യു.പി: കുടമുടച്ച് ആർ.പി.എൻ സിങ്; കൂറുമാറ്റം കോൺഗ്രസിന്റെ നഷ്ടമോ ബി.ജെ.പിയുടെ ലാഭമോ?
text_fieldsഅവസാനം വരെ വെള്ളം കോരി ഒടുവിൽ കുടമുടക്കുന്നതുപോലെയായി യു.പിയിൽ കോൺഗ്രസിന് ആർ.പി.എൻ സിങ്ങിന്റെ പാർട്ടി വിടൽ. സംസ്ഥാനത്തെ പ്രമുഖനായ കോൺഗ്രസ് നേതാവാണ് സിങ്. എന്നാൽ, വലിയ രാഷ്ട്രീയ സ്വാധീനമുള്ള നേതാവൊന്നുല്ല അദ്ദേഹം. ബി.ജെ.പിക്കും അദ്ദേഹത്തെക്കൊണ്ട് വലിയ നേട്ടമുണ്ടാകുമെന്നും കണക്കാക്കുന്നില്ല.
എന്നാൽ, കഴിഞ്ഞ കാലങ്ങളിൽ പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടേയും നേതൃത്വത്തിൽ സംസ്ഥാനത്ത് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശക്തമായ ശ്രമങ്ങൾ നടന്നുവരുന്നതിനിടെയാണ് സിങ്ങിന്റെ ചോർച്ച എന്നതാണ് കോൺഗ്രസിന് വൻ തിരിച്ചടിയായി മാറുന്നത്. നേരത്തെ പാർട്ടിവിട്ട വലിയ നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ എന്നിവരുടെ വഴിയിലാണ് സിങ്ങിന്റെ കളം മാറ്റവും കരുതപ്പെടുന്നത്. ഈ മൂന്ന് നേതാക്കളും ഡൂൺ സ്കൂൾ സഹപാഠികളാണ്. ആർ.പി.എൻ സിങ്ങിന്റെ പിതാവ് സി.പി.എൻ സിങ്ങ് രാജീവ് ഗാന്ധിയുടെ സമകാലികനുമാണ്. സിന്ധ്യയും പ്രസാദയും സിങ്ങിന് പാർട്ടിവിടാൻ പ്രേരണയായിട്ടുണ്ടെന്നും സംസാരമുണ്ട്. അതേസമയം, സിങ് പാർട്ടി വിടുമെന്ന് കോൺഗ്രസിന് അറിയാമായിരുന്നുവെന്ന് വേണം കരുതാൻ. കോൺഗ്രസ് ഇതുവരെ അതേപ്പറ്റി പ്രതികരിക്കാത്തത് അതിന്റെ തെളിവായാണ് വിലയിരുത്തുന്നത്.
യു.പി നേതാവായിരിക്കെ ഝാർഖണ്ഡിൽ കോൺഗ്രസിന്റെ ചുമതല നൽകിയത് അവഹേളനമായെന്നും തന്നെ ഒതുക്കാനാണ് അങ്ങനെ ചെയ്തതെന്നുമുള്ള തോന്നലാണ് സിങ്ങിന്റെ ഇപ്പോഴത്തെ നീക്കത്തിന് കാരണം. എന്നാൽ, 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കെട്ടിവെച്ച കാശ് പോലും കിട്ടാതെ കുശിനഗറിൽനിന്ന് സിങ് പരാജയപ്പെട്ടിരുന്നു. ഒട്ടും അറിയപ്പെടാത്ത ബി.ജെ.പി സ്ഥാനാർഥി വിജയ് ദുബെയാണ് അന്ന് ജയിച്ചത്. സമാജ്വാദി സ്ഥാനാർഥി രണ്ടാമതുമെത്തി. അത് സിങ്ങിന് പാർട്ടിയിൽ തിരിച്ചടിയായി. അതിന് മുമ്പേ 2014ലെ മോദി തരംഗത്തിലും ഇതേ സീറ്റിൽ സിങ് പരാജയപ്പെട്ടിരുന്നു. 2009ൽ അദ്ദേഹം ജയിച്ചതാകട്ടെ 21,000 വോട്ടിന്റെ കുറഞ്ഞ ഭൂരിപക്ഷത്തിനും. 2014ൽ തോറ്റതാകട്ടെ 86,000 വോട്ടിന്. 2019 ആയപ്പോഴേക്കും സ്വന്തം വോട്ട് ചോർച്ച നാല് ലക്ഷത്തിലേറെയായി 'ഉയർത്താനും' സിങ്ങിന് സാധിച്ചു. പാർട്ടിയിൽ സിങ്ങിന്റെ അസ്തമയം തുടങ്ങിയത് അവിടെയാണ്. എന്നാൽ, ഗാന്ധി കുടുംബവുമായുള്ള അടുത്ത ബന്ധം അദ്ദേഹത്തെ വലിയ സ്വാധീനത്തോടെ തന്നെ കോൺഗ്രസിൽ നിലനിർത്തി. ഒ.ബി.സി വിഭാഗമായ കുർമി സമുദായക്കാരനാണ് സിങ്. എന്നാൽ, മുൻ രാജകുടുംബാംഗവും. കുർമി വിഭാഗത്തിൽ ഒരു വിധം സ്വാധീനം നേടിക്കഴിഞ്ഞതിനാൽ അതേ സമുദായത്തിൽപ്പെട്ട സിങ്ങിനെ ബി.ജെ.പിക്ക് ഇതുവരെ വലിയ താൽപര്യമുണ്ടായിരുന്നില്ല. ജിതിൻ പ്രസാദയെ ബി.ജെ.പി റാഞ്ചാൻ കാരണമായതാകട്ടെ അദ്ദേഹം ബ്രാഹ്മണ സമുദായക്കാരനെന്നതും. രാഷ്ട്രീയ സ്വാധീനത്തിൽ ഒന്നുമല്ലാതിരുന്ന അപർണ യാദവിനെ ബി.ജെ.പി അടർത്തിയത് എസ്.പിയെ കൊട്ടാൻ വേണ്ടി മാത്രമായിരുന്നുവെങ്കിലും അതിന് തക്ക നേട്ടംപോലും സിങ്ങിൽ ബി.ജെ.പി കണ്ടിരുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ പാർട്ടി പ്രവേശം ഇത്രയും വൈകാൻ കാരണം.
അപർണ യാദവിനെപ്പോലെ സിങ്ങിന്റെ കൂടുമാറ്റം സംസ്ഥാനത്ത് വൻ സംഭവമായെങ്കിലും അത് രാഷ്ട്രീയമായി ബി.ജെ.പിക്ക് എന്ത് നേട്ടമുണ്ടാക്കുമെന്നതിൽ ആർക്കും വലിയ തിട്ടമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.