രാമക്ഷേത്ര നിർമാണം തടയാൻ ശ്രമിച്ചവർ ഇപ്പോൾ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന തിരക്കിലെന്ന് ജെ.പി നദ്ദ
text_fieldsകൗശാമ്പി: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. ബി.ജെ.പി സർക്കാർ അയോധ്യയിൽ രാമക്ഷേത്രം നിർമാണം ആരംഭിച്ചപ്പോൾ എതിർത്തിരുന്ന രാഷ്ട്രീയ പാർട്ടികളൊക്കെ ഇപ്പോൾ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന തിരക്കിലാണെന്ന് നദ്ദ പരിഹസിച്ചു. സുപ്രീംകോടതിയിൽ രാമക്ഷേത്രത്തിന്റെ വാദം കേൾക്കുന്നത് കോൺഗ്രസ് പാർട്ടി തടസപ്പെടുത്തിയതായും ജെ.പി നദ്ദ ആരോപിച്ചു. കൗശാംബിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സർക്കാറിന്റെ ശരിയായ ഇടപെടലുകൾ കൊണ്ട് സുപ്രീംകോടതിയിൽ നിന്ന് അനകൂലമായ വിധി വന്ന ശേഷമാണ് രാമക്ഷേത്ര നിർമാണം നടക്കുന്നത്. ബി.ജെ.പി ദേശീയതയെയും സംസ്‌കാരത്തെയും കൂട്ടി യോജിപ്പിച്ചപ്പോൾ പ്രതിപക്ഷ പാർട്ടികൾ മതവിശ്വാസത്തെ തകർക്കുക മാത്രമാണ് ചെയ്തതെന്ന് നദ്ദ ആരോപിച്ചു.
പ്രതിപക്ഷ പാർട്ടികളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെയും ബി.ജെ.പി ദേശീയ അധ്യക്ഷൻ കടന്നാക്രമിച്ചു. പ്രതിപക്ഷ പാർട്ടികൾ അധികാരത്തിലിരുന്ന സമയത്ത് നൽകാതിരുന്ന വൈദ്യുതിയാണ് ഇപ്പോൾ സൗജന്യമായി നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നത്. 2014ൽ 22 മെഡിക്കൽ കോളജുകൾ മാത്രം ഉണ്ടായിരുന്ന ഉത്തർപ്രദേശിൽ ഇപ്പോൾ 59 മെഡിക്കൽ കോളജുകളും അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുമുണ്ടെന്ന് ജെ.പി നദ്ദ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.