മൂന്നിൽ തോറ്റ് മുന്നോട്ട്: യു.പിയിൽ ഇന്ന് നാലാംഘട്ട വോട്ടെടുപ്പ്
text_fieldsഎല്ലാ പാർട്ടികളും നടത്തുന്ന ജീവന്മരണ പോരാട്ടത്തിനൊടുവിൽ ഉത്തർപ്രദേശിൽ ജയം വീണ്ടും ബി.ജെ.പി കൈയടക്കുമോ, സമാജ്വാദി പാർട്ടി തിരിച്ചുപിടിക്കുമോ എന്ന് ഉറപ്പിക്കാൻ ഇനിയും നാലു ഘട്ടങ്ങൾകൂടി കഴിയണം. എന്നാൽ, ഇതിനകം നടന്ന മൂന്നു ഘട്ടങ്ങളിൽ, ഭരണവിരുദ്ധ വികാരത്തിനു മുന്നിൽ ബി.ജെ.പി തോറ്റു. സീറ്റെണ്ണത്തിൽ വലിയ ഇടിവുണ്ടാകുമെന്നാണ് ബി.ജെ.പിയുടെതന്നെ വിലയിരുത്തൽ. അവർക്ക് നേരിട്ട കനത്ത തിരിച്ചടി പ്രധാന പ്രതിപക്ഷമായ സമാജ്വാദി പാർട്ടിക്ക് വൻപ്രതീക്ഷയും ആവേശവുമായി. ബുധനാഴ്ച നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മേഖലകളും നിർണായകം.
ഭരണ സിരാകേന്ദ്രമായ ലഖ്നോവും കർഷക രോഷത്തിന്റെ അടയാളമായി മാറിയ ലഖിംപുർ ഖേരിയും അടക്കമുള്ള പ്രദേശങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. അതു കഴിഞ്ഞാൽ ബി.ജെ.പി പൊതുവെ മേധാവിത്വം അവകാശപ്പെടുന്ന മേഖലകളിലാണ് മറ്റു മൂന്നു ഘട്ടങ്ങൾ. രാമക്ഷേത്ര നിർമാണം നടക്കുന്ന അയോധ്യ, യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗോരഖ്പുർ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭ മണ്ഡലമായ വാരാണസി തുടങ്ങിയവ ഈ മേഖലകളിലാണ്.
മത്സരം മുറുകിയപ്പോൾ ശരിക്കും വിയർക്കുന്നവരും വിയർത്തിട്ടു വലിയ കാര്യമില്ലാത്തവരുമായി മാറിപ്പോയിരിക്കുകയാണ് സംസ്ഥാനത്തെ പ്രമുഖരായ നാലു കക്ഷികൾ. ബി.ജെ.പിയും സമാജ്വാദി പാർട്ടിയും അധികാരം കൈയടക്കാൻ വിയർക്കുന്നു. കൈവിട്ടു പോയ സ്വാധീനം തിരിച്ചുപിടിക്കാൻ പോരാടുന്നുവെന്നല്ലാതെ, യോഗി-അഖിലേഷ് പോരിനിടയിൽ ബി.എസ്.പിക്കും കോൺഗ്രസിനുമുള്ള ഇടം നേർത്തുപോയിരിക്കുന്നു. ബിഹാറിലെന്നപോലെ ഒരു കൈ നോക്കാൻ അസദുദ്ദീൻ ഉവൈസിയുമുണ്ട് കളത്തിൽ.
ബി.ജെ.പി വിരുദ്ധ വോട്ടുകൾ പലവഴി ചിതറാതിരിക്കാനും യോഗി സർക്കാർ നേരിടുന്ന കടുത്ത ഭരണവിരുദ്ധ വികാരം മുതലാക്കാനുമുള്ള സമാജ്വാദി പാർട്ടിയുടെ തീവ്രശ്രമം എത്രകണ്ട് ഫലിക്കുന്നുവോ, അവിടെയാണ് അഖിലേഷ് യാദവിന്റെ ജയസാധ്യത. അനായാസ വിജയം ഒരിക്കൽ സ്വപ്നം കണ്ട യോഗിയും ഭരണവിരുദ്ധ വികാരം മുതലാക്കാമെന്ന് കണക്കുകൂട്ടുന്ന അഖിലേഷും യഥാർഥത്തിൽ, ചാടിക്കടക്കാൻ ഒട്ടും എളുപ്പമല്ലാത്ത വൻകടമ്പക്കു മുന്നിലാണ്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പുകൂടി മുന്നിൽ കാണുമ്പോൾ യു.പിയിൽ ബി.ജെ.പിക്ക് ജയിച്ചേ തീരൂ. മുസ്ലിം വിരുദ്ധ വികാരം ആളിക്കത്തിച്ച് 80 ശതമാനം വരുന്ന ഹൈന്ദവ വോട്ടുകളിൽ പരമാവധി സമാഹരിക്കാൻ ബി.ജെ.പി നടത്തുന്ന കരുനീക്കങ്ങളെ സമാജ്വാദി പാർട്ടിക്ക് എത്രകണ്ട് പ്രതിരോധിക്കാൻ കഴിയുമെന്നതാണ് ഈ അങ്കത്തിൽ പ്രധാനം. ഹിജാബാണ് ഇപ്പോൾ കത്തിക്കുന്ന വിഷയമെങ്കിൽ, വോട്ടെടുപ്പിന്റെ അടുത്ത ഘട്ടങ്ങളിൽ കൂടുതൽ ഇനങ്ങൾ കടന്നു വരാതിരിക്കില്ലെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ബി.ജെ.പിക്ക് സീറ്റെണ്ണം കുറയുകയാണോ, അതല്ല തോൽവി ഏറ്റുവാങ്ങാനാണോ പോകുന്നത് എന്ന കാര്യത്തിൽ ബുധനാഴ്ചത്തെ നാലാംഘട്ട വോട്ടെടുപ്പ് നിർണായകമാണ്.
ലഖ്നോവിനും ലഖിംപുർ ഖേരിക്കും പുറമെ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിനിധാനംചെയ്യുന്ന റായ്ബറേലി, ബി.ജെ.പിയോട് ഇടഞ്ഞുനിൽക്കുന്ന മേനക ഗാന്ധിയുടെയും മകൻ വരുൺ ഗാന്ധിയുടെയും തട്ടകമായ പിലിഭിത്, സമാജ്വാദി പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ ഉന്നാവ് എന്നിവിടങ്ങൾ അടക്കം ഒമ്പതു ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് ബുധനാഴ്ച വോട്ടെടുപ്പ്.2017ലെ തെരഞ്ഞെടുപ്പിൽ ഇതിൽ 51ലും ജയിച്ചത് ബി.ജെ.പിയാണ്. എന്നാൽ, ഇത്തവണ ചിത്രം മറ്റൊന്ന്. കർഷക കൊലക്കേസിലെ മുഖ്യപ്രതി ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രക്കും ബി.ജെ.പിക്കും ഒരുപോലെ പ്രധാനമാണ് ലഖിംപുർ ഖേരിയിലെ ഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.