കോൺഗ്രസിന് ചെയ്ത് വോട്ട് പാഴാക്കരുത്; പരിഹാസവുമായി മായാവതി
text_fieldsലഖ്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന് പറഞ്ഞിട്ടില്ലെന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനക്ക് പിന്നാലെ പരിഹാസവുമായി ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി. ബി.ജെ.പിയുടെയും ഇതര പാർട്ടികളുടേയും വോട്ടുകൾ ഭിന്നിപ്പിക്കുക മാത്രമാണ് കോൺഗ്രസിന് സാധിക്കുകയെന്നും, ബി.എസ്.പിക്ക് വോട്ട് ചെയ്യണമെന്നും മായാവതി പറഞ്ഞു.
യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ സ്ഥാനം പരിതാപകരമാണ്. മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രസ്താവന പിൻവലിച്ച പാർട്ടിയാണ് കോൺഗ്രസ്. ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്ത് വോട്ട് പാഴാക്കരുതെന്നും, ബി.എസ്.പിക്ക് വോട്ട് ചെയ്യണമെന്നും മായാവതി പറഞ്ഞു.
എ.ഐ.സി.സി ആസ്ഥാനത്ത് യുവജന പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ യു.പി കോൺഗ്രസിൽ തന്‍റെ മുഖമല്ലാതെ മറ്റാരെയെങ്കിലും കാണുന്നുണ്ടോയെന്ന് പ്രിയങ്ക ചോദിച്ചിരുന്നു. ഇത് മുഖ്യമന്ത്രി സ്ഥാനാർഥിത്വത്തിന്‍റെ പ്രഖ്യാപനമാണെന്ന് തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ചൂണ്ടിക്കാട്ടി പ്രിയങ്ക രംഗത്തെത്തിയിരുന്നു. താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.
വരാനിരിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ മായാവതി മത്സരിക്കില്ല. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പാർട്ടി ശക്തികേന്ദ്രമായ മെയിൻപുരി ലോക്‌സഭാ സീറ്റിന്റെ ഭാഗമായ കർഹാലിൽ നിന്ന് മത്സരിക്കും. സംസ്ഥാനത്തെ അഖിലേഷിന്‍റെ ആദ്യ മത്സരമായിരിക്കും ഇത്.
യു.പിയിലെ 403 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതൽ ഏഴ് ഘട്ടങ്ങളിലായി നടക്കും. ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് 3, 7 തീയതികളിലാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മാർച്ച് 10ന് നടക്കും. 11 ജില്ലകളിലായി 58 നിയമസഭാ സീറ്റുകളിലേക്കാണ് ഫെബ്രുവരി 10ന് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.