'അവർ ജിന്നയുടെ ആരാധകരാണ്, പാകിസ്താനാണ് പ്രിയപ്പെട്ട രാജ്യം' അഖിലേഷിനെതിരെ വർഗീയ പ്രസ്താവനയുമായി ആദിത്യനാഥ്
text_fieldsലക്നോ: തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ തന്‍റെ മുഖ്യ എതിരാളിയായ അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാർട്ടിയെ 'ജിന്നയുടെ ആരാധകർ' എന്ന് വിളിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാകിസ്താനെ പിന്തുണക്കുന്നവരാണ് അവരെന്നും ആദിത്യനാഥ് ട്വിറ്ററിൽ എഴുതിയ കുറിപ്പിൽ ആരോപിച്ചു.
'അവർ ജിന്നയുടെ ആരാധകരാണ്. ഞങ്ങൾ സർദാർ പട്ടേലിന്‍റെ ആരാധകർ. പാകിസ്താനാണ് അവരുടെ പ്രയിപ്പെട്ട രാജ്യം. ഞങ്ങൾ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കുന്നവരാണ്.' - യോഗി ട്വിറ്ററിൽ കുറിച്ചു.
ഉത്തർപ്രദേശിൽ രണ്ടാംതവണയും ബി.ജെ.പിയെ അധികാരത്തിക്കാൻ വോട്ടർമാർക്കിടയിൽ ആഴത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന പ്രസ്താവനകളാണ് യോഗി നടത്തിക്കൊണ്ടിരിക്കുന്നത്. എങ്ങനെയും തെരഞ്ഞെടുപ്പ് ജയിക്കാനുള്ള തീരുമാനത്തിലാണ് ബി.ജെ.പി.
ആഴ്ചകൾക്ക് മുൻപ് 80/20 എന്ന വിവാദമായ പ്രസ്താവന യോഗി ആദിത്യനാഥ് നടത്തിയിരുന്നു. ഹിന്ദു വോട്ടർമാരുടേയും മുസ്ലിം വോട്ടർമാരുടേയും അനുപാതമാണ് ഇത് സൂചിപ്പിക്കുന്നത്. 80 ശതമാനം വോട്ടർമാരും ബി.ജെ.പിക്കൊപ്പമാണെന്നും യോഗി അവകാശപ്പെട്ടു.
ഈയാഴ്ചയിൽ തന്നെ മറ്റൊരു വിവാദമായ പ്രസ്താവനയും യോഗി നടത്തിയിരുന്നു. 'മുൻപ് ഗാസിയാബാദിൽ ഹജ് ഹൗസുകളായിരുന്നു നിർമിക്കപ്പെട്ടിരുന്നത്. എന്നാൽ നമ്മുടെ സർക്കാർ കൈലാസ് മാനസരോവർ ഭവൻ നിർമിച്ചു.' - അദ്ദേഹം പറഞ്ഞു. ഏഴുഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുക. ഗാസിയാബാദിൽ ഫെബ്രുവരി 10നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.