ഉത്തരാഖണ്ഡിൽ കേവലഭൂരിപക്ഷം കടന്ന് ബി.ജെ.പി; മുഖ്യമന്ത്രി ധാമി പിന്നിൽ, ഹരീഷ് റാവത്തിന് കനത്ത തിരിച്ചടി
text_fieldsഡെറാഡൂൺ: കോൺഗ്രസ് കടുത്ത മത്സരം കാഴ്ചവെക്കുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിച്ച ഉത്തരാഖണ്ഡിൽ ബി.ജെ.പി മുന്നേറ്റം. 44 സീറ്റുകളിൽ ബി.ജെ.പി മുന്നിട്ടു നിൽക്കുകയാണ്. അതേസമയം, മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പിന്നിലാണ്. 2017ൽ 57 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരത്തിലേറിയത്.
ഏറ്റവും പുതിയ ഫലസൂചനകൾ പ്രകാരം 22 സീറ്റിലാണ് കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നത്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് ലാൽകുവ മണ്ഡലത്തിൽ ഏറെ പിന്നിലാണ്. 10,994 വോട്ടിന് മുന്നിലുള്ള ബി.ജെ.പിയുടെ മോഹൻ സിങ് ബിഷ്ട് ഇവിടെ വിജയം ഉറപ്പിച്ചുകഴിഞ്ഞു.
മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ ഖാട്ടിമ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഭുവൻ ചന്ദ്ര കാപ്രിയാണ് മുന്നിൽ. പുതിയ ഫലസൂചനകൾ പ്രകാരം എതിരാളിയുടെ ഭൂരിപക്ഷം 1068 വോട്ടുകളായി കുറക്കാൻ ധാമിക്ക് കഴിഞ്ഞിട്ടുണ്ട്.
രണ്ട് സീറ്റിൽ ബി.എസ്.പി മുന്നിലാണ്. മറ്റുള്ളവരും രണ്ട് സീറ്റിൽ മുന്നിട്ടു നിൽക്കുന്നു.
ബി.ജെ.പിക്കുള്ളിലെ കലുഷിത സാഹചര്യം മുതലെടുക്കാമെന്നായിരുന്നു കോൺഗ്രസ് പ്രതീക്ഷ. അഞ്ച് വർഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെയാണ് സംസ്ഥാനത്ത് ബി.ജെ.പി അവതരിപ്പിച്ചത്. ആദ്യം ത്രിവേന്ദ്ര സിങ് റാവത്തും രണ്ടാമത് തീരഥ് സിങ് റാവത്തുമായിരുന്നു മുഖ്യമന്ത്രി സ്ഥാനത്ത്. മൂന്നാമതായി വന്ന പുഷ്കർ സിങ് ധാമി തുടർഭരണമുണ്ടാകുമെന്ന പ്രതീക്ഷയാണ് പുലർത്തിയത്.
കോൺഗ്രസ് 48 സീറ്റ് നേടി അധികാരത്തിൽ തിരിച്ചെത്തുമെന്നായിരുന്നു ഹരീഷ് റാവത്ത് പ്രതീക്ഷ പുലർത്തിയിരുന്നത്. കടുത്ത മത്സരത്തിൽ ബി.ജെ.പി അധികാരം നിലനിർത്തുമെന്നായിരുന്നു എക്സിറ്റ് പോളുകൾ പ്രവചിച്ചത്. എന്നാൽ, എക്സിറ്റ് പോളുകൾ പ്രവചിച്ചതിനേക്കാൾ അനായാസമുള്ള വിജയത്തിലേക്കാണ് ഉത്തരാഖണ്ഡിൽ ബി.ജെ.പി നീങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.