എസ്.പി സഖ്യകക്ഷി സ്ഥാനാർഥികളെ രണ്ടു ദിവസത്തിനകം അറിയാം
text_fieldsലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലേക്കുള്ള സമാജ്വാദി പാർട്ടി (എസ്.പി) യുടെയും സഖ്യകക്ഷികളുടെയും സ്ഥാനാർഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിച്ചേക്കും. സീറ്റുവിഭജനം സംബന്ധിച്ച് സഖ്യകക്ഷികളുമായി ധാരണയിലെത്തിയശേഷം സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് എസ്.പിയുടെ തീരുമാനം. ഇതിനായി അഖിലേഷ് യാദവ് ബുധനാഴ്ച പ്രമുഖ സഖ്യകക്ഷി നേതാക്കളുമായി ചർച്ച നടത്തി. സീറ്റ് വിഭജനം സംബന്ധിച്ച് ഐക്യത്തിലെത്താനായാൽ ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന വിവരം. പ്രാദേശികതലത്തിൽ സ്വാധീനമുള്ള ചെറുപാർട്ടികളായ പ്രഗദിശീൽ സമാജ്വാദി പാർട്ടി, സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി, രാഷ്ട്രീയ ലോക്ദൾ, മഹൻ ദൾ തുടങ്ങിയവരാണ് തെരഞ്ഞെടുപ്പിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിൽ എസ്.പിയുമായി സഹകരിക്കാൻ ധാരണയിലെത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെ ഒ.ബി.സി നേതാവും യോഗി മന്ത്രിസഭയിലെ പ്രമുഖനുമായ സ്വാമി പ്രസാദ് മൗര്യയെയും നാല് എം.എൽ.എമാരെയും ബി.ജെ.പിയിൽനിന്ന് അടർത്തിമാറ്റി എസ്.പി പാളയത്തിലെത്തിക്കാനായത് അഖിലേഷിന്റെ മേന്മയായാണ് സഖ്യകക്ഷികൾ വിലയിരുത്തുന്നത്. സഖ്യ കക്ഷികളുടെ ഈ ആത്മവിശ്വാസം പരമാവധി മുതലെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് അഖിലേഷ്.
സംസ്ഥാനത്തിന്റെ ഭാവി വികസനം സംബന്ധിച്ച് സഖ്യകക്ഷി നേതാക്കളുമായി ചർച്ച നടത്തിയതായി കഴിഞ്ഞ ദിവസം നേതാക്കൾക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് അഖിലേഷ് ട്വീറ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.