ഉത്തരാഖണ്ഡിൽ കുടുംബവാഴ്ച: 30 ശതമാനം സീറ്റിലും സ്ഥാനാർഥികൾ രാഷ്ട്രീയ കുടുംബങ്ങളിൽനിന്ന്
text_fieldsഡറാഡൂൺ: തനിക്കുശേഷം പ്രളയം എന്നല്ല, അടുത്ത കുടുംബാംഗങ്ങൾ എന്നാണ് ഉത്തരാഖണ്ഡിലെ രാഷ്ട്രീയക്കാർ വിളംബരം ചെയ്യുന്നത്. ഇവിടുത്തെ 30 ശതമാനം സീറ്റിലും സ്ഥാനാർഥികൾ കുടുംബ രാഷ്ട്രീയ പിന്തുടർച്ചക്കാരായത് ഈ മനോഭാവംകൊണ്ടാണ്. ഹിമാലയൻ സംസ്ഥാനത്തെ 70 നിയമസഭ സീറ്റുകളിൽ 20 എണ്ണത്തിലും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ മക്കളോ കുടുംബാംഗങ്ങളോ സ്ഥാനാർഥികളാണ്. കോൺഗ്രസും ബി.ജെ.പിയും കുടുംബവാഴ്ച രാഷ്ട്രീയത്തിന് പിന്നാലെയാണ്.
രാഷ്ട്രീയ കുടുംബ പശ്ചാത്തലമുള്ള 10 പേർക്ക് കോൺഗ്രസും എട്ടുപേർക്ക് ബി.ജെ.പിയും ടിക്കറ്റ് നൽകിയപ്പോൾ സമാജ്വാദി പാർട്ടി ഒരാളെയാണ് ഉൾപ്പെടുത്തിയത്.
ഈ ഗണത്തിൽ കോൺഗ്രസ് പട്ടികയിൽ ഏറ്റവും പുതുതായി വരുന്നത് മുൻ മന്ത്രി ഹരക് സിങ് റാവത്തിന്റെ മരുമകൾ അനുകൃതി ഗുസൈനാണ്. മിസ് ഇന്ത്യ മുൻ മത്സരാർഥിയാണ് അനുക്രിതി. ലാൻസ്ഡൗണിൽനിന്നാണ് അവർ ജനവിധി തേടുന്നത്. അവിടെ പ്രധാന എതിരാളി മറ്റൊരു കുടുംബ രാഷ്ട്രീയ പിന്തുടർച്ചക്കാരനാണ്. മുൻ എം.എൽ.എ ഭരത് സിങ് റാവത്തിന്റെ മകൻ ദിലീപ് സിങ്ങാണ് ബി.ജെ.പി സ്ഥാനാർഥി.
മുൻ പ്രതിപക്ഷ നേതാവ് അന്തരിച്ച ഇന്ദിര ഹൃദയേഷിന്റെ മകൻ സുമിത് ഹൽദ്വാനിയിൽ കോൺഗ്രസ് സ്ഥാനാർഥിയാണ്. മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ മകൾ അനുപമ റാവത്ത് കോൺഗ്രസിനുവേണ്ടി പടക്കളത്തിലുണ്ട്. കഴിഞ്ഞ തവണ ഹരീഷ് റാവത്ത് പരാജയപ്പെട്ട ഹരിദ്വാർ (റൂറൽ) ആണ് മണ്ഡലം. കുടുംബവാഴ്ചയെ തള്ളി, വർഷങ്ങളായി മണ്ഡലത്തിലുള്ള പ്രവർത്തനത്തിനും പ്രതിബദ്ധതക്കുമാണ് അനുപമക്ക് ടിക്കറ്റ് നൽകിയതെന്ന് കോൺഗ്രസ് ഉത്തരാഖണ്ഡ് ചുമതലയുള്ള ദേവേന്ദർ യാദവ് പറഞ്ഞു.
മുൻ ഗതാഗത മന്ത്രി യശ്പാൽ ആര്യയുടെ മകൻ സഞ്ജീവാണ് നൈനിറ്റാളിൽ കോൺഗ്രസ് സ്ഥാനാർഥി. രണ്ടു തവണ എം.പിയായ കെ.സി. സിങ് ബാബയുടെ മകൻ നരേന്ദ്ര സിങ്ങാണ് കാശിപൂരിൽ കോൺഗ്രസിനുവേണ്ടി മത്സരരംഗത്തുള്ളത്. കഴിഞ്ഞില്ല, മുൻ മന്ത്രി സുരേന്ദ്ര രാകേഷിന്റെ വിധവ മംമ്ത ഭഗവാൻപൂരിൽ ജനവിധി തേടുന്നു.
ഇക്കാര്യത്തിൽ വേറിട്ട ചിന്ത ബി.ജെ.പിയിലുമില്ല. വിവാദനായകനായ കുൻവർ പ്രണവ് സിങ് ചാമ്പ്യൻ എം.എൽ.എയെ ഇക്കുറി മാറ്റിനിർത്തിയ ബി.ജെ.പി ഭാര്യ ദേവയാനി സിങ്ങിനെ ഖാൻപൂരിൽ സ്ഥാനാർഥിയാക്കി. ഹർബൻസ് സിങ് ചീമക്ക് സ്ഥാനം പോയെങ്കിലും മകൻ ത്രിലോകിനെ കാശിപൂരിന്റെ ജനഹിതം അറിയാൻ നിയോഗിച്ചു. മുൻ മുഖ്യമന്ത്രി ബി.സി. ഖണ്ഡൂരിയുടെ മകൾ റിതുവാണ് ഈ ഗണത്തിലെ മറ്റൊരാൾ. കോട്വാർ സീറ്റിലാണ് മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ മകൻ സൗരഭ് സിതാർഗഞ്ച് മണ്ഡലം സ്ഥാനാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.