ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ്: 58 മണ്ഡലങ്ങളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
text_fieldsലക്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 11 ജില്ലകളിലായി 58 നിയമസഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 623 സ്ഥാനാർഥികളാണ് ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്നത്. ആകെ 2.27 വോട്ടർമാരാണുള്ളത്.
പടിഞ്ഞാറൻ യു.പിയിലാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ ബി.ജെ.പിക്കൊപ്പം ഉറച്ചുനിന്ന മേഖലയാണിത്. 58ൽ 53 സീറ്റുകൾ അന്ന് ബി.ജെ.പി നേടി. ഇത്തവണ 40 സീറ്റുകളിൽ ബി.ജെ.പി വിജയിക്കുമെന്നാണ് അഭിപ്രായ സർവേ ഫലം.
സമാജ്വാദി പാർട്ടി - രാഷ്ട്രീയ ലോക്ദൾ സഖ്യവും ബി.ജെ.പിയും തമ്മിൽ നേർക്കുനേർ പോരാട്ടമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അന്ത്യത്തിൽ ദൃശ്യമായത്. ആർ.എൽ.ഡി നേതാവ് ജെയിൻ ചൗധരിക്കും ജാട്ട് വിഭാഗത്തിനും ഏറെ സ്വാധീനമുള്ള മണ്ഡലങ്ങളാണ് പടിഞ്ഞാറൻ യു.പിയിലേത്.
കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ മകനും ബി.ജെ.പി യു.പി ഉപാധ്യക്ഷനുമായ പങ്കജ് സിങ്- നോയിഡ, മന്ത്രിമാരായ ചൗധരി ലക്ഷ്മൺ നാരായൺ- ഛാത്താ, ജി.എസ് ധർമേഷ് -കാൻഡ്, ദിനേശ് ഖട്ടിക്-ഹസ്തിനിപൂർ, കപിൽദേവ് അഗർവാൾ -സദർ, അനിൽ ശർമ-ഷിക്കാർപൂർ, സദ്ദീപ് സിങ് -അട്രോളി, ശ്രീകാന്ത് ശർമ-മഥുര, സുരേഷ് റാണ-താണ ഭവൻ, അതുൽ ഗാർഗ് എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖർ.
ഏഴു ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് പത്തിനാണ് ഫലപ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.