യു.പി തെരഞ്ഞെടുപ്പ്; യോഗി ആദിത്യനാഥ് ഗൊരഖ്പൂരിൽനിന്ന് മത്സരിക്കും
text_fieldsന്യൂഡൽഹി: യു.പി നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പിയും ബി.എസ്.പിയും ആദ്യ സ്ഥാനാർഥി പട്ടിക പുറത്തിറക്കി. രാമക്ഷേത്രം നിർമിച്ചുവരുന്ന അയോധ്യയിൽ മത്സരിക്കാനുള്ള നീക്കം മാറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വന്തം തട്ടകമായ ഗോരഖ്പുർ-അർബനിൽ ജനവിധി തേടും. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രയാഗ്രാജിലെ സിരതുവിൽ. ആദ്യ പട്ടികയിൽ 20 സിറ്റിങ് എം.എൽ.എമാർക്ക് ബി.ജെ.പി സീറ്റ് നിഷേധിച്ചു.
2017 വരെ അഞ്ചു വട്ടം ആദിത്യനാഥ് പ്രതിനിധാനംചെയ്ത ലോക്സഭ മണ്ഡലമാണ് ഗോരഖ്പുർ. ഗോരഖ്നാഥ് മഠാധിപതിയുമാണ് അദ്ദേഹം. പുതിയൊരു മണ്ഡലത്തിൽ പരീക്ഷണത്തിനിറങ്ങാതെ ഗോരഖ്പുരിൽത്തന്നെ മത്സരിക്കട്ടെയെന്ന നിലപാടാണ് ദേശീയ നേതൃത്വം എടുത്തത്. മുഖ്യമന്ത്രിയെ അയോധ്യയിൽ മത്സരിപ്പിച്ച് ഹിന്ദുത്വ പ്രചാരണം കൊഴുപ്പിക്കാമെന്ന കാഴ്ചപ്പാടാണ് പലരും മുന്നോട്ടു വെച്ചത്. എന്നാൽ, രാമക്ഷേത്ര നിർമാണത്തിന് ചുക്കാൻപിടിച്ച് അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർന്നുവരാൻ ശ്രമിക്കുന്ന യോഗിക്കു നേരെ മോദി-അമിത് ഷാമാരുടെ കത്രിക പ്രയോഗമാണ് നടന്നതെന്നാണ് നിരീക്ഷകർ പറയുന്നത്.
ഉത്തർപ്രദേശിൽ കൂടുതൽ സീറ്റുകളിൽ വിജയിച്ച് ബി.ജെ.പി അധികാരത്തിൽ തുടരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഗോരഖ്പുരിൽ മത്സരിക്കാൻ അവസരം ഒരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുതിർന്ന നേതാക്കൾക്കും നന്ദി പറയാൻ വാർത്തലേഖകരെ കണ്ടതാണ് അദ്ദേഹം. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നതാണ് വിജയത്തിനുള്ള മൂലമന്ത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് മൂന്നിനാണ് മുഖ്യമന്ത്രി മത്സരിക്കുന്ന മണ്ഡലത്തിൽ വോട്ടെടുപ്പ്. ഇതാദ്യമായാണ് യോഗി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ ചേർന്ന് തെരഞ്ഞെടുക്കുന്ന എം.എൽ.സി ആയാണ് യോഗിയുടെ നിലവിലെ നിയമസഭാംഗത്വം.
പാർട്ടി ഉന്നത നേതൃത്വമാണ് മുഖ്യമന്ത്രി മത്സരിക്കുന്ന സീറ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തതെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. മറ്റു 105 സീറ്റുകളിലേക്കു കൂടിയുള്ളതാണ് ബി.ജെ.പിയുടെ ആദ്യ സ്ഥാനാർഥി പട്ടിക. ഇതിൽ 83 സീറ്റിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. ഈ എം.എൽ.എമാരിൽ 63 പേർക്കു മാത്രമാണ് വീണ്ടും ടിക്കറ്റ് നൽകിയത്. മൂന്നു മന്ത്രിമാരുടെ രാജിയിലേക്ക് എത്തിയ പിന്നാക്ക വിഭാഗ പ്രതിഷേധത്തിനിടയിൽ, 107ൽ 44 സീറ്റ് ഒ.ബി.സിക്കാർക്ക് നൽകിയിട്ടുണ്ട്. 19 പേർ പട്ടിക ജാതിക്കാരാണ്. 10 പേർ മാത്രം വനിതകൾ. യു.പിയിൽ ആകെ 403 നിയമസഭ സീറ്റുകളാണുള്ളത്. ആദ്യഘട്ട പോളിങ് ഫെബ്രുവരി 10നാണ്.
ആദ്യഘട്ടത്തിലെ 53ൽ 53 സീറ്റിലെ സ്ഥാനാർഥികളെയാണ് ബി.എസ്.പി പ്രഖ്യാപിച്ചത്. മറ്റുള്ളവരെ രണ്ടു ദിവസത്തിനകം നിശ്ചയിക്കുമെന്ന് പാർട്ടി നേതാവ് മായാവതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.