന്ന ചോദ്യം മാത്രമെയുള്ളൂ എന്നാണ് മറ്റു പാർട്ടിക്കാരുടെ നിരീക്ഷണം. നൂറോളം സീറ്റിൽ മത്സരിക്കുന്നുണ്ടെങ്കിലും ഒറ്റ സീറ്റും കിട്ടാൻ പോകുന്നില്ല.
ബിഹാറിൽ ആറു സീറ്റാണ് ഉവൈസിയുടെ പാർട്ടി നേടിയത്. ബിഹാറിൽ 18 ശതമാനത്തോളം മുസ്‍ലിം വോട്ടർമാരാണെങ്കിൽ, യു.പിയിൽ 19 ശതമാനത്തിനു മുകളിലാണ് മുസ്‍ലിം ജനസംഖ്യ. മുസ്‍ലിംകളുടെ ദേശീയ നേതാവായി ഉയർന്നുവരാനുള്ള ലക്ഷ്യത്തോടെയാണ് ഹൈദരാബാദ് എം.പിയായ ഉവൈസി ഓരോ സംസ്ഥാനത്തും സ്വന്തംനിലക്ക് സ്ഥാനാർഥികളെ നിർത്തുന്നത്. ബിഹാറിൽ മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞ എ.ഐ.എം.ഐ.എമ്മിന് മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിൽ പ്രാതിനിധ്യം നേടാനും സാധിച്ചിട്ടുണ്ട്.
എന്നാൽ, യു.പിയിൽ സാഹചര്യം വ്യത്യസ്തമാണ്. യോഗി ആദിത്യനാഥ് നയിച്ച സർക്കാറിന്റെ വർഗീയ വിദ്വേഷത്തിനും അടിച്ചമർത്തലിനും ഇരയായ മുസ്‍ലിം സമൂഹം ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കണമെന്ന ഒറ്റച്ചിന്തയിലാണ്. യോഗി വീണ്ടും അധികാരത്തിൽ വരുന്നതിലെ ആധി അത്രക്കുണ്ട്. അതുകൊണ്ട് ബി.ജെ.പിയെ തോൽപിക്കാൻ കെൽപ്പുള്ള പാർട്ടിക്ക് വോട്ട് നൽകണമെന്നാണ് പൊതുവായ കാഴ്ചപ്പാട്. യോഗിയുടെ പ്രതിയോഗിയായി സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെയാണ് മുസ്‍ലിംകൾ കാണുന്നത്. ബി.എസ്.പി നേതാവ് മായാവതി തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിയെ പിന്തുണക്കുമോ എന്ന ആശങ്കയുണ്ട്. കോൺഗ്രസിനാവട്ടെ, തെരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തിനപ്പുറത്തെ സാധ്യതകളില്ല. ന്യൂനപക്ഷ വിഷയങ്ങൾ ഉവൈസി ശക്തമായി ഉയർത്തുന്നുവെന്നിരിക്കേ, മുസ്‍ലിംകളുടെ സ്വന്തം പാർട്ടിയെന്ന നിലയിൽ എ.ഐ.എം.ഐ.എം നാളെയൊരിക്കൽ വളർന്നുവരുമെന്ന് കാണുന്നവരുമുണ്ട്. അതുകൊണ്ട് ഉവൈസിയോട് എതിർപ്പില്ല.
എന്നാൽ, എ.ഐ.എം.ഐ.എമ്മിനെ പിന്തുണച്ചാൽ വോട്ട് ചിതറും; ഫലത്തിൽ ബി.ജെ.പിക്ക് ഗുണമാകുമെന്നാണ് ന്യൂനപക്ഷ ചിന്ത. വിവിധ പ്രതിപക്ഷപാർട്ടികളാകട്ടെ, മുസ്‍ലിം വോട്ട് ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കുകയാണ് ഉവൈസിയുടെ ഗൂഢതന്ത്രമെന്ന് വിലയിരുത്തുന്നു. 2017ലെ തെരഞ്ഞെടുപ്പിൽ ഉവൈസിയുടെ പാർട്ടി 38 സീറ്റിൽ മത്സരിച്ചെങ്കിലും 37ലും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു. അതുതന്നെ ഇത്തവണയും സംഭവിക്കുമെന്നാണ് പ്രതിപക്ഷ നിഗമനം. ബിഹാറിൽ ആറു സീറ്റിൽ ജയിച്ചപ്പോൾ 14 സീറ്റിൽ കെട്ടിവെച്ച കാശ് പോയി. പശ്ചിമ ബംഗാളിൽ ആറിടത്തും തമിഴ്നാട്ടിൽ മൂന്നിടത്തും മത്സരിച്ചപ്പോഴും അതുതന്നെ സംഭവിച്ചു. യു.പിയിൽ ഹിന്ദു ദലിത്-മുസ്‍ലിം സഖ്യം ശക്തമാകണമെന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ചാണ് ഉശിരൻ പ്രസംഗവുമായി ഉവൈസി ഓടിനടന്നത്. ദലിത് വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ജനാധികാർ പാർട്ടിയുമായി ചേർന്ന് ഭാഗിധാരി പരിവർത്തൻ മോർച്ച എന്ന സഖ്യം ഉണ്ടാക്കുകയും ചെയ്തു. മായാവതിയുടെ മുൻസഹായി ബാബു കുശ്‍വാഹയാണ് സഖ്യകക്ഷി നേതാവ്. എന്നാൽ അദ്ദേഹത്തിന് സ്വാധീനമുള്ള ബുന്ദേൽഖണ്ഡ് മേഖലയിൽ പോലും സഖ്യം ചലനമുണ്ടാക്കിയില്ല. യു.പിക്ക് രണ്ട് മുഖ്യമന്ത്രിമാർ വേണം, അതിലൊരാൾ പിന്നാക്ക വിഭാഗക്കാരനും മറ്റൊരാൾ ദലിതനുമാകണമെന്ന ആശയം പ്രചാരണ യോഗങ്ങളിൽ ഉവൈസി മുന്നോട്ടു വെക്കുന്നുണ്ടായിരുന്നു. ഉപമുഖ്യമന്ത്രിമാർ മൂന്നു വേണം. അതിലൊരാൾ മുസ്‍ലിമാകണം. മായാവതിയെ വിമർശിക്കുന്നതിൽ മാത്രം മൃദുനയം പ്രകടമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.