Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightനാലിടത്തും...

നാലിടത്തും സർക്കാറുണ്ടാക്കാൻ ബി.ജെ.പി കരുനീക്കം

text_fields
bookmark_border
cartoon
cancel

ന്യൂഡൽഹി: അഞ്ചു നിയമസഭ തെരഞ്ഞെടുപ്പു ഫലങ്ങൾ വ്യാഴാഴ്ച പുറത്തുവരാനിരിെക്ക, എക്സിറ്റ് പോൾ സൂചനകൾ മുൻനിർത്തി വിവിധ രാഷ്ട്രീയ പാർട്ടികൾ അണിയറനീക്കങ്ങളിൽ. തൂക്കുസഭ പ്രവചിച്ച ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ബി.ജെ.പിയും കോൺഗ്രസും മുതിർന്ന നേതാക്കളെ വിന്യസിച്ചു. അതേസമയം, യു.പിയിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുമെന്ന പ്രവചനം സമാജ്‍വാദി പാർട്ടിയിലും പഞ്ചാബിൽ ഭരണം കൈവിടുമെന്ന സൂചന കോൺഗ്രസിലും നിരാശപടർത്തി.

ഗോവയിൽ കഴിഞ്ഞ തവണ പറ്റിയ പാളിച്ച ഇപ്രാവശ്യം ഉണ്ടാകാതിരിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. മുതിർന്ന നേതാവ് പി. ചിദംബരം അടക്കമുള്ളവർ ഗോവയിൽ എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പു മോഷ്ടാക്കൾ ചുറ്റുമുണ്ടെന്നും ആർക്കാണ് ജനവിധി മോഷ്ടിക്കാൻ കഴിയുകയെന്ന് ബോധ്യമുണ്ടെന്നും ഗോവയിലെത്തിയ ചിദംബരം പ്രതികരിച്ചു.

ഉത്തരാഖണ്ഡിൽ 2016ൽ കോൺഗ്രസ് പിളർത്തിയ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാസ് വിജയവർഗീയ ഏതാനും ദിവസമായി സംസ്ഥാനത്ത് ക്യാമ്പു ചെയ്യുകയാണ്. ഉൾപ്പോരു നിലനിൽക്കുന്നത് കണക്കിലെടുത്ത് സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുമായും മുൻമുഖ്യമന്ത്രി രമേശ് പൊഖ്റിയാൽ നിഷാങ്കുമായും അദ്ദേഹം ചർച്ച നടത്തി. ബി.ജെ.പിയാണ് ഭരിക്കുന്നതെങ്കിലും തൂക്കു സഭക്കുള്ള സാധ്യതയാണ് എക്സിറ്റ് പോൾ പ്രവചിച്ചത്. സ്വന്തം എം.എൽ.എമാരെ ബി.ജെ.പി ചാക്കിടുന്നത് തടയാനുള്ള ശ്രമങ്ങൾക്കായി ഡൽഹിയിൽനിന്ന് കോൺഗ്രസിന്റെ പ്രത്യേക സംഘവും അവിടെ എത്തിയിട്ടുണ്ട്. യു.പിയിൽ കടുത്ത ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടും ബി.ജെ.പി വീണ്ടും അധികാരത്തിൽവരുമെന്ന എക്സിറ്റ് പോൾ പ്രവചനം സമാജ്‍വാദി പാർട്ടിയും മറ്റു പ്രതിപക്ഷ പാർട്ടികളും അവിശ്വസനീയമായാണ് കാണുന്നത്. പശ്ചിമ ബംഗാളിലെ എക്സിറ്റ് പോൾ ഫലം മമത ബാനർജിക്ക് തോൽവി പ്രവചിച്ചെങ്കിലും തൃണമൂൽ കോൺഗ്രസ് തൂത്തുവാരുകയായിരുന്നു. ജനമനസ്സ് വായിക്കുന്നതിൽ എക്സിറ്റ് പോൾ പരാജയപ്പെട്ടുവെന്നാണ് സമാജ്‍വാദി പാർട്ടി വിലയിരുത്തുന്നത്.

അതേസമയം, 403ൽ 312 സീറ്റും പിടിച്ച ബി.ജെ.പിക്ക് മൂന്നിലൊന്ന് സീറ്റ് നഷ്ടപ്പെട്ടാൽ മാത്രമാണ് സമാജ്‍വാദി പാർട്ടിക്ക് അവസരം. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കാണുന്ന ബി.ജെ.പി, ഒറ്റക്ക് കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽപോലും ഭരണം കൈവിട്ടുകൊടുക്കില്ലെന്നാണ് വിലയിരുത്തലുകൾ. അത്തരമൊരു സാഹചര്യത്തിൽ പിളർത്തലും അടർത്തലും പ്രതിപക്ഷനിര പ്രതീക്ഷിക്കുന്നുണ്ട്. യു.പിയിൽ പ്രിയങ്ക ഗാന്ധി ഇറങ്ങിയിട്ടും സീറ്റുനില മെച്ചപ്പെടാത്തത് കോൺഗ്രസിനെക്കുറിച്ച പ്രതീക്ഷകൾക്കും തിരിച്ചടിയാവും.

ഡൽഹിക്കുപുറമെ, 117ൽ 90 വരെ സീറ്റ് നേടി പഞ്ചാബിലും ഭരണം പിടിക്കാൻ സാധിച്ചാൽ ആം ആദ്മി പാർട്ടിക്ക് അത് ചരിത്ര നേട്ടമാണ്. അതേസമയം, മറ്റൊരു പ്രമുഖ സംസ്ഥാനം കൂടി കൈവിട്ട് രാജസ്ഥാൻ, ഛത്തിസ്ഗഢ് എന്നിവിടങ്ങളിൽ മാത്രം അധികാരത്തിലുള്ള പാർട്ടിയായി മാറുന്നത് കോൺഗ്രസിനുണ്ടാക്കുന്ന ആഘാതം വലുതായിരിക്കും. രണ്ടു ഡസനിലേറെ സംസ്ഥാനങ്ങൾ ഭരിച്ച സ്ഥിതിയിൽനിന്നാണ് ഒരു പതിറ്റാണ്ടിനുള്ളിൽ ഈ രൂപമാറ്റം.

കോൺഗ്രസിന്റെ വീഴ്ചകൾ മുതലാക്കി ഡൽഹിക്കും പഞ്ചാബിനും പിന്നാലെ ഗോവയിലും ആപ് സ്വാധീനം വർധിപ്പിക്കുന്നുവെന്നാണ് സൂചനകൾ.ഗോവയിൽ തൂക്കുസഭയെങ്കിൽ അധികാരം പിടിക്കാൻ കോൺഗ്രസിന് ആപിനെ ആശ്രയിക്കേണ്ടിവന്നേക്കാം. മണിപ്പൂരിൽ ബി.ജെ.പി ഏറ്റവും വലിയ കക്ഷിയാകുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assembly Election 2022
News Summary - BJP is plotting to form a government in all four places
Next Story