മണിപ്പൂരിൽ ബിരേൻസിങ് സർക്കാർ; ഉത്തരാഖണ്ഡിലും ഗോവയിലും ഇന്നറിയാം
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലം വന്ന് പത്തുനാൾ പിന്നിട്ടിട്ടും ബി.ജെ.പിക്ക് സർക്കാർ രൂപവത്കരിക്കാനാവാത്ത മൂന്നു സംസ്ഥാനങ്ങളിലൊന്നായ മണിപ്പൂരിൽ പ്രതിസന്ധി അയഞ്ഞു. മണിപ്പൂരിൽ രണ്ടാം തവണയും എൻ. ബിരേൻ സിങ് മുഖ്യമന്ത്രിയായി തുടരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
എന്നാൽ, ഉത്തരാഖണ്ഡിലും ഗോവയിലും അനിശ്ചിതത്വം പൂർണമായി നീങ്ങിയിട്ടില്ല. ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പിൽ തോറ്റ പുഷ്ക്കർ ധാമിക്കാണ് സാധ്യത കൂടുതൽ. ഗോവയിൽ കാവൽ മുഖ്യമന്ത്രി പ്രമോദ് സാവന്തിനുതന്നെ നറുക്ക് വീണേക്കും. പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ ഉത്തരാഖണ്ഡിലെ ബി.ജെ.പി നിയമസഭാംഗങ്ങൾ തിങ്കളാഴ്ച യോഗം ചേരുന്നുണ്ട്. ഗോവയിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം നിയോഗിച്ച നിരീക്ഷകർ ഇന്ന് ഡൽഹിയിലെത്തി നേതൃത്വത്തെ കാണും.
മണിപ്പൂരിൽ മന്ത്രിസഭ രൂപവത്കരിക്കുന്നതിനുള്ള സമയവും തീയതിയും നിശ്ചയിക്കാൻ ബി.ജെ.പി നിയമസഭ കക്ഷി നേതാവെന്ന നിലയിൽ ഗവർണർ ഗണേശൻ ബിരേൻ സിങ്ങിനെ ക്ഷണിച്ചതായി രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 32 എം.എൽ.എമാരുള്ള ബി.ജെ.പി നിയമസഭ കക്ഷി നേതാവായി എൻ. ബീരേൻ സിങ്ങിനെ തെരഞ്ഞെടുത്തതായി കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനും കിരൺ റിജിജുവും പാർട്ടിക്കുവേണ്ടി കത്ത് നൽകിയതിന് തൊട്ടുപിറകെയാണ് ഗവർണറുടെ പ്രസ്താവന വന്നത്. ആറ് അംഗങ്ങളുള്ള ജെ.ഡി.യു, രണ്ട് അംഗങ്ങളുള്ള കുക്കി പീപ്ൾസ് അലയൻസ്, ഒരു സ്വതന്ത്രൻ എന്നിവർ ബി.ജെ.പിക്ക് നിരുപാധിക പിന്തുണയോടെ കത്ത് നൽകി.
ഉത്തരാഖണ്ഡിൽ പാർട്ടി സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം ഇപ്പോഴും തെരഞ്ഞെടുപ്പിൽ തോറ്റ പുഷ്ക്കർ ധാമിയെ മുഖ്യമന്ത്രിയാക്കാൻ ആഗ്രഹിക്കുന്നതാണ് മുഖ്യപ്രതിസന്ധി. എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്ത ശേഷം തിങ്കളാഴ്ച വൈകീട്ട് ബി.ജെ.പി നിയമസഭ കക്ഷി യോഗം ചേരുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ മദൻ കൗശിക് പറഞ്ഞു. 70 അംഗ നിയമസഭയിൽ 47 സീറ്റുകളാണ് ബി.ജെ.പി നേടിയത്.
ഗോവയിൽ പ്രമോദ് സാവന്തും വിശ്വജിത് റാണെയും കച്ചകെട്ടിയിറങ്ങിയതാണ് തിരിച്ചടിയായത്. ബി.ജെ.പി നിരീക്ഷകർ തിങ്കളാഴ്ച ഗോവയിലെത്തുമെന്നും അതിനുശേഷം സത്യപ്രതിജ്ഞ തീരുമാനിക്കുമെന്നും പ്രമോദ് സാവന്ത് പറഞ്ഞു. ഇതിനിടെ, മികച്ച ഭൂരിപക്ഷമുള്ള യു.പിയിലും സർക്കാർ അധികാരമേറ്റിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.