തോറ്റാലും പിടിക്കുന്ന വോട്ടുകളാണ് പ്രധാനം -മൗലാന മസ്ഊദ് മദനി
text_fieldsവിഭജനത്തെയും മുസ്ലിം ലീഗിനെയും എതിർത്ത് കോൺഗ്രസിനൊപ്പം ചേർന്ന് നടന്ന ജംഇയ്യതുൽ ഉലമായേ ഹിന്ദിെൻറ സമുന്നത നേതാവും പാർലമെന്റ് അംഗവുമായിരുന്ന പരേതനായ മൗലാന അസദ് മദനിയുടെ പൗത്രൻ മൗലാന ഉമൈർ മദനിയാണ് ദയൂബന്ദിലെ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ സ്ഥാനാർഥി. പിതാവ് മൗലാന മസ്ഊദ് മദനിയുടെ തീരുമാനപ്രകാരമാണ് ഉമൈറിെൻറ രാഷ്ട്രീയപ്രവേശം. ദാറുൽ ഉലൂമിന് സമീപത്തുള്ള വീട്ടിലിരുന്ന് സ്ഥാനാർഥിയായ മകനൊപ്പം മൗലാന മസ്ഊദ് മദനി 'മാധ്യമ'ത്തിന് നൽകിയ അഭിമുഖം.
? പ്രശസ്ത ഇസ്ലാമിക വിദ്യാഭ്യാസ കേന്ദ്രമായ ദാറുൽ ഉലൂം ദയൂബന്ദിെൻറ താവഴിയിൽനിന്ന് ഒരാൾ യു.പിയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള കാരണം?
* മനുസ്മൃതി ഭരണഘടന ആക്കാനാഗ്രഹിക്കുന്ന നിലവിലെ സർക്കാറിന് മുന്നിൽ അംബേദ്കറിെൻറ ഭരണഘടന ഉയർത്തിപ്പിടിച്ചാണ് ഉവൈസി സംസാരിക്കുന്നത്. ഈ വിഷയത്തിൽ മറ്റു പാർട്ടികൾക്കും ബി.ജെ.പിയിൽനിന്ന് വ്യത്യസ്തമായ നിലപാടില്ല. അതുകൊണ്ടാണ് ഉവൈസിക്കൊപ്പം ചേരാനും അദ്ദേഹത്തിന് ശക്തിപകരാനും തീരുമാനമെടുത്തത്. ഈ തീരുമാനം ഞാനും മകനും ചേർന്നാണ് എടുത്തത്. ബാരിസ്റ്റർ അസദുദ്ദീൻ ഉവൈസി പാർലമെന്റിനകത്തും പുറത്തും മർദിതർക്കും ദരിദ്രർക്കും മുസ്ലിംകൾക്കും ദലിതുകൾക്കും ന്യൂനപക്ഷങ്ങൾക്കുംവേണ്ടി ശബ്ദിച്ചു. 70 വർഷത്തിലേറെയായി വോട്ടുചെയ്തിട്ട് മതേതരത്വത്തിെൻറ പേരിൽ പ്രവർത്തിക്കുന്ന പാർട്ടികൾ ഒന്നും ചെയ്തില്ല.
? ഉവൈസിയുമായി ചർച്ച നടത്തിയിരുന്നോ?
* മുമ്പ് സംഭാഷണം നടത്തിയിരുന്നു. ഭരണഘടനക്കുള്ളിൽ നിന്നുകൊണ്ട് ഇന്ത്യൻ മുസ്ലിംകളുടെ പ്രശ്നങ്ങൾ നന്നായി അവതരിപ്പിക്കുന്നതാണ് അദ്ദേഹത്തിെൻറ പ്രത്യേകത. അതാണ് വേണ്ടത്.
? കോൺഗ്രസിനൊപ്പം പ്രവർത്തിച്ച അസദ് മദനി മുതൽ കുടുംബത്തിൽനിന്നുള്ളവർ പാർലമെന്റിൽ വരെ എത്തിയിട്ടും വ്യതിചലനം എന്തുകൊണ്ടാണ്?
* എെൻറ പിതാവാണ് ജംഇയ്യതുൽ ഉലമായേ ഹിന്ദ് അഖിലേന്ത്യ പ്രസിഡന്റായിരുന്ന മൗലാന അസദ് മദനി. നാലു പ്രാവശ്യം കോൺഗ്രസ് അദ്ദേഹത്തെ രാജ്യസഭയിൽ എത്തിച്ചിട്ടുണ്ട്. അന്ന് മുസ്ലിം ലീഗിനെയും പാകിസ്താൻ വിഭജനത്തെയും എതിർത്താണ് കോൺഗ്രസിനൊപ്പം അസദ് മദനി നിന്നത്. പാകിസ്താനിൽ പോകുകയായിരുന്ന മുസ്ലിംകളെ ഈ രാജ്യം നമ്മുടേതാണെന്നു പറഞ്ഞ് തടഞ്ഞുനിർത്തുകയായിരുന്നു എെൻറ പിതാവ്. അംബേദ്കറിെൻറ നേതൃത്വത്തിൽ ഭരണഘടന ഉണ്ടാക്കിയത് എല്ലാ ജാതി മതവിഭാഗങ്ങളെയും ഒരുപോലെ പരിഗണിച്ചായിരുന്നു. എന്നാൽ, ന്യൂനപക്ഷങ്ങൾക്ക് അത് തടയുകയാണിപ്പോൾ.
? ജംഇയ്യത് ഉലമായേ ഹിന്ദിന് ഈ തീരുമാനത്തിലോ കൂടിയാലോചനയിലോ പങ്കുണ്ടോ?
*ഇല്ല. എന്നാൽ, നല്ല സ്ഥാനാർഥികളെ ഉവൈസി നിർത്തിയാൽ പിന്തുണക്കുമെന്ന് മൗലാന മഹ്മൂദ് മദനി പറഞ്ഞിട്ടുണ്ട്.
? മുസ്ലിംകൾ ഭൂരിഭാഗവും സമാജ്വാദി പാർട്ടിക്ക് വോട്ടുചെയ്യുമെന്ന് പറയുന്ന ദയൂബന്ദിൽ മത്സരം എങ്ങനെയുണ്ട്? പ്രതീക്ഷയുണ്ടോ?
* ഒന്നേകാൽ ലക്ഷം മുസ്ലിം വോട്ടർമാരുള്ള മണ്ഡലത്തിൽ എസ്.പിക്ക് മുസ്ലിം സ്ഥാനാർഥിയില്ല. ജാട്ട് സ്ഥാനാർഥിയാണുള്ളത്. ഉമൈറിന് ആദ്യ തെരഞ്ഞെടുപ്പാണ്. ജയിക്കാം, തോൽക്കാം. തോറ്റാൽ അത് തോൽവിയായി കാണാനാവില്ല. ആദർശത്തിെൻറ പേരിൽ എത്ര വോട്ടുകൾ പിടിക്കുമെന്ന് നോക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.