യു.പി തെരഞ്ഞെടുപ്പിൽ മകന് സീറ്റ് ലഭിക്കാൻ എം.പി സ്ഥാനം ഒഴിയാം -മായങ്കിന് വേണ്ടി പിടിമുറുക്കി റീത്ത ബഹുഗുണ ജോഷി
text_fieldsലഖ്നോ: ഒരു കുടുംബത്തിൽനിന്ന് ഒരാൾക്ക് അവസരം എന്ന നിബന്ധന വെക്കുകയാണെങ്കിൽ മകനുവേണ്ടി ലോക്സഭാ അംഗത്വം രാജിവെക്കാൻ തയാറാണെന്ന് എം.പിയും യു.പിയിലെ മുതിർന്ന ബി.ജെ.പി നേതാവുമായ റീത്ത ബഹുഗുണ ജോഷി. യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ മകൻ മായങ്ക് ജോഷിക്ക് സീറ്റ് നൽകണമെന്നാണ് റീത്തയുടെ ആവശ്യം.
അലഹാബാദിൽ നിന്നുള്ള ലോക്സഭ എം.പിയാണ് റീത്ത ബഹുഗുണ ജോഷി. യു.പി തെരഞ്ഞെടുപ്പിൽ ലഖ്നോ കന്റോൺമെന്റ് സീറ്റിൽനിന്ന് മായങ്ക് ജോഷിയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റീത്ത ബി.ജെ.പി തലവൻ ജെ.പി. നഡ്ഡക്ക് കത്തെഴുതുകയും ചെയ്തു.
2009 മുതൽ മകൻ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നു. ലഖ്നോ കന്റോൺമെന്റ് സീറ്റ് അവന് അവകാശപ്പെട്ടതാണ്. പക്ഷേ ഒരു കുടുംബത്തിലെ ഒരാൾക്കാണ് പാർട്ടി ടിക്കറ്റ് നൽകുവെന്നാണ് തീരുമാനമെങ്കിൽ, മായങ്കിന് സീറ്റ് ലഭിക്കാൻ താൻ ലോക്സഭാംഗത്വം രാജിവെക്കാൻ തയാറാണെന്ന് റീത്ത ബഹുഗുണ ജോഷി മാധ്യമങ്ങളോട് പറഞ്ഞു.
ഈ നിർദേശം മുന്നോട്ടുവെച്ച് ജെ.പി. നഡ്ഡക്ക് കത്തെഴുതിയിട്ടുണ്ട്. എങ്കിലും പാർട്ടിയിൽ പ്രവർത്തിക്കുന്നത് തുടരും. പാർട്ടിക്ക് നിർദേശം സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വർഷങ്ങൾക്ക് മുമ്പ് താൻ തീരുമാനിച്ചിട്ടുണ്ടെന്നും റീത്ത ബഹുഗുണ ജോഷി പറയുന്നു.
ഏഴുഘട്ടങ്ങളായാണ് 403 നിയമസഭ മണ്ഡലങ്ങളുള്ള യു.പിയിലെ തെരഞ്ഞെടുപ്പ്. ഫെബ്രുവരി പത്തിന് ആരംഭിച്ച് മാർച്ച് ഏഴിന് അവസാനിക്കും. മാർച്ച് 10ന് വോട്ടെണ്ണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.