റൈഫിൾ, റിവോൾവർ, സ്വർണകമ്മൽ, ദുദ്രാക്ഷം പതിച്ച സ്വർണമാല... 1.54 കോടിയുടെ സ്വത്ത് വിവരം വെളിപ്പെടുത്തി യോഗി
text_fieldsലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ഗൊരഖ്പൂർ മണ്ഡലത്തിൽനിന്ന് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ച് യോഗി ആദിത്യനാഥ്. കേന്ദ്രമന്ത്രി അമിത് ഷാക്കൊപ്പം കലക്ടറേറ്റ് ഓഫിസിലെത്തിയാണ് പത്രിക സമർപ്പിച്ചത്. ഇരുവരും തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയും ചെയ്തു.
തനിക്ക് 1.54 കോടി രൂപയുടെ (1,54,94,054) സ്വത്തുക്കളുണ്ടെന്ന് യോഗിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. ഇതിൽ ആറോളം ബാങ്ക് അക്കൗണ്ടിലുള്ളതും കൈയിലുള്ളതുമായ പണം ഉൾപ്പെടും. സാംസങ്ങിന്റെ 12,000 രൂപയുടെ ഫോണാണ് ഉപയോഗിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഒ
രു ലക്ഷം രൂപ ചെലവാക്കി വാങ്ങിയ റിവോൾവറും 80,000 രൂപക്ക് വാങ്ങിയ റൈഫിളും യോഗിയുടെ കൈയിലുള്ളതായി പറയുന്നു. കൂടാതെ വാങ്ങുമ്പോൾ 49,000 രൂപയുണ്ടായിരുന്ന 20 ഗ്രാമിന്റെ സ്വർണ കമ്മൽ, വാങ്ങുമ്പോൾ 20,000 രൂപയുണ്ടായിരുന്ന രുദ്രാക്ഷം പതിച്ച 10 ഗ്രാമിന്റെ സ്വർണമാല എന്നിവയും കൈവശമുള്ളതായി സത്യവാങ്മൂലത്തിൽ പറയുന്നു.
2020-21 സാമ്പത്തിക വർഷത്തിൽ 13,20,653 രൂപയാണ് വരുമാനം. 2019-20 കാലയളവിൽ 15,68,799രൂപയും 2018-19ൽ 18,27,639 രൂപയും 2017-18ൽ 14,38,670 രൂപയുമാണ് വരുമാനമെന്ന് കണക്കുകളിൽ പറയുന്നു. തനിക്കെതിരെ ക്രിമിനൽ കേസുകളൊന്നും നിലവിലില്ലെന്നും യോഗി പറയുന്നു.
കാർഷിക ഭൂമിയോ മറ്റിതര ഭൂമിയോ പേരിലില്ല. മറ്റു ബാധ്യതകളുമില്ല. തന്റെ പേരിൽ വാഹനങ്ങളൊന്നുമില്ലെന്നും യോഗി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
നാമനിർദേശ പത്രിക സമർപ്പിച്ചശേഷം യോഗി ആദിത്യനാഥ് മീററ്റ്, ഗാസിയാബാദ്, അലിഗഡ്, ഹപുർ, നോയിഡ തുടങ്ങിയ മണ്ഡലങ്ങളിൽ വിർച്വൽ റാലി സംഘടിപ്പിച്ചിരുന്നു. ഫെബ്രവരി ആറിന് ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കുമെന്ന് യോഗി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.