കുടുംബാംഗങ്ങൾക്ക് സീറ്റു നൽകണമെന്നാവശ്യം: ഉത്തരാഖണ്ഡ് മന്ത്രി ഹരക് സിങ് റാവത്തിനെ ബി.ജെ.പി പുറത്താക്കി
text_fieldsഡറാഡൂൺ: ഉത്തരാഖണ്ഡ് കാബിനറ്റ് മന്ത്രി ഹരക് സിങ് റാവത്തിനെ ബി.ജെ.പിയിൽനിന്ന് പുറത്താക്കി. നിയമസഭ തെരഞ്ഞെടുപ്പിൽ തന്റെ കുടുംബാംഗങ്ങൾക്ക് സീറ്റു നൽകണമെന്നാവശ്യപ്പെട്ട് നിരന്തര സമ്മർദം ചെലുത്തിയതിന്റെ പേരിലാണ് നടപടിയെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധമി പറഞ്ഞു. മന്ത്രിസഭയിൽനിന്നും റാവത്തിനെ പുറത്താക്കിയിട്ടുണ്ട്. വനം, തൊഴിൽ മന്ത്രിയായിരുന്നു.
ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്. ആറു വർഷത്തേക്കാണ് റാവത്തിനെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയത്. ഇദ്ദേഹം കോൺഗ്രസിൽ ചേരുമെന്ന് അഭ്യൂഹമുണ്ട്. ഹരിദ്വാറിൽ മെഡിക്കൽ കോളജ് അനുവദിച്ചില്ലെങ്കിൽ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് ഈയിടെ റാവത്ത് ഭീഷണി മുഴക്കിയിരുന്നു.
ഉത്തരാഖണ്ഡ് മഹിള കോൺഗ്രസ് അധ്യക്ഷ ബി.ജെ.പിയിൽ
ഉത്തരാഖണ്ഡ് മഹിള കോൺഗ്രസ് അധ്യക്ഷയും നൈനിറ്റാൾ മുൻ എം.എൽ.എയുമായ സരിത ആര്യ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തി. തെരഞ്ഞെടുപ്പ് വേളയിൽ ഇത് കോൺഗ്രസിന് ആഘാതമായി. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ സാന്നിധ്യത്തിൽ ബി.ജെ.പി സംസ്ഥാന സമിതി ഓഫിസിൽ വെച്ചാണ് പാർട്ടിയിൽ ചേർന്നത്. എന്നും വനിതകൾക്കും പാവപ്പെട്ടവർക്കുംവേണ്ടി പൊരുതിയ ആളാണ് ആര്യയെന്ന് ധാമി പറഞ്ഞു.
നൈനിറ്റാളിൽനിന്ന് 2012ൽ ജയിച്ച ആര്യ, 2017ൽ ബി.ജെ.പി സ്ഥാനാർഥി സഞ്ജീവിനോട് തോറ്റു. സഞ്ജീവ് ഇപ്പോൾ കോൺഗ്രസിലാണ്. തന്റെ പിതാവും ദലിത് നേതാവുമായ യശ്പാൽ ആര്യക്കൊപ്പമാണ് സഞ്ജീവ് കഴിഞ്ഞ വർഷം കോൺഗ്രസിൽ എത്തിയത്. ഇത്തവണ നൈനിറ്റാളിൽ സഞ്ജീവ് ആകും കോൺഗ്രസ് സ്ഥാനാർഥിയെന്ന് ഏതാണ്ട് ഉറപ്പാണ്.
സരിത ആര്യയെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗൊഡിയാൽ അറിയിച്ചു. ആറു വർഷത്തേക്കാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.