കോൺഗ്രസ് പ്രശ്നച്ചുഴിയിൽ; അകത്തും പുറത്തും മുറുമുറുപ്പ്
text_fieldsന്യൂഡൽഹി: അഞ്ചു നിയമസഭ തെരഞ്ഞെടുപ്പിലെ തകർച്ചയോടെ കോൺഗ്രസ് പുതിയ പ്രതിസന്ധികളുടെ ചുഴിയിൽ. തിരുത്തൽവാദി നേതാക്കൾ പ്രത്യേക യോഗം നിശ്ചയിച്ച് കലാപക്കൊടി ഉയർത്തി. കോൺഗ്രസിനെ തള്ളിമാറ്റി പ്രതിപക്ഷ ഐക്യത്തിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വീണ്ടും കളത്തിൽ. മാസങ്ങൾക്കകം നടക്കേണ്ട രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കൾ പ്രതിപക്ഷ പൊതുസ്ഥാനാർഥിയാകാൻ സാധ്യത മങ്ങി. ഒടുവിലത്തെ തെരഞ്ഞെടുപ്പു തോൽവിയോടെ ലോക്സഭക്കു പിന്നാലെ ജൂലൈയോടെ രാജ്യസഭയിലെ പ്രതിപക്ഷ നേതൃപദവിയും കോൺഗ്രസിന് നഷ്ടപ്പെട്ടേക്കും.
ഗുലാംനബി ആസാദ്, കപിൽ സിബൽ, ആനന്ദ് ശർമ എന്നിവർ ഗുലാംനബിയുടെ വസതിയിൽ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ ദയനീയ പ്രകടനം ഇവർ ചർച്ച ചെയ്തു. പാർട്ടിയിലെ സമഗ്ര അഴിച്ചുപണി ആവശ്യപ്പെട്ട് നേരത്തേ നേതൃത്വത്തിന് കത്തയച്ച സംഘമാണ് ഫലം വന്ന് മണിക്കൂറുകൾക്കകം വീണ്ടും ഉണർന്നത്. പ്രവർത്തക സമിതിയുടെ ഘടന മാറ്റണം. എ.ഐ.സി.സി സമ്മേളനം അടിയന്തരമായി വിളിച്ചുചേർക്കണം.
തെരഞ്ഞെടുപ്പു തിരിച്ചടിയുടെ ഉത്തരവാദിത്തം ആർക്കെന്ന് നിർണയിക്കണം. സംഘടന തെരഞ്ഞെടുപ്പ് പൂർത്തിയാക്കണം. തീരുമാനമെടുക്കുന്ന രീതി ജനാധിപത്യപരമാകണം -ഈ ആവശ്യങ്ങൾ വീണ്ടും ഉയർത്താനൊരുങ്ങുകയാണ് തിരുത്തൽവാദികൾ. പ്രതിപക്ഷത്തെ നയിക്കാൻ കോൺഗ്രസിനുള്ള അർഹത ചോദ്യംചെയ്താണ് മമത വീണ്ടും രംഗത്തിറങ്ങിയത്. 2024ൽ ബി.ജെ.പിയെ തോൽപിക്കാനുള്ള ഉദ്യമത്തിൽ കോൺഗ്രസിനെ കണക്കിലെടുക്കേണ്ടതില്ലെന്ന് അവർ പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ഐക്യപ്പെടണം. മുമ്പൊക്കെ കോൺഗ്രസിന് സംഘടനാശക്തികൊണ്ട് രാജ്യം പിടിച്ചെടുക്കാൻ കഴിയുമായിരുന്നു. അവർക്കിപ്പോൾ താൽപര്യമേയില്ല. അവരുടെ വിശ്വാസ്യത നഷ്ടപ്പെടുകയുമാണ്. നിരവധി പ്രാദേശിക പാർട്ടികളുണ്ട് രാജ്യത്ത്. ഒന്നിച്ചുനിൽക്കാൻ തീരുമാനമെടുക്കണം -മമത പറഞ്ഞു. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അപ്രധാനമാക്കി പുതിയ അവകാശവാദങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൂടിയാണ് ഇതിനൊപ്പം ഉയർന്നുവരുന്നത്.
സ്വന്തം സ്ഥാനാർഥികളെ ജയിപ്പിക്കാനുള്ള സീറ്റുനില പുതിയ തെരഞ്ഞെടുപ്പോടെ ബി.ജെ.പി ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ, ബി.ജെ.പിയെ നേരിടുന്ന സ്ഥാനാർഥികൾ കോൺഗ്രസിതര പ്രതിപക്ഷ പാർട്ടികളിൽനിന്നായെന്നു വരും. ഇതിനു പുറമെയാണ് രാജ്യസഭാ പ്രതിപക്ഷ നേതൃപദവി നഷ്ടപ്പെടുന്ന സ്ഥിതി. പഞ്ചാബിലെ ഏഴു സീറ്റിലാണ് ഈ വർഷം ഒഴിവുവരുന്നത്. അതിൽ അഞ്ചിലേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് തൂത്തുവാരിയ ആം ആദ്മി പാർട്ടിക്കാണ് സ്വാഭാവികമായും അതു മുഴുവൻ ലഭിക്കുക. ഇതോടെ രാജ്യസഭയിലെ സീറ്റുനിലയിൽ കോൺഗ്രസിന് വരുന്ന കുറവ് പ്രതിപക്ഷ നേതൃപദവി നഷ്ടപ്പെടുത്തും.
'ഗാന്ധിമാരില്ലാത്ത കോൺഗ്രസ് നടപ്പുള്ള കാര്യമല്ല'
ന്യൂഡൽഹി: തലപ്പത്ത് 'ഗാന്ധി'മാരില്ലാത്ത കോൺഗ്രസ് നടപ്പുള്ള കാര്യമല്ലെന്ന് കർണാടക പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാർ. നെഹ്റുകുടുംബമില്ലാതെ ഐക്യത്തോടെ മുന്നോട്ടുപോകാൻ കോൺഗ്രസിന് കഴിയില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ വട്ടപ്പൂജ്യമായതോടെ നേതൃത്വത്തിനെതിരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കടുത്ത പോരാട്ടമാണ് പ്രിയങ്ക ഗാന്ധി യു.പിയിൽ ഏറ്റെടുത്തത്. അത്യധ്വാനം ചെയ്തു. അതിന്റെ ഫലമുണ്ടാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. വോട്ടർമാരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല എന്നതാണ് വിഷയം. ജനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കുന്നില്ല. സാഹചര്യങ്ങൾ വിശദീകരിക്കാൻ ഒരവസരം കിട്ടി. എന്നാൽ പറഞ്ഞു ബോധ്യപ്പെടുത്തുന്നതിൽ തോറ്റുപോയി.
കോൺഗ്രസിൽനിന്ന് കൂടുതൽ പുറംചാട്ടങ്ങൾ ഉണ്ടാകുന്നതിനെ ഭയപ്പെടുന്നില്ല. അധികാരക്കൊതി മൂത്തവർക്ക് പോകാം. സ്വന്തം നേട്ടം കാണുന്നവരാണ് കോൺഗ്രസ് വിട്ടു പോകുന്നത്. പാർട്ടിയിൽ തുടരുന്നവർക്ക് അധികാരക്കൊതി ഇല്ല. കോൺഗ്രസിന്റെ ആശയങ്ങളോടും നെഹ്റുകുടുംബത്തോടും കൂറുള്ളവരായി അവർ തുടരും -ശിവകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.