യു.പിയിൽ അഖിലേഷിന് പിന്തുണയുമായി തൃണമൂലും; മമത ബാനർജി പ്രചാരണത്തിനിറങ്ങും
text_fieldsകൊൽക്കത്ത: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയും. യു.പി തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മത്സരിക്കുന്നില്ല. അതിനാൽ മമത സമാജ്‍വാദി പാർട്ടിക്ക് വേണ്ടി പ്രചാരണത്തിന് രംഗത്തിറങ്ങുമെന്ന് എസ്.പി ഉപാധ്യക്ഷൻ കിരൺമയി നന്ദ പറഞ്ഞു.
കൊൽക്കത്തയിൽ മമത ബാനർജിയുടെ വസതിയിലെത്തി ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു നന്ദയുടെ പ്രതികരണം. അഖിലേഷിന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ മമതയെ യു.പിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
'തൃണമൂൽ കോൺഗ്രസ് യു.പി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. എന്നാൽ, ബി.ജെ.പിയെ പരാജയപ്പെടുത്താൻ സമാജ്‍വാദി പാർട്ടിക്ക് പിന്തുണ നൽകും. ലഖ്നോവിലും വാരാണസിയിലും അഖിലേഷ് യാദവിന് വേണ്ടി മമത ബാനർജി വിർച്വൽ റാലികൾ സംഘടിപ്പിക്കും. ഫെബ്രുവരി എട്ടിന് അവർ ലഖ്നോവിലെത്തി വിർച്വൽ പ്രചാരണത്തിൽ പങ്കെടുക്കും. തുടർന്ന് അഖിലേഷിനൊപ്പം പത്രസമ്മേളനത്തിലും പങ്കെടുക്കും' -നന്ദ മാധ്യമപ്രവർത്തകരെ അറിയിച്ചു.
ഫെബ്രുവരിയിലാണ് മമതയുടെ വാരാണസി സന്ദർശനം. ഇതിന്റെ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഓൺലൈനായാണ് രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഏഴുഘട്ടങ്ങളിലായാണ് യു.പിയിൽ നിയമസഭ തെരഞ്ഞെടുപ്പ്. ഫെബ്രുവരി 10ന് ആരംഭിച്ച് മാർച്ച് ഏഴിന് അവസാനിക്കും. മാർച്ച് പത്തിനാണ് ഫലപ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.