രസം, കൗതുകം ഈ പോര്; കോട്ദ്വാറിൽ റിതു; ഹരിദ്വാർ റൂറലിൽ അനുപമ
text_fieldsഡറാഡൂൺ: ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിലെ ഏറ്റവും കൗതുകം നിറഞ്ഞ മത്സരവേദിയായിരിക്കുകയാണ് കോട്ദ്വാറും ഹരിദ്വാർ റൂറലും. രണ്ടിടത്തും മാറ്റുരക്കുന്നത് മുൻ മുഖ്യമന്ത്രിമാരുടെ പെൺമക്കൾ. അതും പിതാക്കന്മാരെ കഴിഞ്ഞതവണ തോൽപിച്ചവർക്കെതിരെയാണ് ഇവരുടെ പോര്. ആ തോൽവിക്ക് മക്കൾ മധുരപ്രതികാരം വീട്ടുമോ എന്നതാണ് കണ്ടറിയേണ്ട കൗതുകം.
സംസ്ഥാന രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവും ബി.ജെ.പി മുൻ മുഖ്യമന്ത്രിയുമായ ഭുവൻ ചന്ദ്ര ഖണ്ഡൂരി എന്ന ബി.സി. ഖണ്ഡൂരിയുടെ മകൾ റിതു ഖണ്ഡൂരി ഭൂഷൺ കോട്ദ്വാറിൽ രംഗം കൊഴുപ്പിക്കുമ്പോൾ മുൻ മുഖ്യമന്ത്രിയും സംസ്ഥാനത്ത് കോൺഗ്രസിന് പകരക്കാരനില്ലാത്ത നേതാവുമായ ഹരീഷ് റാവത്തിന്റെ മകൾ അനുപമ റാവത്ത് ആണ് ഹരിദ്വാർ റൂറലിൽ ആവേശം നിറക്കുന്നത്. ബി.സി. ഖണ്ഡൂരി 2012ൽ കോട്ദ്വാറിൽ തോറ്റെങ്കിൽ 2017ലാണ് ഹരീഷ് റാവത്ത് ഹരിദ്വാർ റൂറലിൽ പരാജയപ്പെട്ടത്. രണ്ടുപേരും മുഖ്യമന്ത്രിമാരായിരിക്കുമ്പോഴായിരുന്നു മത്സരത്തിനിറങ്ങിയത്. കോൺഗ്രസിലെ സുരേന്ദ്ര സിങ് നേഗി 2012ൽ ഖണ്ഡൂരിയെ തോൽപിച്ചപ്പോൾ 2017ൽ സ്വാമി യതീശ്വരാനന്ദിനോടാണ് റാവത്ത് പരാജയം സമ്മതിച്ചത്. ഇതേ സ്ഥാനാർഥികൾ തന്നെയാണ് ഇത്തവണ രണ്ടു പെൺമക്കൾക്കെതിരെയും രംഗത്തുള്ളത് എന്നതാണ് മത്സരവീര്യമേറ്റുന്നത്. സുരേന്ദ്ര സിങ് നേഗി റിതു ഖണ്ഡൂരി ഭൂഷണെ നേരിടുമ്പോൾ ഹരിദ്വാർ റൂറലിൽ സ്വാമി യതീശ്വരാനന്ദ് അനുപമ റാവത്തിനോട് ഏറ്റുമുട്ടുന്നു. റിതു ഭൂഷൺ 2017ൽ കന്നി മത്സരത്തിൽ യമകേശ്വർ മണ്ഡലത്തിൽനിന്നും വിജയിച്ചിട്ടുണ്ട്. കോട്ദ്വാർ മുൻ എം.എൽ.എയും റാവത്ത് സർക്കാറിൽ മന്ത്രിയുമായിരുന്ന എതിരാളി നേഗി കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. അനുപമ റാവത്തിനാകട്ടെ ഹരിദ്വാർ റൂറലിൽ മത്സരം കടുകട്ടിയാണ്. രണ്ടുവട്ടം എം.എൽ.എയും ഇപ്പോൾ ബി.ജെ.പി നയിക്കുന്ന പുഷ്കർ സിങ് ധാമി സർക്കാറിൽ കാബിനറ്റ് മന്ത്രിയുമായ യതീശ്വരാനന്ദാണ് എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.