റായ്ബറേലിയിൽ മത്സരിക്കാൻ പ്രിയങ്കയെ വെല്ലുവിളിച്ച് കോൺഗ്രസ് വിട്ട അദിതി സിങ്
text_fieldsബി.ജെ.പിയിൽനിന്നും ഉത്തർ പ്രദേശ് മന്ത്രിസഭയിൽനിന്നും മന്ത്രിമാർ അടക്കം ഇതര പാർട്ടികളിലേക്ക് ഒഴുകവെ ബി.ജെ.പിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ആശ്വാസമായി ബി.ജെ.പിയിലേക്കും ചില കൂറുമാറ്റങ്ങൾ നടന്നിരുന്നു. അതിൽ പ്രധാനിയായിരുന്നു കോൺഗ്രസിന്‍റെ പ്രധാന തട്ടകങ്ങളിലൊന്നായിരുന്ന റായ്ബറേലി നിയമസഭാ മണ്ഡലത്തിലെ എം.എൽ.എ അതിദി സിങിന്‍റെ കൂറുമാറ്റം. ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ അവർ കോൺഗ്രസ് നേതാക്കളെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി.
റായ്ബറേലിയിൽ തനിക്കെതിരെ മത്സരിക്കാൻ പ്രിയങ്ക ഗാന്ധിയെ വെല്ലുവിളിച്ചാണ് മുൻ കോൺഗ്രസ് എം.എൽ.എയും നിലവിലെ ബി.ജെ.പി സ്ഥാനാർഥിയുമായ അദിതി സിങ് ഒടുവിൽ രംഗത്തെത്തിയത്. ദേശീയ മാധ്യമത്തിന് നൽകി അഭിമുഖത്തിലാണ് അദിതി സിങ് പ്രിയങ്ക ഗാന്ധിയെ പരസ്യമായി വെല്ലുവിളിച്ചത്. 2017ലാണ് അദിതി സിംഗ് കോൺഗ്രസ് സീറ്റിൽ ആദ്യമായി യു.പി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വർഷം നവംബറിലാണ് അദിതി ബി.ജെ.പിയിൽ ചേർന്നത്. റായ്ബറേലിയുടെ ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം കോൺഗ്രസ് അംഗത്വവും എം.എൽ.എ പദവിയും രാജിവെക്കുന്നതായി കഴിഞ്ഞദിവസം അദിതി അറിയിച്ചിരുന്നു.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിനിധീകരിക്കുന്ന റായ്ബറേലി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് റായ്ബറേലി നിയമസഭാ സീറ്റ്. എന്തുകൊണ്ടാണ് കോൺഗ്രസുകാർ റായ്ബറേലിയിലെയും രാഹുൽ ഗാന്ധിയുടെ പഴയ മണ്ഡലമായ അമേത്തിയിലെയും ആളുകളെ നിസ്സാരമായി എടുത്തതെന്ന് എനിക്കറിയില്ല. ഇവിടുത്തെ ജനങ്ങൾ മറ്റാരേക്കാളും ക്ഷമയുള്ളവരാണ്. തിരിഞ്ഞുനോക്കിയില്ലെങ്കിലും അവർ കോൺഗ്രസിന് വേണ്ടി വോട്ടുചെയ്തു. എം.പിയായ സോണിയ ഗാന്ധി പോലും മണ്ഡലം സന്ദർശിച്ചിട്ടില്ല. ഇനി വോട്ടുചോദിച്ചുവരാൻ അവർക്ക് നാണക്കേടുണ്ടാകും. അവിടുത്തെ ജനങ്ങൾ അങ്ങേയറ്റം ദേഷ്യത്തിലാണെന്നും അവർ പറഞ്ഞു.
തന്റെ പിതാവ് അഖിലേഷ് കുമാർ സിംഗ് അഞ്ച് തവണ റായ്ബറേലി എം.എൽ. എയുമായിരുന്നു. 2019ൽ അദ്ദേഹത്തിന്റെ മരണത്തിന് ശേഷവും ഇവിടുത്തെ ജനങ്ങൾ ഒരു കുടുംബത്തെ പോലെ എന്നോടൊപ്പം നിന്നിട്ടുണ്ട്. കോൺഗ്രസ് എം.എൽ.എ ആയാലും സ്വതന്ത്രനായാലും ജനങ്ങൾക്ക് വേണ്ടി ചെയ്ത പ്രവർത്തനങ്ങൾ കൊണ്ട് മാത്രമാണ് എന്റെ അച്ഛൻ ഈ സീറ്റിൽ പലതവണ വിജയിച്ചത്. ഞാൻ ആ പൈതൃകം തുടർന്നു. എനിക്ക് പറ്റാവുന്ന രീതിയിലെല്ലാം അച്ഛന്റെ പാതയിലൂടെ ജനങ്ങളെ ഇനിയും സഹായിക്കുമെന്നും അദിതി പറഞ്ഞു.
ബി.ജെ.പിക്ക് ഇതുവരെ വിജയിക്കാൻ കഴിയാത്ത മണ്ഡലമാണ് റായബറേലി. ഇത്തവത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കോട്ടയായ റായബറേലിയിൽ നിന്ന് അദിതി സിങ്ങിലൂടെ ആ ചരിത്രം തിരുത്താമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.