കാറ്റ് സഖ്യത്തിന് അനുകൂലം - നരേഷ് ടികായത്ത്
text_fields?കർഷക സമരത്തിന് ശേഷം വ്യാഴാഴ്ച ആദ്യഘട്ട തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ പടിഞ്ഞാറൻ യു.പിയിലെ സ്ഥിതി എന്താണ്?
*കാറ്റ് സമാജ്വാദി പാർട്ടി-ആർ.എൽ.ഡി സഖ്യത്തിന് അനുകൂലമാണ്. പടിഞ്ഞാറൻ യു.പിയിൽ സഖ്യത്തിന്റെ തരംഗമാണ്. സ്വാഭാവികമായും ബി.ജെ.പിക്ക് വലിയ നഷ്ടമുണ്ടാകും. ജനങ്ങൾ മാറ്റത്തിന്റെ മാനസികാവസ്ഥയിലാണ്. ഇതിൽ മറുത്തൊന്നും സംഭവിക്കാനില്ല. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ബി.ജെ.പിയോട് ഇത്രയേറെ വിരോധത്തിന് കാരണം മറ്റൊന്നുമല്ല. ജനങ്ങളുടെ മനസ്സിനൊപ്പം നിൽക്കാനേ ഞങ്ങൾക്ക് കഴിയൂ. ജനങ്ങൾക്കെതിര് നിൽക്കാൻ കഴിയില്ല. ആയിരക്കണക്കിന് കൈകളുയരുമ്പോൾ രണ്ട് കൈകൾ ഞങ്ങളും ഉയർത്തുന്നുവെന്നേയുള്ളൂ.
? ജാട്ടുകളുടെ എതിർപ്പ് മറികടക്കാനുള്ള സമ്മർദ തന്ത്രങ്ങൾ ബി.ജെ.പി പ്രയോഗിക്കുന്നുണ്ടല്ലോ?
88888* 2014ലും 2017ലും 2019ലും ഞങ്ങൾ ബി.ജെ.പിക്കൊപ്പമാണ് നിന്നത്. എന്നാൽ, ഞങ്ങളെ അപമാനിക്കുകയാണ് അവർ ചെയ്തത്. അതിനാൽ ബി.ജെ.പിയോടുള്ള എതിർപ്പ് ശക്തമാണ്. 13 മാസത്തെ കർഷകസമരം എതിർപ്പിന് കാരണമാണ്. വളരെ മോശമായ സമീപനമാണ് കർഷകർക്ക് ബി.ജെ.പിയിൽനിന്ന് നേരിടേണ്ടി വന്നത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽ ജാട്ട് സമുദായത്തിൽ 90 ശതമാനവും ബി.ജെ.പിക്ക് വോട്ടു ചെയ്തു. ഇത്തവണ 90 ശതമാനം വോട്ടുകളും സഖ്യത്തിനാകും. അധികാരം ഉപയോഗിച്ച് അട്ടിമറിയൊന്നും നടത്തിയില്ലെങ്കിൽ ബി.ജെ.പിക്ക് യു.പിയിൽ ഭരണം നഷ്ടമാകും.
? ബി.ജെ.പി ഹിന്ദു ഏകീകരണത്തിന് കൊണ്ടുപിടിച്ച ശ്രമം നടത്തുന്നു. അതും ഏശുന്നില്ലേ?
*ഹിന്ദു-മുസ്ലിം രാഷ്ട്രീയം ഇക്കുറി തീർത്തും ഇല്ലാതായി. അതൊന്നും ജനം ഏറ്റെടുത്തില്ല. 2017 വരെ അത് നിലനിന്നിരുന്നു. ഹിന്ദു-മുസ്ലിം പ്രശ്നങ്ങളിലേക്ക് പോകരുതെന്നാണ് ഞങ്ങൾ ജനങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിനായി നന്നായി പരിശ്രമിക്കുകയും ചെയ്തു. ഹിന്ദു-മുസ്ലിം രാഷ്ട്രീയം ശരിയല്ലെന്ന് ആളുകൾക്കും തോന്നിത്തുടങ്ങിയിരിക്കുന്നു. പരസ്പരം ആശ്രയിക്കാതെ ഇരു കൂട്ടർക്കും ഒന്നും നടക്കില്ല.
? ജാട്ടുകളെ ബി.ജെ.പിക്കൊപ്പം നിർത്താൻ അമിത് ഷാ ജയന്ത് ചൗധരിയെ വിളിക്കുന്നുണ്ടല്ലോ. ജാട്ടുകളല്ലാത്ത മറ്റു സമുദായങ്ങളുടെ നിലപാട് എന്താണ്?
*പാകിസ്താനി, ഖലിസ്ഥാനി, ആന്ദോളൻ ജീവി എന്നെല്ലാം വിളിച്ച് അവഹേളിച്ചു. അതിന്റെ വേദന കർഷകർക്കുണ്ട്. കർഷകരുടെ ആവശ്യം അംഗീകരിച്ചില്ലെന്ന് മാത്രമല്ല, വേദനിപ്പിക്കുകയും ചെയ്തു. നല്ല വാക്കുകൾ എങ്കിലും പ്രയോഗിക്കാമായിരുന്നു.
700ലേറെ കർഷകർ രക്തസാക്ഷികളായി. ബി.ജെ.പിയുടെ ഒരു നേതാവു പോലും അതിൽ ദുഃഖം പ്രകടിപ്പിച്ചില്ല. നഷ്ടപരിഹാരവും നൽകിയില്ല. കേവല ഭൂരിപക്ഷമുള്ള സർക്കാറാണെന്ന് കരുതി ഇങ്ങനെ ചെയ്യരുത്.
ഞങ്ങളും വോട്ട് നൽകിയതാണല്ലോ. എന്തായാലും ബി.ജെ.പിക്ക് നഷ്ടമായിരിക്കും. ജാട്ട് സമുദായത്തിന്റെ മാത്രം പ്രശ്നമല്ല. എല്ലാ സമുദായങ്ങളെയും മാനിക്കണം.
? ബി.ജെ.പി നേതാക്കൾ പിന്തുണ തേടി താങ്കളെ സമീപിച്ചിരുന്നോ?
*ഇല്ല. ഇത്തവണ അവർ വന്നിട്ടില്ല. മൂന്ന് പ്രാവശ്യം ഞങ്ങൾ അവരെ പിന്തുണച്ചില്ലേ? ഞങ്ങളെല്ലാവരും അവർക്ക് വോട്ടുനൽകി. ഇനി കർഷകർക്ക് അവരുടെ കാര്യം നോക്കിയേ തീരൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.