ഹിമന്ത: അസംതൃപ്തനായ കോൺഗ്രസുകാരൻ ഒടുവിൽ അസമിന്‍റെ ബി.ജെ.പി മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനമായ അസമിന്‍റെ പുതിയ മുഖ്യമന്ത്രിയായി മുതിർന്ന ബി.ജെ.പി നേതാവ് ഹിമന്ത ബിശ്വ ശർമയെ തെരഞ്ഞെടുത്തിരിക്കുകയാണ്. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന്‍റെ ഭാഗമായി നിലവിലെ മുഖ്യമന്ത്രി സർബാനന്ദ സോനോബാൾ രാവിലെ രാജിവെച്ചിരുന്നു. സർബാനന്ദ സോനോബാൾ പങ്കെടുത്ത പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് ഹിമന്ത ബിശ്വ ശർമയുടെ പക്കൽ അസമിന്‍റെ ചെങ്കോലും കിരീടവും എത്തിച്ചേർന്നത്.
കോൺഗ്രസിന്‍റെ തരുൺ ഗൊഗോയ് സർക്കാറിൽ നിന്ന് 2014 ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു ഹിമന്ത രാജിവെച്ചത്. ശേഷം 2015ൽ അദ്ദേഹം കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറുകയായിരുന്നു. അടുത്ത വർഷം നടന്ന തെരഞ്ഞെടുപ്പിൽ തരുൺ ഗൊഗോയ്യുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബി.ജെ.പി സർക്കാർ അധികാരത്തിലേറി.
സർബാനന്ദ സോനോബാൾ അസമിന്‍റെ മുഖ്യമന്ത്രിയായിരുന്നുവെങ്കിലും പാർട്ടിയുടെ എല്ലാമെല്ലാം ഹിമന്തയായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ ട്രബിൾ ഷൂട്ടറായി അറിയപ്പെടുന്ന ഹിമന്ത ആഭ്യന്തര പ്രശ്നങ്ങളിൽ പരിഹാരമുണ്ടാക്കി ദേശീയ നേതൃത്വത്തിന്‍റെതും തൃപ്തി നേടി.
തലമുറമാറ്റത്തിന് കോൺഗ്രസ് തയാറാകാത്തതോടെ കൂടുമാറ്റം
കോൺഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പിയുടെ പ്രഖ്യാപിത അജണ്ട പൂർത്തീകരിക്കാനുള്ള ശ്രമങ്ങൾക്ക് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പരവതാനി ഒരുക്കിയത് ഹിമന്തയായിരുന്നു. ഹിമന്ത പാർട്ടിയിലെത്തിയതോടെയാണ് ഏറെ കാലമായി ക്ലച്ചുപിടിക്കാതിരുന്ന പ്രദേശത്ത് ബി.ജെ.പിക്ക് പിടിവള്ളി ലഭിച്ചത്.
1990 കളിലാണ് ഹിമന്ത കോൺഗ്രസ് പാർട്ടിയിൽ അംഗത്വമെടുക്കുന്നത്. 2001ൽ ജലുക്ബാരി മണ്ഡലത്തിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ എം.എൽ.എയായി. 2006ലും 2011ലും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ കോൺഗ്രസ് ഭരണകാലത്ത് ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ആസൂത്രണം-വികസനം എന്നീ വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തു.
2014 ലോക്സഭ തെരഞ്ഞെടുപ്പിൽ അസമിൽ പാർട്ടി പരാജയപ്പെട്ടതോടെ ഹിമന്ത തരുൺ ഗൊഗോയ്യുടെ നേതൃത്വത്തെ ചോദ്യം ചെയ്തു. അസമിൽ അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കണമെങ്കിൽ തലമുറമാറ്റം വേണമെന്ന് ഹിമന്ത ഹൈകമാന്‍റിനെ അറിയിച്ചു. സോണിയ ഗാന്ധിയും അന്തരിച്ച അഹമദ് പേട്ടലും ഹിമാന്തയെ അടുത്ത മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പും നൽകി.
ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ ഹിമന്തക്കാണെന്ന് മല്ലികാർജുൻ ഖാർഖെ സാക്ഷ്യപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അത്. എന്നാൽ രാഹുൽ ഗാന്ധി ചുവപ്പുകൊടി വീശിയതോടെ ഹിമന്ത പാർട്ടി വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറി. തൊട്ടടുത്ത വർഷം സംസ്ഥാനം ബി.ജെ.പിയുടെ കൈകളിലെത്തി.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ട്രബ്ൾ ഷൂട്ടർ
സോനോവാളിനെ മുൻനിർത്തിയാണ് ബി.ജെ.പി 2016 തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും വിജയത്തിന്‍റെ ക്രെഡിറ്റ് ഹിമന്തക്ക് അവകാശപ്പെട്ടതാണ്. കോൺഗ്രസിന്‍റെ ശക്തിയും ദൗർബല്യവും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും നന്നായി അറിയാവുന്ന ഹിമന്തയുടെ നേതൃമികവിലാണ് ബി.ജെ.പി അസമിൽ ഭരണം പിടിച്ചത്.
സോനോവാളിനെ മുഖ്യമന്ത്രിയാക്കിയെങ്കിലും ബി.ജെ.പി നേതൃത്വം നൽകുന്ന നോർത്ത് ഇൗസ്റ്റ് ഡെമോക്രാറ്റിക് അലയൻസിന്‍റെ (എൻ.ഇ.ഡി.എ) കൺവീനർ സ്ഥാനം ഹിമന്തക്ക് ലഭിച്ചു. 2019 ലോക്സഭ തെരഞ്ഞെടുപ്പിലും പാർട്ടിയെ നയിക്കുന്നതിൽ ഹിമന്ത വിജയിച്ചു. കോവിഡ് മഹാമാരിക്കാലത്തെ പ്രവർത്തനങ്ങളും സി.എ.എ വെല്ലുവിളികളിൽ പതറാതെയും പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ചതോടെയാണ് ഹിമന്തയെ തേടി മുഖ്യമന്ത്രി പദവിയെത്തിയത്.
നിയമസഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 126ൽ 75 സീറ്റ് നേടിയാണ് എൻ.ഡി.എ തുടർഭരണം ഉറപ്പാക്കിയത്. ബി.ജെ.പി 60ഉം അസം ഗണ പരിഷത്ത് (എ.ജി.പി) ഒമ്പതും യുനൈറ്റഡ് പീപ്പിൾസ് പാർട്ടി -ലിബറൽ (യു.പി.പി.എൽ) ആറു സീറ്റുകളിൽ വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.