യു.പിയിൽ എസ്.പി ഓഫീസിന് മുമ്പിൽ പരസ്യമായി പണം വിതരണം; തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്
text_fieldsലക്നോ: ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കവെ സമാജ് വാദി പാർട്ടി ഓഫീസിന് മുമ്പിൽ പണം വിതരണം ചെയ്ത സംഭവത്തിൽ കേസെടുത്തു. ഹന്ദിയ നിയോജക മണ്ഡലത്തിൽ ലാലാ ബസാറിലാണ് സംഭവം. ബസാറിലെ എസ്.പി ഓഫീസിന് മുമ്പിലാണ് പരസ്യമായി പണം വിതരണം ചെയ്തത്.
ബി.ജെ.പിയാണ് പണം വിതരണം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. ഓഫീസിന്‍റെ മുകളിൽ നിന്ന് പടികളിലൂടെ വരിയായി ഇറങ്ങി വരുന്നവർക്ക് പാർട്ടി പ്രവർത്തകർ പണം നൽകുന്നത് വിഡിയോയിൽ കാണാം.
തെരഞ്ഞെടുപ്പ് ചട്ടം സമാജ് വാദി പാർട്ടി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എതിർപാർട്ടികൾ നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമീഷൻ കേസെടുക്കാൻ നിർദേശം നൽകിയത്.
പണത്തിന്‍റെ ശക്തി ഉപയോഗിച്ച് പൗരന്മാരെ സ്വാധീനിക്കാൻ ആഗ്രഹിക്കുന്ന മാഫിയകളുടെ പാർട്ടിയാണ് എസ്.പിയെന്ന് ബി.ജെ.പി നേതാവ് രാകേഷ് ത്രിപാഠി ആരോപിച്ചു.
ഏഴ് ഘട്ടങ്ങളിൽ നടക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം ഫെബ്രുവരി 10ന് പൂർത്തിയായിരുന്നു. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും സമാജ് വാദി പാർട്ടിയും തമ്മിലാണ് പോരാട്ടം. മാർച്ച് പത്തിന് ഫലം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.