Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightUttar Pradeshchevron_rightരണ്ടാം നിയോഗവുമായി...

രണ്ടാം നിയോഗവുമായി യോഗി

text_fields
bookmark_border
Yogi Adityanath
cancel

ഉത്തർപ്രദേശ് മുഖ്യമന്ത്രി കസേരയിൽ രണ്ടാമതും കയറി ഇരിക്കുകയാണ് ആ കാഷായ വേഷധാരി. യോഗി ആദിത്യനാഥ് എന്ന ബി.ജെ.പിയുടെ യാശാശ്വം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രി കസേരയിലെത്തിയ സജീവ മതനേതാവ് ആയ യോഗി, രണ്ടാമൂഴ​ത്തിലൂടെ ഭാരതീയ ജനത പാർട്ടിയുടെ തേരോട്ടം ഏത് ദിശയിലേക്കാണെന്ന വ്യക്തമായ സൂചനയാണ് നൽകുന്നത്. രണ്ട്​ പാർലമെന്‍റംഗങ്ങൾ മാത്രമുണ്ടായിരുന്ന ബി.ജെ.പിയെ രാജ്യഭരണം കൈയാളാനുതകുന്നത്ര വലുതാക്കിയ ഉത്തർപ്രദേശിലെ മണ്ണിൽ ഹിന്ദുത്വ ദേശീയവാദ സംഘടനയുടെ വേരുറപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചാണ് യോഗി വീണ്ടും മുഖ്യമന്ത്രി കസേരയിൽ കയറിയിരിക്കുന്നത്.

ബി.ജെ.പി​ ഭരണത്തിലേറിയ 1998ലെ പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവം പ്രായം കുറഞ്ഞ അംഗം എന്ന നിലയിലാണ് യോഗി ആദിത്യനാഥ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. യു.പിയിലെ ഗോരഖ്​പൂർ ​ലോക്​സഭ മണ്ഡലത്തിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെടുമ്പോൾ 26 വയസ്സായിരുന്നു ആദിത്യനാഥിന്. 19 വർഷങ്ങൾക്ക്​ ശേഷം 2017ൽ യു.പിയുടെ മുഖ്യമന്ത്രിയായി ആദിത്യനാഥ് അധികാരമേറ്റു. അഞ്ച് വർഷം കൂടി പിന്നിടു​മ്പോൾ ഇതാ രണ്ടാമൂഴവും.

മോദി തരംഗം ആഞ്ഞടിച്ച 2017ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പോലും പ്രഖ്യാപിക്കാതെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. 403ല്‍ 325 സീറ്റ് നേടി ബി.ജെ.പി അധികാരത്തിലെത്തിയപ്പോൾ അപ്രതീക്ഷിതമായാണ് യോഗി ആദിത്യനാഥിലേക്ക് മുഖ്യമന്ത്രി സ്ഥാനമെത്തിയത്. എന്നാല്‍, ഇത്തവണ എല്ലാമെല്ലാം യോഗി ആദിത്യനാഥായിരുന്നു. കഴിഞ്ഞ തവണത്തേക്കാൾ 60ലധികം സീറ്റുകൾ കുറഞ്ഞെങ്കിലും തുടർഭരണത്തിന്റെ തിളക്കത്തിൽ അതെല്ലാം മറക്ക​പ്പെട്ടിരിക്കുകയാണ്.

ആര്‍.എല്‍.ഡിയോട് കൂട്ടുകൂടിയും പിന്നാക്ക വോട്ടുകളും ജാട്ട് സമുദായ വോട്ടുകളും ഒപ്പം ചേർത്തും വിശാല സഖ്യത്തിലൂടെ ഭരണം പിടിക്കാമെന്ന എസ്.പിയുടെയും അഖിലേഷ് യാദവിന്റെയും പ്രതീക്ഷകളാണ് യോഗി തകത്തത്. സ്വാമി പ്രസാദ് മൗര്യ അടക്കം മൂന്നു മന്ത്രിമാര്‍ രാജി​വെച്ചതും പടിഞ്ഞാറന്‍ യു.പിയില്‍ കര്‍ഷക സംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധവുമൊക്കെ മറികടന്നാണ് യോഗിയുടെ വിജയം.

'സായുധ സന്യാസി'

അജയ്​ സിങ്​ ഭിഷ്​ട് എന്നാണ് യോഗി ആദിത്യനാഥിന്റെ യഥാർഥ പേര്. ഉത്തരാഖണ്ഡിൽ ജനിച്ച അജയ്​ സിങ്​ ഭിഷ്​ട്​ ഗോരഖ്​പൂരിലെ ഗോരഖ്​നാഥ്​ മഠത്തിൽ ചേർന്ന ശേഷമാണ്​ പേരുമാറ്റിയത്​. 22-ാം വയസിൽ ഗണിതശാസ്​ത്ര ബിരുദം നേടിയ ശേഷമാണ്​​ മഠത്തിലെത്തിയത്​. അജയ്​ സന്യാസം സ്വീകരിച്ച ശേഷം അച്​ഛ​ന്‍റെ പേരിന്‍റെ സ്​ഥാനത്ത്​ ആത്​മീയ ഗുരുവും മഠാധിപതിയുമായ മഹർഷി അവൈദ്യനാഥിന്‍റെ പേര്​ ചേർക്കുകയായിരുന്നു. മഠത്തിന്‍റെ ആദ്യകാല പാരമ്പര്യത്തിൽ നിന്ന്​ മാറി ഗോരഖ്​പൂരിനെ ഹിന്ദുത്വ രാഷ്​ട്രീയത്തി​ന്‍റെ മുഖ്യകേന്ദ്രമാക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ചവരിൽ ഒരാളാണ് അവൈദ്യനാഥ്. നാലുതവണ ഗോരഖ്​പൂരിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെട്ട അവൈദ്യനാഥ്​ രാമജന്മഭൂമി പ്രസ്​ഥാനത്തിലെ ഒരു മുഖ്യകഥാപാത്രമാണ്​.

ആദിത്യനാഥ്​ മഠത്തിലെത്തി​ അഞ്ചു വർഷമായപ്പോഴേക്ക്​ അവൈദ്യനാഥ്​ സജീവ രാഷ്​ട്രീയത്തിൽ നിന്ന്​ വിരമിച്ചു. ആദിത്യനാഥിനെ തന്‍റെ പിൻഗാമിയും 1998ലെ പൊതുതെരഞ്ഞെടുപ്പിൽ ഗോരഖ്​പൂരിൽ നിന്നുള്ള സ്​ഥാനാർഥിയുമായി പ്രഖ്യാപിച്ചു. രണ്ടായിരത്തിലേറെ മുസ്​ലിംകളുടെ ജീവനെടുത്ത 2002ലെ ഗുജറാത്ത്​ വംശഹത്യ നടന്ന്​ രണ്ടു മാസം കഴിഞ്ഞ വേളയിൽ ആദിത്യനാഥി​ന്‍റെ നേതൃത്വത്തിൽ ഹിന്ദു യുവവാഹിനി (എച്ച്​.വൈ.വി) എന്ന സായുധ ഹിന്ദുത്വ സംഘടന രംഗത്ത്​ വന്നു. ഹിന്ദുരാഷ്​ട്രം എന്ന ലക്ഷ്യം മുൻനിർത്തി ബി.ജെ.പിക്കെതിരെപ്പോലും ഇടക്ക്​ സ്​ഥാനാർഥികളെ ഇറക്കിയിരുന്നു അവർ. ​ഗോ സംരക്ഷണം, ക്രൈസ്​തവരെയും മുസ്​ലിംക​ളെയും ഹിന്ദുമതത്തിലേക്ക്​ തിരിച്ചു കൊണ്ടുവരാൻ ഘർവാപ്​സി, ലൗജിഹാദിനെ ചെറുക്കൽ എന്നിവയായിരുന്നു അജണ്ടകൾ. പശുവിനെ അറുത്തുവെന്നാരോപിച്ച്​ മുസ്​ലിംകൾക്ക്​ മേൽ കടന്നുകയറ്റം നടത്തി, ഹിന്ദു-മുസ്​ലിം ദമ്പതികളെ വേർപെടുത്തി, ഹിന്ദുക്ക​ളെ മതംമാറ്റുന്നുവെന്ന്​ പ്രചരിപ്പിച്ച്​ ചർച്ചുകളിൽ കയറി ഭീകരത അഴിച്ചുവിട്ടുമൊക്കെയാണ് 'യോഗിക്കൂട്ടം' യു.പിയുടെ മണ്ണിൽ ഹിന്ദുത്വത്തിന് വേരുറപ്പിച്ചത്.

1998 മുതൽ 2017 വരെ അഞ്ചു തവണ തുടർച്ചയായി ആദിത്യനാഥ്​ ഗോരഖ്​പൂരിൽ നിന്ന്​ എം.പിയായി. അതിനിടയിൽ എങ്ങനെവേണം ഒരു സമ​ഗ്രാധിപത്യ ഹിന്ദുരാഷ്​ട്രം എന്നതുസംബന്ധിച്ച ചട്ടക്കൂടിനും രൂപം നൽകിയിരുന്നു. ബഹുസ്വര സംസ്​കാരത്തോട്​ തരിമ്പ്​ സഹിഷ്​ണുതയില്ലാത്ത, പൗരാവകാശങ്ങളെ പേർത്തും ഉല്ലംഘിക്കുന്ന, രാഷ്​ട്രീയ എതിരാളികളെ അടിച്ചമർത്തുന്ന ഒരിടമായി യു.പി മാറി. ഗോരഖ്​പൂർ നിരവധി വർഗീയ ലഹളകൾക്ക്​ വേദിയായത് ഈ കാലയളവിലാണ്. പൊലീസ്​ സ്​റ്റേഷനുകളിലെല്ലാം ഹൈന്ദവ ക്ഷേത്രങ്ങൾ നിർമിച്ചതും ഉർദുവിലുള്ള സ്​ഥലനാമങ്ങൾ ഹിന്ദിയിലാക്കിയതുമെല്ലാം യോഗിയുടെ നേതൃത്വത്തിലാണ്. മിയാ ബസാർ മായാ ബസാറും ഉർദു ബസാർ ഹിന്ദി ബസാറും അലി നഗർ ആര്യ നഗറുമായി മാറി. 2005ൽ ഇറ്റാവയിൽ 1800 ക്രൈസ്​തവരെ ഹിന്ദുമതത്തിലേക്ക്​ പരിവർത്തിപ്പിക്കുന്ന പരിപാടിക്ക്​ നേതൃത്വം നൽകിയതും മറ്റാരുമായിരുന്നില്ല.

ആദിത്യനാഥ് മഠത്തിനെ ഒരു സമാന്തര അധികാര വ്യവസ്​ഥയായി മാറ്റുന്നതാണ് യു.പിയിൽ കണ്ടത്. ഭരണകൂടത്തിൽ നിന്നും ബാഹ്യമായുമുള്ള എന്തു പ്രശ്​നങ്ങളും പരിഹരിക്കുന്നതിന്​ ആളുകൾക്ക്​ സഹായം നൽകാൻ തുടങ്ങി. 2017 മാർച്ചിൽ മുഖ്യമ​ന്ത്രിപദമേൽക്കു​മ്പോൾ ആദിത്യനാഥിനെതിരെ വിദ്വേഷ ഭാഷണം, കൊലപാതകശ്രമം,വർഗീയ അതിക്രമത്തിന്​ ആഹ്വാനം ചെയ്യൽ എന്നിവയുൾപ്പെടെ 15 ഗുരുതര ക്രിമിനൽ കേസുകളുണ്ടായിരുന്നു. അധികാരമേറിയ ശേഷം തനിക്കെതിയായ കേസുകളെല്ലാം സ്വയമേവ എഴുതിത്തള്ളി. അമിത ബല​പ്രയോഗത്തിന്​ ശിക്ഷിക്കപ്പെടുകയല്ല, അതിന്‍റെ പേരിൽ അദ്ദേഹം പ്രകീർത്തിക്കപ്പെടുകയാണുണ്ടായതെന്നത് വേറേ കാര്യം.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു സജീവ മതനേതാവ്​ മുഖ്യമന്ത്രി സ്​ഥാനത്തേക്ക്​ എത്തിപ്പെട്ടപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ്​, സംസ്​ഥാന സെക്രട്ടറിയേറ്റ്​, പൊതു കെട്ടിടങ്ങൾ, പൊലീസ്​ സ്​​റ്റേഷനുകൾ, ബസുകൾ, റോഡ്​ ഡിവൈഡറുകൾ, ടോൾ പ്ലാസകൾ തുടങ്ങി സർക്കാർ ഓഫീസുകളിലെ കർട്ടനുകൾ, ടവലുകൾ മാത്രമല്ല, സർക്കാർ സ്​കൂൾ വിദ്യാർഥികൾക്ക്​ നൽകുന്ന ബാഗുകൾ വരെ കാവി നിറമായി മാറി. യു.പിയിലെ പൊതു ഇടങ്ങളും സർക്കാർ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം കാവിമയമാക്കുക വഴി ഭരണകൂടവും മതവും തമ്മിലെ വ്യത്യാസം നേർപ്പിച്ചെടുക്കുകയായിരുന്നു യോഗി. സമ്പൂർണ ഹിന്ദുത്വം സമസ്​ത മേഖലയിലും അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായി ആദിത്യനാഥ്​, സ്വാഭാവികമായും ബഹുസ്വരതയുടെ കടുത്ത എതിരാളിയായും മാറി. 2008ൽ യു.പിയിലെ സിദ്ധാർഥനഗറിൽ ഹിന്ദു യുവ വാഹിനി സംഘടിപ്പിച്ച വിരാട്​ ഹിന്ദുചേതനാ റാലിയിൽ സംസാരിക്കവെ ഹിന്ദു- മുസ്​ലിം സംസ്​കാരങ്ങൾക്ക്​ ഒരുവിധേനയും സഹവർത്തിത്തം സാധ്യമല്ലെന്നും ഒരു മത യുദ്ധം അനിവാര്യമാണെന്നുമാണ്​ യോഗി പ്രഖ്യാപിച്ചത്​. ആദിത്യനാഥിന്‍റെ ഔദ്യോഗിക വെബ്​സൈറ്റിലുള്ള 'ഹിന്ദുക്കൾ അപകടത്തിൽ', 'ഇസ്​ലാമിക ഭീകരതയെ കരുതിയിരിക്കുക' തുടങ്ങി പല ലേഖനങ്ങളും ഇസ്​ലാംഭീതി വളർത്തുന്നവയാണ്​.

വിവാദങ്ങൾ തടയിടാത്ത അശ്വമേധം

സൂപ്പർതാരം ഷാരൂഖിനോട് പാകിസ്താനിലേക്ക് പോകാൻ ആഹ്വാനം ചെയ്തത് മുതൽ ഏറ്റവുമൊടുവിൽ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കേരളത്തെ അവഹേളിച്ചുവരെ വിവാദങ്ങളിൽ ഉൾ​പ്പെട്ടിട്ടുണ്ട് യോഗി ആദിത്യനാഥ്. ​പക്ഷേ, അവക്കൊന്നും യോഗിയുടെ അശ്വമേധത്തെ തടയാൻ കഴിഞ്ഞില്ലയെന്നത് ഹിന്ദുത്വ മുന്നണിക്ക് ആശ്വാസവും മറ്റുള്ളവർക്ക് ആശങ്കയുമേകുന്നു. താനൊരു അഭിമാനിയായ ഹിന്ദുവാണെന്ന് യു.പി അസംബ്ലിയിൽ പരസ്യമായി പ്രഖ്യാപിച്ച യോഗി സർക്കാർ 18 മാസം അധികാരം പൂർത്തിയാക്കിയപ്പോൾ തന്നെ​ 160 പേർക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തി 'നിലപാട്' വ്യക്തമാക്കിയിരുന്നു.

മുസ്​ലിംകൾക്കെതിരെ ഗോവധം ആരോപിച്ചുള്ള കേസുകൾ, യു.പി പൊലീസിന്റെ 'ഏറ്റുമുട്ടൽ' കൊലകൾ, സോൻഭദ്ര ജില്ലയിലെ ആദിവാസി കൂട്ടക്കൊല, സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ, ഹാഥ്​റസ് ഇരയെ സംസ്​ഥാന സർക്കാർ ബലാൽക്കാരമായി ദഹിപ്പിച്ചത്, ഡോ. കഫീൽഖാൻ വിഷയം, കര്‍ഷക സമരം, ലഖീംപുര്‍ ഖേരി എന്നീ വിവാദങ്ങളൊക്കെ ഗുണകരമാകുമെന്ന് എതിരാളികൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. യു.പിയിൽ ബി.ജെ.പിക്ക് ഭരണത്തുടർച്ച കൊടുക്കലായിരുന്നു യോഗിയുടെ നിയോഗം. 35 വര്‍ഷത്തിന് ശേഷമാണ് യു.പിയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഭരണത്തുടര്‍ച്ച നേടുന്നതെന്ന് ഓർക്കണം.

2017ൽ മോദി തരംഗമാണ് യു.പിയിൽ ബി.ജെ.പിക്ക് അനുകൂലമായതെങ്കിൽ ഇത്തവണ യോഗിയുടെ പ്രഭാവം തന്നെയാണ് തുണയായതെന്ന് നിസ്സംശയം പറയാം. ഇത് ബി.​ജെ.പിയിൽ യോഗിയുടെ രാഷ്ട്രീയ ഗ്രാഫ് ഉയർത്തിയിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ഉയര്‍ന്ന നരേന്ദ്ര മോദിയുടെ പിന്‍ഗാമിയായി യോഗിയെ ചിത്രീകരിച്ച് തുടങ്ങിയിട്ടുണ്ട് ദേശീയ മാധ്യമങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assembly Election 2022
News Summary - Yogi Adityanath the king maker in UP
Next Story