അയോധ്യയിലെ ആളുകൾ യോഗിക്ക് എതിര്; മത്സരിക്കാതിരുന്നത് നന്നായിയെന്ന് രാമക്ഷേത്രം മുഖ്യ പുരോഹിതൻ
text_fieldsഅയോധ്യ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭ തെരഞ്ഞെടുപ്പിൽ അയോധ്യയിൽ മത്സരിക്കാത്തത് നല്ല കാര്യമാണെന്ന് രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. അയോധ്യയിൽനിന്ന് യോഗി മത്സരിക്കരുതെന്ന് നിർദേശിച്ചത് സത്യേന്ദ്ര ദാസാണ്. ശ്രീരാമന്‍റെ പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഉപദേശം നൽകിയത്. ക്ഷേത്രനിർമാണ പശ്ചാത്തലത്തിൽ അടിസ്ഥാനസൗകര്യ വികസനത്തിന്‍റെ പേരിൽ ഇവിടെ വീടുകളും കടകളും തകർന്ന ആളുകൾ എതിർക്കാം. അതിനാൽ യോഗിയെ ഗോരഖ്പുരിൽനിന്ന് മത്സരിപ്പിക്കണമെന്ന് താൻ നിർദേശിച്ചതായി ദാസ് പറഞ്ഞു. വോട്ടർമാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്. വീടുകളും കടകളും തകർന്നവർ യോഗിക്ക് എതിരാണെന്ന് 84കാരനായ പുരോഹിതൻ പറഞ്ഞു.
അയോധ്യയിൽ യോഗി മത്സരിക്കുമെന്ന് ശക്തമായ അഭ്യൂഹമുണ്ടായിരുന്നു. എല്ലാ പാർട്ടികളും സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തതിനാൽ ഇവിടത്തെ തെരഞ്ഞെടുപ്പുചൂടിനെക്കുറിച്ച് വ്യക്തമല്ലെന്ന് ദാസ് പറഞ്ഞു.
രാമക്ഷേത്ര വിഷയം ബി.ജെ.പി ഉപേക്ഷിക്കാനിടയില്ല. അത് അവരുടെ അജണ്ടയിൽതന്നെ തുടരും. തന്‍റെ ജീവിതകാലത്ത് പൂർത്തിയാക്കിയ രാമക്ഷേത്രം കാണുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.