ഉത്തരാഖണ്ഡിൽ ബി.ജെ.പി മുന്നിൽ; വിട്ടുകൊടുക്കാതെ കോൺഗ്രസ്
text_fieldsഡെറാഡൂൺ: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഉത്തരാഖണ്ഡിൽ 35 സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് ബി.ജെ.പി മുന്നിൽ. 20 സീറ്റുകളിൽ കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നുണ്ട്. 58 സീറ്റിലെ ഫലസൂചനയാണ് പുറത്തുവന്നത്. ആദ്യ ഘട്ടത്തിൽ കോൺഗ്രസ് മുന്നിട്ടു നിന്നിരുന്നു. ഓരോ സീറ്റിൽ വീതം ആം ആദ്മി പാർട്ടിയും ബി.എസ്.പിയും മുന്നിട്ടുനിൽക്കുന്നുണ്ട്.
എക്സിറ്റ് പോളുകൾ ബി.ജെ.പിക്കാണ് മുൻതൂക്കം പ്രഖ്യാപിച്ചതെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഉത്തരാഖണ്ഡിൽ നടക്കുന്നത്. എതിർ കക്ഷികളിലെ പടലപ്പിണക്കത്തിലാണ് ബി.ജെ.പിയും കോൺഗ്രസും ഒരുപോലെ പ്രതീക്ഷ വെക്കുന്നത്. 70 അംഗ നിയമസഭയിൽ 36 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യം.
ബി.ജെ.പിക്കുള്ളിലെ കലുഷിത സാഹചര്യം മുതലെടുക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. അഞ്ച് വർഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെയാണ് സംസ്ഥാനത്ത് ബി.ജെ.പി അവതരിപ്പിച്ചത്. ആദ്യം ത്രിവേന്ദ്ര സിങ് റാവത്തും രണ്ടാമത് തീരഥ് സിങ് റാവത്തുമായിരുന്നു മുഖ്യമന്ത്രി സ്ഥാനത്ത്. മൂന്നാമതായി വന്ന പുഷ്കർ സിങ് ധാമി തുടർഭരണമുണ്ടാകുമെന്ന പ്രതീക്ഷയാണ് പുലർത്തുന്നത്. എന്നാൽ, നിലവിലെ 53 ഭരണകക്ഷി എം.എൽ.എമാരിൽ 14 പേർ കോൺഗ്രസ് വിട്ടുവന്നവരാണ്. ഇവരിൽ പലരും ജയിച്ചാൽ ചാഞ്ചാടുന്നവരാണെന്നത് നീക്കങ്ങൾ കരുതലോടെയാക്കുന്നുണ്ട്.
മുൻ മുഖ്യമന്ത്രി ഹരീഷ് സിങ് റാവത്തിനെ മുന്നിൽ നിർത്തിയാണ് കോൺഗ്രസ് പോരാട്ടം. പാർട്ടിക്കകത്തെ രൂക്ഷമായ ചേരിപ്പോരുകൾക്കിടെയാണ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇരുപാർട്ടികളെയും കൂടാതെ ആം ആദ്മി പാർട്ടിയും മത്സരരംഗത്ത് സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.