യോഗി നേരിടുന്നത് ആഴം അളക്കാത്ത ജനരോഷം, അമർഷം, ആധി; മനസ്സുതുറക്കാൻ മടിച്ച് വോട്ടർമാർ
text_fieldsനിസ്സംശയം തോറ്റുപോകുന്ന വിധം കടുത്ത ജനരോഷത്തിന് നടുവിലാണ് യോഗി ആദിത്യനാഥ് സർക്കാർ. അതിനിടയിലും യു.പി തെരഞ്ഞെടുപ്പിൽ കടന്നു കൂടാൻ ബി.ജെ.പിക്ക് കഴിഞ്ഞാൽ, അത് രണ്ടു കാര്യങ്ങൾ കൊണ്ടു മാത്രം. ഒന്ന്, വർഗീയമായി ഭിന്നിപ്പിക്കുന്നതിൽ നേടുന്ന ജയം. രണ്ട്, പ്രതിപക്ഷ വോട്ട് പലവഴി ചിതറിക്കുന്ന വിധം പ്രതിപക്ഷ പാർട്ടികൾ വെവ്വേറെ നടത്തുന്ന ശക്തി പരീക്ഷണം.
ബി.ജെ.പി തോൽക്കുമോ, സമാജ് വാദി പാർട്ടി ജയിക്കുമോ എന്ന് ഉറപ്പിക്കാനാവാത്ത വലിയ പങ്ക് വോട്ടർമാരാകട്ടെ, നിലവിലെ അടിച്ചമർത്തൽ ഭരണരീതിയുടെ സാഹചര്യങ്ങൾക്കിടയിൽ അമർഷവും ആധിയുമുള്ള മനസ്സുതുറക്കാൻ തന്നെ മടിക്കുന്നു.
ജനം ഭയക്കുന്ന അടിച്ചമർത്തൽ ഭരണത്തെക്കുറിച്ച് റിട്ട. ഐ.ജി എസ്.ആർ. ധാരാപുരി ആധികാരികമായ കണക്കുകൾ നിരത്തി പറഞ്ഞു: യോഗിയുടെ ഭരണകാലത്ത് യു.പി പൊലീസ് നടത്തിയത് 8,742 ഏറ്റുമുട്ടലുകളാണെങ്കിൽ, അതിൽ 99.9 ശതമാനവും വ്യാജമാണ്. ഇതിൽ കൊല്ലപ്പെട്ട 146 പേരിൽ അധികവും മുസ്ലിംകളാണ്. ബാക്കിയുള്ളവർ ഒ.ബി.സിക്കാരോ ദലിതരോ ആണ്.
അടിച്ചൊതുക്കലിന്റെ ഭാഗമായി 8,225 പേരെ അറസ്റ്റു ചെയ്തതിൽ നല്ലൊരു പങ്ക് ഇന്നും ജയിലിൽ തന്നെ. ദേശസുരക്ഷ നിയമ (എൻ.എസ്.എ) പ്രകാരം പൊലീസ് രജിസ്റ്റർ ചെയ്ത 120 കേസുകളിൽ 94ഉം കോടതി തള്ളിക്കളയുകയായിരുന്നു. ഇപ്പോഴത്തെ സർക്കാറിന്റെ കാലത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ചത് 24 പേരാണെങ്കിൽ, ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ഉണ്ടായ 1295 മരണങ്ങളിൽ ജയിൽ കൊലയും ഉൾപ്പെടും. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം 2017ൽ 8990ഉം 2018ൽ 8908ഉം 2019ൽ 5714ഉം പ്രാദേശികമായ ചെറു കലാപക്കേ സുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ഇത് ന്യൂനപക്ഷ-ദലിത് വിഭാഗങ്ങളെ ആസൂത്രിതമായി ഒതുക്കുന്ന തന്ത്രം കൂടിയായിരുന്നു. ദലിതർക്കു നേരെ നടക്കുന്ന അതിക്രമ സംഭവങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഇന്ന് യു.പിയാണ്. പൗരത്വ നിയമഭേദഗതിക്കെതിരായ 2019ലെ പ്രക്ഷോഭത്തിനിടയിൽ പൊലീസ് നടപടി മൂലം കൊല്ലപ്പെട്ടത് 23 പേരാണ്. 350 എഫ്.ഐ.ആറുകളിലൂടെ കുറ്റാരോപിതരായവർ ആയിരങ്ങളാണ്.
അറസ്റ്റു ചെയ്തവർക്ക് തുടക്കത്തിൽ ജാമ്യം നിഷേധിച്ചു. പൊതുമുതൽ നശിപ്പിച്ചെന്ന് ആരോപിച്ച് നിരവധി പേരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി തുടങ്ങിയത് അന്യായമാണെന്ന് ചൂണ്ടിക്കാട്ടി, 355 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടൽ ഉത്തരവുകൾ കൂട്ടത്തോടെ സുപ്രീംകോടതി റദ്ദാക്കിയത് അടുത്തിടെയാണ്. ഇതുപോലെ നടന്ന പ്രധാന ദേശീയ പ്രക്ഷോഭങ്ങളിലൊന്നായ കർഷക സമരം യു.പി പൊലീസ് നേരിട്ട രീതിയുടെ ദുരന്ത പ്രതീകമാണിന്ന് ലഖിംപുർ ഖേരി. അതേസമയം, സാമൂഹിക പ്രവർത്തകനായ ഡോ. കഫീൽഖാൻ, മാധ്യമ പ്രവർത്തകനായ സിദ്ദീഖ് കാപ്പൻ തുടങ്ങി നിരവധി പേർ ഭരണകൂട വേട്ടയാടലിന്റെ ഇരകളായി തുടരുന്നു. കോവിഡ്, ലോക്ഡൗൺ സാഹചര്യങ്ങൾ യോഗി സർക്കാർ കൈകാര്യം ചെയ്തതിലെ പിഴവുകൾ അന്താരാഷ്ട്ര തലത്തിൽ തന്നെ വിമർശന വിധേയമായി.
പ്രത്യേക ഗുണ്ട നിയമം കൊണ്ടു വന്നതും വ്യാജ ഏറ്റുമുട്ടലുകളിലൂടെ ഗുണ്ട വാഴ്ചക്ക് അറുതി വരുത്തിയതും യോഗിയുടെ നേട്ടമായി അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ഒരു കൂട്ടം ഗുണ്ടകൾ ഇല്ലാതായപ്പോൾ, പുതിയ ഭരണത്തിന്റെ തണലിൽ കൂടുതൽ ഗുണ്ടകൾ പിറക്കുകയാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടുകയാണ് മഗ്സസെ അവാർഡ് ജേതാവായ സന്ദീപ് പാണ്ഡെ. അടിച്ചമർത്തൽ ഭരണ രീതിയിൽ സന്തുഷ്ടി പ്രകടിപ്പിക്കുന്ന യോഗിഭക്തരുണ്ടെങ്കിലും, ഇത്തരം തേർവാഴ്ചക്കു മുന്നിൽ ഭയാശങ്ക വർധിച്ച് നിശ്ശബ്ദരായവരാണ് അധികവും. ബി.ജെ.പിക്കുള്ളിൽ യോഗി ആദിത്യനാഥിനെതിരെ പുകഞ്ഞു നിൽക്കുന്ന പ്രശ്നങ്ങൾ വേറെയുണ്ട്.
തെരഞ്ഞെടുപ്പു കാലത്ത്, മാർച്ച് 31 വരെ സൗജന്യ റേഷൻ നൽകുന്നതാണ് പാവപ്പെട്ടവരുടെ വോട്ട് സ്വാധീനിക്കുന്ന പ്രധാന ഭരണനടപടി. ഹൈവേകൾ നന്നാക്കിയത് മറ്റൊന്ന്. അതേസമയം വൈദ്യുതിയുടെ ഉയർന്ന ചാർജ്, യുവാക്കളുടെ തൊഴിലില്ലായ്മ, കരിമ്പു കർഷകർക്ക് കൊടുത്തു തീർക്കാനുള്ള കുടിശ്ശിക, ഗോതമ്പിന്റെയും നെല്ലിന്റെയും താങ്ങുവില പ്രശ്നം തുടങ്ങി ജനകീയ വിഷയങ്ങൾ അവഗണിക്കുന്നതിലെ അമർഷം ശക്തം.
വികസന വീഴ്ചകൾ പല പ്രതിപക്ഷ പാർട്ടികളായി ഉയർത്തിക്കാണിക്കുന്നതു മൂലം പ്രതിരോധത്തിലായ സർക്കാർ, നിരവധി പുതിയ വാഗ്ദാനങ്ങളുമായി മുഴുപ്പേജ് പരസ്യങ്ങൾ തുടർച്ചയായി നൽകി വരുകയാണ്. മുഴുസമയ വൈദ്യുതി, പാവപ്പെട്ടവർക്കായി അന്നപൂർണ മാതൃകയിൽ ഹോട്ടലുകൾ, പെൺകുട്ടികൾക്ക് സ്കൂട്ടി, 60 കഴിഞ്ഞ സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര, യഥാസമയം കർഷകർക്ക് കരിമ്പിന്റെ വില, കാലി സംരക്ഷണത്തിന് 600 രൂപ വീതം എന്നിങ്ങനെ നീളുന്നതാണ് പരസ്യത്തിലെ വാഗ്ദാനങ്ങൾ. അഞ്ചു വർഷമായി നടപ്പാക്കാത്ത കാര്യങ്ങൾ ഇപ്പോൾ മുന്നോട്ടു വെക്കുന്നത് വിഭജന അജണ്ടകൾ ഏശാത്തതു കൊണ്ടാണെന്ന് സന്ദീപ് പാണ്ഡെ നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.