മുദ്രാവാക്യങ്ങൾ മാറാതെ യു.പി തെരഞ്ഞെടുപ്പ്
text_fieldsപ്രയാഗ് രാജ്: ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് മഹാമഹം കിഴക്കൻ മേഖലയിലേക്ക് നീങ്ങുമ്പോഴും വോട്ടർമാർക്കു മുന്നിൽ മുഴങ്ങുന്നത് ഒരേ മുദ്രാവാക്യങ്ങൾ. 'സുരക്ഷയും സമാധാനവും സൗജന്യ ധാന്യവും' മുഴക്കി ഭരണകക്ഷി ബഹളം സൃഷ്ടിക്കുമ്പോൾ, തൊഴിലില്ലായ്മയും വിവേചനവും വിളിച്ചുപറഞ്ഞ് പ്രതിപക്ഷം തിരിച്ചടിക്കുകയാണ്.
ബിരുദധാരിയായ മകന് തന്നേക്കാൾ മികച്ച ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടാകുന്നില്ലെന്നും അതേസമയം ഗുണ്ടകളെ പേടിക്കാതെ സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്നുണ്ടെന്നുമാണ് പ്രയാഗ് രാജ് ഈസ്റ്റിലെ ഓട്ടോറിക്ഷ തൊഴിലാളി അനിൽ സോങ്കറിന്റെ അഭിപ്രായം. പ്രയാഗ് രാജ് നോർത്തിലെ വഴിയോര തുണിക്കച്ചവടക്കാരനായ ബിനോദ്കുമാർ കേസർവാനി, വ്യാപാരം കുറവാണെന്ന് പറയുമ്പോഴും സമാധാനം നിലനിൽക്കാൻ ബി.ജെ.പിക്ക് ഒരു അവസരം കൂടി നൽകണമെന്ന അഭിപ്രായക്കാരാണ്.
ബി.ജെ.പിയുടെ കൊണ്ടുപിടിച്ച പ്രചാരണ കോലാഹലത്തിനിടയിലും തൊഴിലില്ലായ്മ പോലുള്ള, ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങൾ സജീവമായി ഉയർത്തിക്കൊണ്ടുവരാൻ സമാജ് വാദി പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പ്രശ്നവും എസ്.പി ഗ്രാമീണമേഖലയിൽ ഉന്നയിക്കുന്നുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അടിച്ചമർത്തൽ നയത്തിനെതിരെയും പ്രചാരണമുണ്ട്. വിവിധ ജാതിവിഭാഗങ്ങളുടെ കൂട്ടായ്മ രൂപവത്കരിച്ച് ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടാമെന്നാണ് അഖിലേഷ് യാദവിന്റെ പ്രതീക്ഷ. എന്നാൽ, മുസ്ലിം, യാദവ ഇതര വിഭാഗങ്ങൾക്കിടയിൽ ഈ വിഷയം ചർച്ചചെയ്യപ്പെടുന്നുണ്ടെങ്കിലും വികസനവും ക്രമസമാധാനനിലയിലെ നേട്ടവും ക്ഷേമപദ്ധതികളും ഒപ്പം ഹിന്ദുത്വവും ഉയർത്തിയുള്ള പ്രചാരണം ജാതിവേലികൾക്കപ്പുറം ഫലപ്രദമാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
12 സീറ്റുകളുള്ള പ്രയാഗ് രാജ് ജില്ലയിൽ ബ്രാഹ്മണർ, ഠാകുർ, കുർമി, ബിന്ദ്, എസ്.സി വിഭാഗങ്ങളും ഒപ്പം യാദവ, മുസ്ലിം വിഭാഗങ്ങളുമെല്ലാം തങ്ങളുടെ സ്ഥാനാർഥിപ്പട്ടികയിലുണ്ടെന്നും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും പാർട്ടിക്ക് പിന്തുണ നൽകുന്നുണ്ടെന്നുമാണ് എസ്.പി ജില്ലാ അധ്യക്ഷൻ യോഗോഷ് ചന്ദ്ര യാദവ് അവകാശപ്പെടുന്നത്. പൂർവാഞ്ചൽ മേഖലയിൽ യോഗിയോട് അനിഷ്ടമുള്ള ബ്രാഹ്മണരുടെ വോട്ട് തങ്ങൾക്ക് ലഭിക്കുമെന്നും അദ്ദേഹം പറയുന്നു.അതേസമയം, ക്രിമിനൽരാജിന് യോഗി തടയിട്ടുവെന്നും ഇതൊന്നും ജനങ്ങൾ കാണാതെ പോകില്ലെന്നും ബി.ജെ.പി നേതാക്കൾ പറയുന്നു.
എന്നാൽ, തങ്ങളുടെ ഒപ്പമുള്ള ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് ബി.ജെ.പിക്കെന്ന്, പേരുപറയാൻ താൽപര്യമില്ലാത്ത ഏതാനും സർക്കാർ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ''എല്ലാ കുറ്റവാളികളെയും ഒരേപോലെയാണ് കാണേണ്ടത്. എന്നാൽ, ഈ സർക്കാർ അങ്ങനെയല്ല'' -അവർ കൂട്ടിച്ചേർത്തു. ഈ ആരോപണം പ്രാദേശിക ബി.ജെ.പി നേതാക്കൾ നിഷേധിക്കുന്നു.
കർഷക നേതാക്കൾ യു.പിയിലെത്തും
നോയിഡ: യു.പി നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പ്രയാഗ് രാജ്, ഗോരഖ്പുർ, വാരാണസി ജില്ലകൾ കർഷക നേതാവ് രാകേശ് ടികായത്തിന്റെ നേതൃത്വത്തിൽ സംയുക്ത കിസാൻ മോർച്ച നേതാക്കൾ സന്ദർശിക്കും. പ്രയാഗ് രാജിൽ ഫെബ്രുവരി 23നും ഗോരഖ്പുരിൽ 28നും വാരാണസിയിൽ മാർച്ച് രണ്ടിനും കർഷക നേതാക്കൾ വാർത്തസമ്മേളനം നടത്തുമെന്ന് ഭാരതീയ കിസാൻ യൂനിയൻ വക്താവ് സൗരഭ് ഉപാധ്യായ അറിയിച്ചു.
ടികായത്തിന് പുറമെ ശിവകുമാർ ശർമ കാക്കജി, യോഗേന്ദ്ര യാദവ് തുടങ്ങിയവരും പരിപാടിയിൽ സംബന്ധിക്കും. ആർക്ക് വോട്ട് ചെയ്യണമെന്ന് തങ്ങൾ പറയില്ലെന്നും കർഷകർക്ക് എതിരെ നിന്നവരെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടുമെന്നും സൗരഭ് ഉപാധ്യായ പറഞ്ഞു. പ്രയാഗ് രാജിൽ ഫെബ്രുവരി 27നും ഗോരഖ്പുരിൽ മാർച്ച് മൂന്നിനും വാരാണസിയിൽ മാർച്ച് ഏഴിനുമാണ് തെരഞ്ഞെടുപ്പ്. മാർച്ച് 10നാണ് ഫല പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.