ബി.ജെ.പിയുടെ ശവപ്പെട്ടിയിൽ അവസാന ആണി അടിക്കുമെന്ന് മൗര്യ
text_fieldsന്യൂഡൽഹി: ബി.ജെ.പിയിൽനിന്നുള്ള രാജി രാഷ്ട്രീയ ഭൂകമ്പമാകുമെന്ന് സ്വാമി പ്രസാദ് മൗര്യ. തന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിന് വെള്ളിയാഴ്ചവരെ കാക്കാൻ ആവശ്യപ്പെട്ട മൗര്യ ബി.ജെ.പിയുടെ ശവപ്പെട്ടിയിൽ അവസാന ആണി യു.പിയിൽ അടിക്കുമെന്ന് കൂട്ടിച്ചേർത്തു. അതേസമയം, ബി.എസ്.പിയിലായിരിക്കേ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് മൗര്യക്കെതിരെ 2014ൽ രജിസ്റ്റർ ചെയ്ത കേസിൽ യു.പി കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. താൻ എവിടേക്ക് പോകുമെന്ന് ജനുവരി 14ന് വ്യക്തമാകും. പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ ബി.ജെ.പിയുടെ ബധിര കർണങ്ങളിലാണ് പതിച്ചത്. യു.പിയിൽ 14 വർഷത്തിന് ശേഷമുള്ള 2017ലെ വിജയത്തിന് ബി.ജെ.പി തന്നോട് നന്ദി കാണിച്ചില്ല. തന്നെ മന്ത്രിയാക്കിയത് ബി.ജെ.പിയുടെ ഔദാര്യമല്ലെന്ന് മൗര്യ ഓർമിപ്പിച്ചു.
രാജി പിൻവലിക്കാനുള്ള ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ അപേക്ഷ തള്ളിയതിന് പിന്നാലെ 2014ലെ വിദ്വേഷ പ്രസംഗത്തിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സുൽത്താൻപുരിൽ പുറപ്പെടുവിച്ച വാറന്റ് പ്രകാരം ബുധനാഴ്ച കോടതിയിൽ ഹാജരാകാനാണ് നിർദേശം. എന്നാൽ, മൗര്യ വാറന്റ് തള്ളി. ജനുവരി 24ന് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. കോടതിയിൽ മറുപടി നൽകുമെന്ന് മൗര്യ പറഞ്ഞു.
ദേവി ദേവന്മാരായ ഗൗരിയും ഗണേശും വിവാഹവേളകളിൽ ആരാധിക്കപ്പെട്ടിരുന്നില്ലെന്നും ദലിതുകളെയും പിന്നാക്ക ജാതിക്കാരെയും തെറ്റിദ്ധരിപ്പിക്കാനും അടിമകളാക്കാനുമുള്ള സവർണ ജാതി മേധാവിത്വത്തിന്റെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നുമായിരുന്നു മൗര്യയുടെ വിവാദ പരാമർശം. ഈ കേസിൽ 2016ൽ അലഹബാദ് ഹൈകോടതി മൗര്യക്കെതിരെ പുറപ്പെടുവിച്ച വാറന്റ് സ്റ്റേ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.