'യു.പിയിൽ എല്ലാ'മുണ്ടെന്ന് തെര. ഗാനവുമായി എം.പി; കോവിഡും ബലാത്സംഗവുമുണ്ടെന്ന മറുപടി ഗാനവുമായി പാട്ടുകാരി -വൈറൽ
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ യോഗി ആദിത്യനാഥ് സർക്കാറിനും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമർശന ഗാനവുമായി ഭോജ്പൂരി പാട്ടുകാരി നേഹ സിങ് റാത്തോഡ്. 'യു.പി മേ കാ ബാ' (യു.പിയിൽ എന്താണുള്ളത് എന്നു തുടങ്ങുന്ന ഗാനം ട്വിറ്ററിലും യു ട്യൂബിലും പങ്കുവെച്ചു. ഉടൻതന്നെ ഇവ വൈറലാകുകയും ചെയ്തു.
ബി.ജെ.പി പാർലമെന്റ് അംഗം രവി കിഷൻ 'യു.പി മേ സബ് ബാ'(യു.പിയിൽ എല്ലാമുണ്ട്) എന്ന തെരഞ്ഞെടുപ്പ് ഗാനം പുറത്തുവിട്ടതിന് പിന്നാലെയാണ് നേഹയുടെ ഗാനം. കോവിഡ് മഹാമാരി, ലഖിംപൂർ ഖേരി അക്രമം, ഹാഥറസ് ബലാത്സംഗം തുടങ്ങിയവ ഗാനത്തിൽ വിഷയങ്ങളാകുന്നുണ്ട്.
ശനിയാഴ്ച രവി കിഷൻ യോഗിയെയും ബി.ജെ.പിയെയും പുകഴ്ത്തി ഗാനം പുറത്തിറക്കിയിരുന്നു. 'ഇത് യോഗിയുടെ സർക്കാറാണ്. വികസനമുണ്ട്, റോഡുണ്ട്, കുറ്റവാളികൾ ജയിലിലുണ്ട്, കോവിഡില്ല, എല്ലായിടത്തും വൈദ്യുതിയുണ്ട് -യു.പിയിൽ എല്ലാമുണ്ട്' -എന്നു തുടങ്ങുന്നതാണ് രവി കിഷന്റെ ഗാനം. ഇതിനുമറുപടിയായാണ് നേഹയുടെ ഗാനം.
'കോവിഡ് ലക്ഷങ്ങളെ കൊന്നു, ഗംഗ മൃതദേഹങ്ങൾകൊണ്ട് നിറഞ്ഞു. യു.പിയിൽ എന്താണ് നടക്കുന്നത്. മന്ത്രിയുടെ മകൻ കാറോടിച്ച് കർഷകരെ കൊല്ലുന്നു, ചൗകിദാർ ആരാണ് ഇതിന് ഉത്തരവാദി' ഇങ്ങനെപോകുന്നു നേഹയുടെ വരികൾ. ജീവിതത്തോട് ഭയം തോന്നുന്നുവെന്നും പക്ഷേ ബി.ജെ.പിയും സർക്കാറും ഇപ്പോഴും അഹംഭാവം കൊണ്ടുനടക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പാട്ടിന്റെ അവസാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.