ജാട്ട് ഹൃദയഭൂമിയിൽ അമിത് ഷായുടെ തന്ത്രം ഫലിക്കുമോ?
text_fieldsജാട്ടുകളുടെ ഹൃദയഭൂമിയായ പടിഞ്ഞാറൻ യു.പിയിൽ അവരുടെ വോട്ട് ബാങ്ക് അടർത്താനുള്ള അമിത് ഷായുടെ തന്ത്രം ഫലം കാണുമോ?
ഒന്നാം ഘട്ട പ്രചാരണത്തിന് ചൊവ്വാഴ്ച തിരശ്ശീല വീണ യു.പിയിൽ മുഴങ്ങുന്നത് ഈ ചോദ്യമാണ്. മുസഫർ നഗർ കലാപാനന്തരം കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി സ്വന്തം പക്ഷത്ത് നിർത്തിയ ജാട്ട് വോട്ടുകൾ കർഷക സമരത്തെത്തുടർന്ന് കുത്തിയൊലിച്ചു പോകുമോ എന്ന ആധിയിൽ സർവതന്ത്രങ്ങളും പയറ്റുകയാണ് അമിത് ഷാ. പടിഞ്ഞാറൻ യു.പിയിലെ ജാട്ടുകളുടെ സ്വന്തം പാർട്ടിയായ രാഷ്ട്രീയ ലോക് ദൾ വോട്ട് തിരിച്ചു പിടിക്കുകയും അവർ സഖ്യം ചേർന്ന സമാജ് വാദി പാർട്ടിക്കൊപ്പം മുസ്ലിംകളിൽ ഭൂരിപക്ഷം നിലകൊള്ളുകയും ചെയ്താൽ യു.പി ഭരണം തന്നെ നഷ്ടപ്പെടുമെന്ന തിരിച്ചറിവിലാണ് അമിത് ഷായുടെ കളി. ജയന്ത് ചൗധരിയെ ബി.ജെ.പി മുന്നണിയിലേക്ക് ക്ഷണിച്ചും കൈരാനയിലെ ഹിന്ദു കോളനിയിൽ പോയി പ്രചാരണം നടത്തിയും ജാട്ടുകളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനും ജാതി ബോധത്തിൽ നിന്ന് ഹിന്ദു ഏകീകരണത്തിലേക്ക് അവരെ എത്തിക്കാനുമാണ് അമിത് ഷാ ശ്രമിച്ചത്.
ആർ.എൽ.ഡിയുടെ മുസ്ലിം സ്ഥാനാർഥിയും ബി.ജെ.പിയുടെ ജാട്ട് സ്ഥാനാർഥിയും നേരിട്ട് കടുത്ത മത്സരം നടക്കുന്ന ബാഗ്പത് മണ്ഡലത്തിലെ രണ്ടിലും പെടാത്ത സഞ്ജയ് ചൗഹാൻ പറഞ്ഞത് ജാട്ടുകൾ പാലം വലിച്ചില്ലെങ്കിൽ നവാബ് അഹ്മദ് ഹമീദ് ജയിക്കും എന്നാണ്. ബി.ജെ.പിയുടെ ജാട്ട് സ്ഥാനാർഥിയെ വിട്ട് അങ്ങനെ വോട്ടു ചെയ്യുമോ എന്നറിയാൻ ഫലം വരും വരെ കാത്തിരിക്കണമെന്നും ചൗഹാൻ പറയുന്നു. ബാഗ്പതിൽ നിന്ന് ജാട്ടുകൾ തമ്മിൽ ഏറ്റുമുട്ടുന്ന ബഡോതിലെത്തുമ്പോൾ ഈ സംശയം ജാട്ടുകൾക്കില്ല. ജാട്ടുകളുടെ വോട്ട് ആർ.എൽ.ഡിക്കും മറ്റു ഹിന്ദു സമുദായങ്ങളുടെ വോട്ട് ബി.ജെ.പിയുടെ ജാട്ട് സ്ഥാനാർഥിക്കുമായിരിക്കുമെന്ന് ഇരു വിഭാഗവും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.